• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 30 December 2021

Posted by Aami
No comments | 23:27

 സൂർ.....,, ന്നു.......

കാലം മുറിവേൽപ്പിച്ചു

വിട  വാങ്ങുന്നു  വീണ്ടും,

പുതു വർഷം........

ഇനിയും പുതിയൊരുഷസ്

കുളികഴിഞ്ഞു കുളിരണിഞ്ഞെത്തുന്നു

നഷ്ട്ടങ്ങൾ സ്‌മൃതികളാകുന്നു

ജനിമൃതികൾക്കപ്പുറമെങ്ങോ നിന്നാവാം

നിന്റെ  കണ്ണിൽ പൂക്കുന്ന 

ആയിരം ജന്മങ്ങൾ എനിക്കായി

ബാക്കി വെക്കുന്നത്..

കാലത്തിന്റെ കളിവഞ്ചി

ഉലഞ്ഞുകൊണ്ടിരിക്കുന്നു.

ഓരോ യാത്രയും

അവസാനിക്കുന്നത്

കണ്ണീർ തുള്ളികളുടെ

നനവിലൂടെ പായുന്ന തോണിയിലാണ്..

പുലരാനൊരല്പം ബാക്കി

ഇനി പിറവി പുതു വർഷത്തിലേക്കു.

മറന്നതിനെ  ഓർത്തെടുക്കാൻ

ഓർമ്മയിലുള്ളതിനെ മറക്കാൻ

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ

നിറവേറ്റത്ത പ്രതിജ്ഞകളുടെ

ഏടുകൾ തുടർകഥയാക്കാം 

വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും

നിലതെറ്റാത്ത  ഓർമ്മകൾ

നിനക്ക് ചുറ്റിലുമാണ്,

എഴുതിതീരാറായ  താളിലെ

അവസാനത്തെ ഇടം

നിനക്കായി മാറ്റിവെച്ചിരുന്നു

നിന്റെ ഓർമ്മകൾക്കുള്ള ബാക്കി പത്രം

അവിടെ കളം തീർക്കുന്നു.

വെളുത്ത പ്രതലത്തിലെ

കറുത്ത വരകളിലെ..

അവ്യക്തമാകുന്ന അക്ഷര കൂട്ടങ്ങൾ

നിന്റെ ഭാഷയിലെ  -

മനസ്സിലാകാത്ത വാക്കുകൾ

ആശംസ കാർഡിന്റെ

ശൂന്യമായ താളിൽ 

നിന്റെ മനസ് കോറിയിടൂ

എന്നു നീ പറയാൻ വേണ്ടി മാത്രം

ഞാൻ ഒഴിച്ചിട്ടു, നീ -

പറയുമ്പോൾ എഴുതി  ചേർക്കാൻ

ഒരു നുള്ളു വരിയും ബാക്കിവെച്ചു.

ഒരു സിന്ദൂര പൊട്ടിലും, മുടിയിഴയിലും

പ്രണയത്തെ ഒളിപ്പിച്ചു. 

ഓർമ്മകളെ നേർത്ത ഗന്ധമുള്ള

നിന്റെ ഉറുമാലിൽ തേടിയിരുന്നു,

നിന്റെ നെഞ്ചിലെ വിയർപ്പിന്റെ

നേർത്ത ഗന്ധമായിരുന്നു

ഓരോ പകലിനും

നിന്റെ സാനിധ്യം

അന്നും .....ഇന്നും......എന്നും...

നീ കടം പറഞ്ഞ ഭംഗി വാക്ക്

നിന്റെ ഉറുമാൽ.........

അവസാന മഞ്ഞു തുള്ളിയും

ഒലിച്ചിറങ്ങി.... തണുവോടെ

നിന്റെ മാറിലേക്ക്...

പ്രണയത്തിന്റെ നേർത്ത മഞ്ഞിൻ കണം

നിന്റെ ഉള്ളു തണുപ്പിക്കട്ടെ

ഇനിയും ഒരു നീണ്ട കാത്തിരിപ്പിനായി

വിടരാത്ത  ഒരു കുടന്ന

പനിനീർപ്പൂക്കൾ ഈ വിദൂരതയിൽ

നിന്നും നിനക്കായി നീട്ടുന്നു, നിന്റെ 

 പുതുവർഷ പുലരിയെ സുഗന്ധ

പൂരിതമാക്കാനായി.........

                              .........ആമി.....

   

   

  

















0 comments:

Post a Comment