ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സോഷ്യൽ സ്റ്റഡീസ് പഠിപ്പിക്കുന്ന ജോളി ടീച്ചറിന്റെ കാലിൽ ആണ് ആദ്യമായി കോലാപ്പുരി ചെരുപ്പ് ഞാൻ കാണുന്നത്. ടീച്ചർ നടക്കുമ്പോൾ ഒരു "കിരുകിരു " ശബ്ദം. അന്നത് വല്ലാത്ത കൌതുകം ഉണ്ടാക്കിയിരുന്നു .
അത് ടീച്ചറിന്റെ ഹസ്ബന്റ് ആഗ്രയിൽ നിന്നും കൊണ്ടുവന്നതാണത്രെ .
സ്കൂളിന്റെ സമീപം റോഡ്പണി നടക്കുന്നിടത് നിന്നും ടാർ എടുത്തു ചെരുപ്പിനടിയിൽ തേച്ചു ടീച്ചറിന്റെ നടപ്പിനിടയിലെ "കിരുകിരു " ശബ്ദം
ഞങ്ങളിൽ പലരും അനുകരിച്ചിട്ടുണ്ട് . അത് ബാല്യം.
അന്ന് ഒരു ശനിയാഴച ആയിരുന്നു,
ഓഫീസിൽ നിന്നും ഉച്ചക്കിറങ്ങി .
പനി ആണെങ്ങിൽ നൂറു ഡിഗ്രി.
പുറത്തെ ചൂടും ഏതാണ്ട് അത്ര ഒക്കെ തന്നെ.
ബസ് ഏതാണ്ട് പകുതി വഴിയെത്തിയപ്പോൾ പറയുന്നു എല്ലാവരും ഇവിടെ ഇറങ്ങിക്കോ ,ഇനി വണ്ടികൾ ഒന്നും പോകില്ല , ആക്സിഡന്റ്റ് ഉണ്ടായി ,
യാത്രക്കാരെല്ലാം പതിയെ നടന്നു .
നട്ടുച്ച... സൂര്യൻ ഏതാണ്ട് തിളച്ചു നില്ക്കുന്ന നേരം കൂടി ആയപ്പോൾ പനിയുടെ എനർജി ഒരിതിരികൂടി അധികമായി.
എന്റെ ലക്ഷ്യം എന്റെ ഭര്‍ത്താവിനു ഒരു ജോഡി കോലാപ്പുരി ചെരുപ്പ് വാങ്ങുക എന്നതാണ്, പല കടകളിൽ കയറി, എങ്ങും എനിക്കാവശ്യ മുള്ള ചെരുപ്പില്ല .നടന്നു നടന്നു ഞാൻ ഒരു പരുവമായി. അവസാനം കണ്ട കടയുടെ പേരില്‍ തന്നെ ഒരാകര്‍ഷണം CAT WALK ,
അവിടെ കൂടി നോക്കാം എന്ന് കരുതി. .
അവിടെ ഞാൻ തിരഞ്ഞ കോലാപ്പുരി ഒരു ജോഡി ഉണ്ടായിരുന്നു, ഞാൻ അത് എടുക്കാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ കൂടി അത് ആവശ്യപെട്ട് എത്തി. ഞാൻ അല്ലെ മുൻപേ എത്തീയത് എന്ന് സെയിൽസ് മാൻ പറഞ്ഞു.
ശരിയാണ് ,എന്നാലും .... അവർ വാക്കുകൾ പൂർത്തി യാക്കാതെനിന്നു.
കൂടുതൽ സംസാരം വേണ്ടെന്നു കരുതി ഞാൻ ബിൽ അടച്ചു ,
അയാള്‍ നീട്ടിയ കവറും വാങ്ങി ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.
പിറന്നാൾ ദിനം.
വലിയ സന്തോഷത്തോടെയാണ് ആ കവർ നീട്ടിയത് .
വാങ്ങി നോക്കി, ഞാൻ തന്നെ ആ ചെരുപ്പുകൾ കാലിൽ ഇട്ടു കൊടുത്തു,
ഒരു ചുവടു നടന്നു നോക്കുക പോലും ചെയ്യാതെ ആ ചെരുപ്പ് ഊരി മുറിയുടെ മൂലയിലേക്ക് നീക്കി ഇട്ടു, എനിക്ക് വേണ്ട ,ഇതിട്ടാൽ എനിക്ക് കാലു നോവും ,ഇത് ഫ്ലാറ്റ് ചപ്പൽ ആണ്.
ഇനി ഇതും വേണ്ടേ ....? ചോദ്യം കേട്ടില്ലെന്നു തോന്നി.
കാറിൽ അല്ലെ യാത്ര പിന്നെ എന്താ..?
എന്റെ ചോദ്യം കേൾക്കാതെ അദ്ദേഹം കാറിന്റെ താക്കോൽ എടുത്തു പുറത്തേക്കു നടന്നു .അപ്പോഴും ഞാൻ വാങ്ങിയ ഷർട്ടും മുണ്ടും പൊതി പോലും തുറക്കാതെ മുറിയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
ഞാൻ ആർക്കും വേണ്ടാതെ കിടന്ന കോലാപ്പുരി ചപ്പലും ഷർട്ട് മുണ്ട് അടങ്ങിയ കവറും അലമാരയുടെ കോണിലേക്ക് ചുരുട്ടി വെച്ച് അത് ലോക്ക് ചെയ്തു.
പിറന്നാൾ സദ്യക്കുള്ള പരിപ്പ് കുക്കറിൽ ഇരുന്നു കരിഞ്ഞ മണം. ഇനി എന്ത് പിറന്നാൾ? അതിനുള്ള സദ്യ എങ്ങോ ഒരുങ്ങുന്നുണ്ടായിരുന്നു...
ആമി


