• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Monday, 30 December 2013

Posted by Aami
No comments | 00:30
 സൂറിന്റെ പരാതികൾ  ഞാൻ  സൂറിന്നായി എഴുതുന്നില്ലന്നയിരുന്നു , സൂർ  പല നാളുകളിൽ
നിനക്കായി കുറിച്ച ഡയറിക്കുറിപ്പുകൾ ആണിത് .......നീ വായിക്കുമോ ............?

സൂർ ............
നിനക്കെഴുതാൻ  പ്രേരണ തന്നത് , ഒരുദിവസം  പുറത്തു  കത്തിച്ചു കളയാനായ്  കൂട്ടിയിട്ട  പാഴ്  വസ്തുക്കളുടെ  കൂമ്പാരം ആണ്, അതിൽ അക്ഷരങ്ങൾ  നനഞു പടര്ന്ന ഏതോ ഒരു പഴയ ഇൻലൻഡ്‌ ആയിരുന്നു നിനക്കയി എഴുതാൻ  എനിക്കുള്ള പ്രചോദനം  .

ഏപ്രിൽ 24 ,ബുധൻ

സൂർ , ഈ  കുറിപ്പുകൾക്ക്  പേര്  ഇതുവരെ ഇട്ടിട്ടില്ലായിരുന്നു,പക്ഷെ ഇത് എഴുതുമ്പോൾ
ഒരു പേര് വേണമെന്ന് തോന്നി ,

കുക്കുടത്തിന്റെ നാണം 

ഈ  പേര് കേട്ട് നിനക്ക് ചിരി വരുന്നുണ്ടാവും,
സത്യം അല്ലെ.............? നിന്റെ  നിഘണ്ടുവിൽ  നിന്ന് കടം കൊണ്ടതാണ് ഞാൻ ഈ പേര് ,
അന്ന് നല്ല വെയിൽ  ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ മുറിയിലെ പുഴുക്കത്തിൽ  നിന്ന് ഒരാശ്വാസം  കിട്ടാനായിരുനു   വീടിന്റെ പിറകിലെ നാട്ട് മാവിൻ ചോട്ടിൽ കാറ്റ്   കൊള്ളാനായി  അൽപ നേരം ഇരുന്നത്.
തൊട്ടടുത്ത്‌ ഒരു  ബെഞ്ച്‌  ഉണ്ടായിരുന്നു . അതിനു താഴെ കുറെ പാറകഷണങ്ങളും.
എന്റെ വീട്ടിലെ കുക്കുടം എന്തിനാണെന്നു  അറീല്ല, അവിടെ വട്ടമിടു ന്നതു കണ്ടു .
എനിക്കെന്തു കാര്യം ?
ഞാൻ കണ്ണി മാങ്ങ  ഉപ്പുമായി പുരട്ടി കഴിക്കുന്നതിൽ  ശ്രദ്ധിച്ചു.
എപ്പോഴോ  ഞാൻ വീണ്ടും  ആ ബെഞ്ചിന്റെ താഴെ നോക്കിയപ്പോൾ കുക്കുടം അവിടെയുണ്ടു. അവൾ പാതി കൂമ്പിയ കണ്ണുകൾ ഇടക്ക് തുറന്നു നോക്കിയപ്പോൾ ഞാൻ  അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന്  തോന്നിക്കാനും, അവൾക്കു  ദേഷ്യം വന്നെന്നു തോന്നുന്നു. അവൾ ഇഷ്ടപെടാത്ത രീതിയിൽ തല ഒന്ന് വെട്ടിച്ചു. എന്നിട്ടു  എഴുന്നേറ്റു എനിക്ക് പുറം തിരിഞ്ഞു ഇരുന്നു.
അവള്ക്കെന്താ ഒരു നാണം.
അയ്യേ ..! കുക്കുടത്തിനു എന്ത് നാണം ? ആത്മഗതം.

പക്ഷെ ,അവൾ എന്തോ ചു റ്റികളിക്കാണ്.
അയലത്തെ പൂവൻ  അവിടെ കറങ്ങി നടക്കുന്നുണ്ടായിരുന്നു,
പക്ഷെ ,ഇപ്പോൾ പൂവനെ അവിടെയെങ്ങും കാണുന്നുമില്ല.

