മറന്നു വച്ച മയില്‍പീലി തുണ്ടുപോലെ..?
അതോ മറക്കാന്‍ മനസിനെ പഠിപ്പിക്കുന്നോ ...?
അങ്ങ് ദൂരെ കോട മഞ്ഞു കുഴഞ്ഞ നിശീധിനികളില്‍ ,ഒടുങ്ങാത്ത വര്‍ഷ കാലപെയ്ത്തിലും നിലയ്ക്കാത്ത കാറ്റിലും പെട്ട്, അനന്തതയില്‍... പലപ്പോഴും കൈയെത്തും ദൂരത്തു നീ എത്തിയപ്പോള്‍ ഞാന്‍ കൈക്കലാക്കാന്‍ മോഹിച്ചു.
വിരൽതുമ്പു തൊടുംപോഴേക്കും പറന്നു പോയിട്ടുണ്ടാവും.
വിദൂരതയിലേക്ക് മിഴിനീട്ടുന്ന എന്നെ, സൂര്‍ .. നീ കണ്ടില്ലെന്നു നടിക്കുമ്പോള്‍....
നിന്നെ മറക്കാന്‍ തുടങ്ങുമോയെന്നു ഞാനും ഭയക്കുന്നു...
അതോ നീ അതാണോ ആഗ്രഹിക്കുന്നത് ...?
കാലത്തിന്റെ യവനികക്കപ്പുറം നേരമ്പോക്കുകള്‍ പോലെ തെന്നി മാറി ക്കിടന്ന ചില വിത്തുകള്‍ പുതു മഴപെയ്തില്‍ വ്യാഴവട്ടക്കാലം കാത്തിരിക്കേണ്ട പൂക്കൂടയുടെ മിഴി മനോഹാരിത പേറി മൊട്ടക്കുന്നുകളെ നീലിമ ചാര്‍ത്തിയ നീലക്കുറിഞ്ഞിയെയും, അപൂര്‍വ്വം പോലെ വെള്ളക്കുറിഞ്ഞിയും . കൂവക്കുറിഞ്ഞി നീലിമയുടെ മനോഹാരിതയില്‍ മയങ്ങിയാവും നില്പ്. തനിച്ചായതിനാല്‍ ആണോ വെള്ള ക്കുറിഞ്ഞി നമ്ര മുഖിയായത് ? അറിയില്ല..!
എങ്കിലും കാലമെന്ന കളിത്തോഴന്‍ ചാലിക്കുന്ന ചില വര്‍ണ്ണങ്ങള്‍ക്ക് വിഷാദഛവിയാണ്. വീണ്ടും വീണ്ടും പരാജയം മാത്രം, പരീക്ഷകള്‍ വിജയത്തിന്‍റെതാവാന്‍ മോഹിച്ചു, ഉള്‍ക്കടമായിതന്നെ. പക്ഷേ ......... പരാജയമാകുന്ന പരീക്ഷകള്‍ക്ക് ഒടുവില്‍ വീണ്ടും "തളിര്‍"ക്കുന്നതു ഇരുട്ടുമാത്രമാണ് .
ജുഗല്‍ബന്ദിയും , ധനു മാസതിരുവാതിരയും മനസിനെ കുളിര്‍പ്പിക്കുമെന്ന് കരുതി.
വെറുതെ. ഒന്നുമുണ്ടായില്ല.
സൂര്‍, നിനക്ക് ഞാന്‍ നല്‍കിയിട്ടുള്ള വിഷമങ്ങള്‍ക്ക് ഒരു സീമയില്ല, കടങ്ങള്‍ക്കും കടപ്പാടുകള്‍ക്കും അപ്പുറം അറിയാതെ പോയത്. മനസിനെ കുളിരണിയിച്ച സ്നേഹത്തിന്‍റെ തൂവല്‍ പറന്നുയരുന്നത് ഇനിയും ഏതു ലോകത്തെക്ക്..?
വാക്കുകള്‍ അന്യം നിന്നുപോകുന്ന നേരങ്ങള്‍, ആശ്വസിപ്പിക്കലോ, തലോടലോ ഇല്ലാതെ മുറിവേറ്റ മനസിന്‍റെ " മുറിവി"ലേക്ക് കുത്തി മുറിക്കുന്ന നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു.
ഹോട്ടല്‍ 'കലൈ' യിലെ ചെറു ചൂട് ദംബിരിയാണിയെക്കാള്‍, പുറത്തെ കോരിച്ചൊരിയുന്ന മഴയെന്‍റെ മനസിനെ കുളിര്‍പ്പിച്ചു.
ആദ്യം ചന്നം പിന്നം.
പിന്നെ നിശിത താളത്തില്‍ തിമിര്‍ത്തു പെയ്യുമ്പോള്‍ വേറിട്ട മറ്റൊരു സംഗീതം.
സൂര്‍ ... നിനക്കീ മഴപെയ്തു ഇഷ്ടമാകുമോ...? അറിയില്ല.
ഞാന്‍ എന്നും എള്ളുവയലുകള്‍ പൂവിട്ട വയലിറമ്പിനോരം ചേര്‍ന്ന് നിന്‍റെ കൈവിരൽത്തുമ്പിന്‍റെ ചൂടറിഞ്ഞ്, മണല്‍ കൂനകള്‍ചവിട്ടി തള്ളി നടന്നു പോകാനാഗ്രഹിച്ചു,
പക്ഷെ സൂര്‍ ..... നീയോ?
നിനക്കിഷ്ടം ഓര്‍ക്കിഡ് പൂക്കളായിരുന്നു.
ഞാന്‍ സ്നേഹിച്ചത് പിച്ചിയും ചെമ്പകവും പൂവിട്ട നാട്ടിടവഴികളെ ആയിരുന്നു ,
നഗരത്തിന്റെ ഗന്ധമായിരുന്നു നിനക്കെങ്കില്‍ എനിക്കിഷ്ടം പുതുമണം കൂടിക്കുഴഞ്ഞ മഴയും മഴയില്‍ കുതിര്‍ന്ന മണവും ആയിരുന്നു.
നീ എന്നും തിരക്കേറിയ വീഥികള്‍ ഇഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ വാകമരത്തണലും കണിക്കൊന്ന പൂവുകളും പൊഴിഞ്ഞ ഇടവഴിയോരങ്ങളെ പുല്‍കി നടന്നു.
മഴ കുതിര്‍ന്ന വഴികള്‍ ഇപ്പോള്‍ തോര്‍ന്നിരിക്കുന്നു . പുതുനാമ്പുകള്‍ ഇനി വിരിയുമായിരിക്കും.
ഈ മഴ പെയ്തതില്‍ ഈ വര്‍ഷത്തെ മുഴുവന്‍ പാപങ്ങളും കാലം കഴുകിമാറ്റി,
മാപ്പില്ലാത്ത തെറ്റുകള്‍ പോലെ.
ഉവ്വോ?
നാളെയുദിക്കുന്ന പുലരി ഏറെ നൈര്‍മല്യത്തോടെ ആവട്ടെ, നിനക്കും, എനിക്കും, എല്ലാവര്‍ക്കും.
ഊര്‍മ്മി