കുക്കുടത്തിനു ആകെ ഒരു വിഷമം ഉണ്ടെന്നു മുഖത്ത് നോക്കിയാലറിയാം.
ഒരു പരവേശം.
ആ .......... എന്തേലും ആകട്ടെ .............  
അവൾ  അവള്ടെ പാടു നോക്കി പോകട്ടെന്നു വിചാരിച്ചു.
കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ  ആ ബെഞ്ചിൽ  കയറി കിടന്നു ,
നേരിയ  കാറ്റിൽ ഒന്ന് മയങ്ങിയോ....?

കാക്കക്കൂട്ടം എനിക്ക് മുകളിലായ്  വട്ടമിട്ടു പറക്കുന്നു.
എന്താ സംഗതി ? എന്നെ തോന്ടിയെടുതുകൊണ്ട് പോകാനാണോ ? ആത്മഗതം.

ആരോടും പറഞ്ഞില്ല ,തല ചെരിച്ചു ബെഞ്ചിനടിയിൽ നോക്കി.
ആഹാ .... ഒരു കുഞ്ഞി "മുട്ട" ..!!
അപ്പോൾ ഇതായിരുന്നു  കുക്കുടതിന്റെ നാണതിന്റെയും പരുങ്ങലിന്റെയും പരവേശതിന്റെയും കാരണം. കടിഞ്ഞൂൽ പേറിൻറെ  ഈറ്റ് നോവായിരുന്നു. കഷ്ടം !  ഞാനുമവളെ  വല്ലാതെ തെറ്റിദ്ധരിച്ചു.

ഒരു കാര്യം എനിക്ക് മനസിലായി സൂർ.
കുക്കുടതിനും നാണം എന്നുള്ള ആ വികാരം ഉണ്ട് കേട്ടോ .

ആ ,പിന്നെ ..
നീ ഉച്ച ഊണ് കഴിഞ്ഞു സിഗരറ്റു  പുകക്കണ നേരം നിന്റെ   പിറകിൽ   നിന്ന് കൂവണ  ആ പൂവന് വേണമെങ്കിൽ  എന്റെ കുക്കുടതിനെ കല്യാണം  ചെയ്തു കൊടുത്താലോ ?

ആലോചിക്ക് ....
(ഇനിയും കുറിപ്പുകൾ  ബാക്കിയാണ് ,, സമയം കുറെ ആയി)

Monday, 16 December 2013

Posted by Aami
No comments | 01:54
.
എന്റെ പള്ളിക്കൂട വരാന്ത വീണ്ടും ഓര്‍മ്മ  ചെപ്പില്‍ 

ഇന്നലെ ഞാന്‍ വീണ്ടും എന്റെ  പള്ളിക്കൂടവരാന്തയുടെ ഓർമകളില്‍ ആഴ്ന്നു പോയ്‌.
ഒരുപാട് നാളുകള്ക്ക് ശേഷം ഞാന്‍ ആ പഴയ ഇടവഴിയോരം കടന്നു പോയപ്പോള്‍, മാറ്റങ്ങള്‍, ഒരുപാട്. ചുറ്റുമതില്‍  കെട്ടി മനോഹരമാക്കിയിരിക്കുന്നു, പഴയ ആ യൂണിഫോം  നിറമായ നീലയും ,വെള്ളയും,ഓറഞ്ച് നിറമുള്ള റിബ്ബണും മാറ്റമില്ലാതെ.
അപ്പോള്‍ പിന്നെ മാറിയിരിക്കുക ആരാവും ,(?) എന്ത് ചോദ്യം?
എല്ലാപേരും മാറീല്ലേ?
ഞാന്‍ മാറീ ല്ലന്നെ ........... സത്യം.
ഞാനിന്നും കുട്ടി പാവാട ഇട്ടു ,പോകണ പഴയ കുട്ടി തന്നെ..

ഓർമ്മചെപ്പിലെ കുന്നിമണി പോലെ .................

വരാന്തയുടെ വടക്കേയറ്റം താഴെ കിലുകിലുക്കി മഞ്ഞ പൂവണിഞ്ഞു നിന്ന പുലർകാലങ്ങൾ. അതിനപ്പുറമായിരുന്നു  ഈശ്വരി  അമ്മ യുടെ ഉപ്പുമാവു വിളയിക്കണ ചെറിയ അടുക്കള. ഉച്ചയാവുമ്പോൾ കൊതിപ്പിക്കു ന്ന മണവുമായി എത്തുന്ന ആ കാറ്റ് ....
പക്ഷെ ആ ഉപ്പുമാവു ഒരിക്കലും ഞങ്ങള്ക്ക് കിട്ടീരുന്നില്ല ...

സ്കൂളിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള  ചിലര്‍ക്ക് മാത്രം.

എന്ത് ചെയ്യാൻ ?
കൊതി എല്ലാരിലും ഒരേപോലെ  അല്ലെ ?
അവിടെ വലുതെന്നോ ചെറുതെന്നോ ഇല്ലല്ലോ.

അതിനൊടുവിൽ പരിഹാരം കണ്ടത് എന്റെ കൂട്ടുകാരനായിരുന്നു.
പലപ്പോഴും വട്ടയിലയിൽ ആരും  കാണാതെ ഞങ്ങൾ ആ ഉപ്പുമാവു കഴിച്ചു
പലപ്പോഴും  വിരലുകൾ  പരസ്പരം കെട്ടുപിണയുംബോൾ  ആവും  ഇലയിലെ ഉപ്പുമാവു തീര്ന്ന കാര്യം ഞങ്ങൾ അറിയുന്നതു.

ആ വിരലുകൾ  കേട്ടുപിണഞ്ഞപ്പോഴുള്ള ഇളം ചൂടായിരുന്നോ സ്നേഹത്തിന്റെ  ആദ്യ സ്പര്ശം ? ആയിരിക്കാം.

കാക്കി നിക്കറിന്റെ പോക്കറ്റിൽ തീപ്പെട്ടി കൂടുകളിൽ   നീ എനിക്കായി കരുതി വച്ചിരുന്ന  പല നിറത്തിലുള്ള  ചോക്ക്  കഷണങ്ങൾ. സ്കൂളിന്റെ  എതിര് വശത്തായിരുന്നു  പിഡബ്ലിയുഡി   രെസ്റ്റ്  ഹൌസ് .  അവിടെ ഞങ്ങൾ മിക്കവാറും ടാറിൽ  വീണ ശുനകന്മാരെ  കാണാറുണ്ടായിരുന്നു. റസ്റ്റ്‌ ഹോമിന്റെ  ഒരരികിൽ   ചുണ്ടക്ക ഉണക്കിയത് അവനായിരുന്നു  പെറുക്കി കൊണ്ട് വന്നതും. എന്നിട്ട്  സിമിൻറ്  വരാന്തയിൽ ഉരസി ചൂടാക്കി  ഒരു കാര്യം പറയാം  ന്നു  പറഞ്ഞു എന്റെ പാവാട തുമ്പ് മുട്ടിന് മേലെ കയറ്റി വച്ച് ചൂടാക്കിയ ചുണ്ടകാ കൊണ്ട് പൊള്ളിച്ചതും.

പിന്നെ ഏതോ ഒരുച്ച നേരം.
വാക യുടെ ഉണങ്ങിയ കായ ഈന്തപഴം ആണെന്ന് പറഞ്ഞു എന്നെ കൊണ്ട് കഴിപ്പിച്ചതും , പിന്നെ ഞാൻ ശർദിച്ചപ്പോൾ  ആരോടും പറയരുതെന്ന് പറഞ്ഞതും,  ഏതോ ഓർമയിൽ വീണ്ടും.

പി ഡബ്ലിയുഡി   രെസ്റ്റ്  ഹൌസിൽ  വച്ചായിരുന്നു ഒരുച്ച നേരം ഞങ്ങൾ ആദ്യമായി തോപ്പിൽ ഭാസി എന്ന മഹാനായ  വ്യക്തിയെ കണ്ടതും. പിന്നെ വെറ്റമഷി ക്കായി  അടുത്ത പറമ്പിൽ തിരയും   നേരമായിരുന്നു പൊട്ടിവീണ മഴതുള്ളികൾ  ഞങ്ങളെ നനച്ചതും, എന്നെ നനയാതെ  ചേമ്പില  തുംബാൽ കുടപിടിച്ചതും, എന്റെ നെറ്റിയിലെ  ചുവന്ന  ചാന്തുപൊട്ട്  നനഞ്  ഒഴുകി അവന്റെ വെള്ള ഉടുപ്പിൽ ചിത്രം വരച്ചതും, ഒരു നനഞ്ഞ ഉച്ചനേരം ആയിരുന്നു.

  സ്കൂളിലെ വാകമരചാര്തുകളും,  ബദാം മരങ്ങളും  തണൽ  വിരിച്ച ആ മുറ്റം ഇന്ന് ഒരു പ്ലേ ഗ്രൌണ്ട് ആയിരിക്കുന്നു . അത്രേയുള്ളൂ ഒരു മാറ്റം.


ഇനിയും  എഴുതുവാൻ  കൈ വിരലുകൾ തുമ്പുകൾ മടിച്ചു നില്ക്കുന്നു .
ആദ്യ  കുട്ടി പ്രണയം നിന്റെ ആയിരുന്നു.
വെള്ളാരം കല്ലുകളും , വേളാങ്കണ്ണി പള്ളിയിൽ  പോയി വന്നിട്ട് നീ കൊണ്ടുവന്ന  മാതാവിന്റെ ലോക്കേറ്റ് ,കന്യാകുമാരിയിൽ നിന്നും നീ കൊണ്ടുവന്നു തന്ന  കക്കകളും ,പിന്നെ നീ എനിക്കായി വാങ്ങിതന്ന മിട്ടായി കളുടെ വർണകടലാസുകൾ...  പെറ്റുപേരുകുമെന്നു പറഞ്ഞു നീ തന്ന മയിൽപീലിതുണ്ടുകൾ, ക്ലാസ് മുറിയിൽ  കണക്കു ടീച്ചർ  എണ്ണം പഠിപ്പിക്കാൻ  കൊണ്ടുവന്ന മഞ്ചാടി മണികൾ  മഷിക്കുപ്പിയിൽ  ഇട്ടു വെച്ചത് നീ എനിക്കായി കട്ടെടുത്തുതന്നതും  ഞാൻ സൂക്ഷിച്ചിരുന്നു.

നിന്റെ  മരണ  വാര്‍ത്ത പത്ര താളുകളിൽ  നിന്ന് ഞാൻ അറിയും വരെയും.

Monday, 9 December 2013

Posted by Aami
No comments | 23:02

എന്‍റെ വീടിന്‍റെ മച്ചിലും ഭിത്തിയിലും അവ്യക്തങ്ങളായ ചില ചിത്രങ്ങളുണ്ട്.  അവയൊന്നും എണ്ണച്ചായത്തിലോ പച്ചിലച്ചാറിലോ വരച്ചവയല്ല. 

ധാര്‍ഷ്ട്യത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എറിഞ്ഞുടക്കുന്ന കോപ്പകള്‍ ചിന്നിച്ചിതറുമ്പോള്‍ വരയ്ക്കുന്ന രൂപരേഖകള്‍ ആയിരുന്നു  അവ.

അവയ്ക്ക് നിറം നല്‍കിയത് മുളകും മല്ലിയും മഞ്ഞളും കൂടിച്ചേര്‍ന്നു എണ്ണയില്‍ വാറ്റിക്കുറുക്കിയെടുത്ത സത്തായിരുന്നു.
അവയില്‍ മത്സ്യത്തിന്‍റെയോ മാംസത്തിന്‍റെയോ ഗന്ധം പറ്റിയിരുന്നു.

അവയ്ക്കു നിശ്ചിതരൂപങ്ങള്‍ ഇല്ലായിരുന്നു.
പരന്നൊഴുകി നില്‍ക്കുന്നതെവിടെയോ അവിടെ അവസാനിച്ചിരുന്നു രൂപം.

ആത്മാവ് കീറിമുറിക്കപ്പെട്ടിരിക്കുന്നു.
അവിടെ കിനിയാനിനി രക്തത്തുള്ളികളില്ല.

ആമി