• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 16 February 2023

Posted by Aami
No comments | 07:24

പഴയ ഓർമ്മകളെ ഒന്നൂടി  പൊടിതട്ടിയെടുത്തത് 

********-*************** ********

മേശ വലിപ്പിലെ

പുസ്തകതാളിൽ

പണ്ടെങ്ങോ കാത്തു വെച്ച

മയിൽ പീലി

എത്ര പഴകിയിട്ടും

ഇന്നും എവിടെയും

പഴമയുടെ പുതു മണം

പേറി കിടക്കുന്നു 


 

ചിന്തകൾ  മുന്നിലെ

ജനാലയിൽ  കൂടി

കാടു കയറിപോകയാണ്.


ഓർത്തെടുക്കാൻ

 അടുക്കി വെക്കാത്ത

ഓർമ്മകളുടെ  വലിയ 

ഭാണ്ഡ   കെട്ടുണ്ട്


നാതോന്നത  വൃത്തത്തിൽ

രാമപുരത്തു വാര്യരുടെ 

കുചേല വൃത്തം വഞ്ചി പാട്ടു

ഈണത്തിൽ  അലയടിച്ച

ഉച്ച തിരിഞ്ഞ മലയാളം ക്ലാസ്സ്‌ 


കുമാരനാശാന്റെ

കരുണയും

അർണ്ണോസ് പാതിരിയുടെ

പുത്തൻ   പാനയും

ഉദാഹരണമെന്നു

വ്യക്‌തമാക്കുമ്പോൾ


സർപ്പിണിയും

വിയോഗിനിയും 

വൃത്തമാണെന്നറിയാതെ

കുത്തിക്കുറിച്ച

ശോകം രസം തുളുമ്പാത്ത

പ്രണയ പല്ലവികൾ

മഴ കുതിർന്നു

പടർന്ന മഷിയിൽ

പിന്നെയും  പഴമയുടെ

മണം പേറുന്നു.


ഗ്രഹങ്ങൾടെ സഞ്ചാര  പാഥ

ചോക്കു പൊടി തമാശകളിലൂടെ

ആവർത്തിച്ച,പൈതാഗോറസ്

സിദ്ധാന്തം, ഉരുവിട്ടു നടന്ന

ഇടനാഴികളിലെ നിശബ്ദത.


ഒറ്റ വാക്കിലെ ഉത്തര സൂചികയ്ക്ക്

ആരുമറിയാതെ 

ക്ലാസ് മുറിയിലെ മേശമേൽ

ഓർമ്മപെടുത്തലുകൾ

കോമ്പസാൽ  കോറിയിട്ട പേരുകൾ,

ദാർശനികനായ അനക്സിമെനിസ് 

നാസ്തികനായ അജിതകേശകംബളൻ

അപവർത്തന മാപി -

കണ്ടെത്തിയ ഏണസ്റ്റ് അബി.


പിപ്പറ്റും, ബ്യുററ്റും

കൂട്ടി മുട്ടി വിതുമ്പുന്ന

കെമിസ്ട്രി ലാബിൻ അകത്തളങ്ങൾ


ശബ്ദ വേഗത കണ്ടെത്തേണ്ട

അനുരണന സിദ്ധാന്ധം

അലോസരപ്പെടുത്തീരുന്ന

ഫിസിക്സ്‌ ലാബുകൾ


നാഫ്തലിൻ  തിന്നു 

ഡിസെക്ക്ഷൻ മേശമേൽ

മയങ്ങി   കിടന്ന പാറ്റകളെ കണ്ട്

നിലവിളിച്ചോടിയ

സുവോളജി  ലാബ്...


ഇനിയും.......


മുറി കോണിലെ 

മേശ വലിപ്പിൽ 

തുരുമ്പു തിന്നാൻ തുടങ്ങിയ

പഴയ ഇൻസ്‌ട്രുമെന്റ് ബോക്സ്‌

ഒന്നു തുറന്നു നോക്കിയാൽ


പൊട്ടിപ്പോയ സ്കെയിൽ

എന്റെയും നിന്റെയും

സ്നേഹത്തിന്റെ 

അളവുകോലായിരുന്നത് 

എനിക്കും നിനക്കുമിടയിലെ

നീണ്ടുപോകുന്ന ജല രേഖ വരച്ചിട്ടതും

ഈ സ്കെയിൽ തന്നെ


എന്റെയും നിന്റെയും

നോവുകളുടെ  മുനയൊടിച്ച 

തുണ്ട് പെൻസിൽ.,


 കുഞ്ഞു റബ്ബർ......

നിന്റെ ഓർമ്മകളൊക്കെ

മായ്ച്ചു കളഞ്ഞത്,എന്റെയും


 തുരുമ്പു തിന്നൊരു മൊട്ടു സൂചി

നിന്റെയും എന്റെയും

ഓർമ്മകളെ ഊതി

പെരുപ്പിച്ചു അതിന്റെ

കൂർത്ത മുനയാൽ

പൊട്ടിച്ചു കളഞ്ഞത്.....


ക്ലാവ്  പിടിച്ച ഒരു

ഒറ്റ രൂപ തുട്ട്,

നിന്റെ ആദ്യ വിഷു കൈനീട്ടം!


ലിറ്റ്മസ്  പേപ്പർ പോലെ മാറുന്ന

മനസ്സുകളുടെ  സഞ്ചാരം.

നിറം പിടിച്ചും, നരച്ചും

ചവർപ്പോടെയും

ഉള്ള് പൊള്ളിച്ചും 

ഇപ്പോഴും ഇടവഴിയോരം

കടലാസു പൂക്കൾ

കടം കൊണ്ടും

ഒരു നാലുമണികാറ്റിനൊപ്പം.

*****************************************


Publushed manorama



Sunday, 12 February 2023

Posted by Aami
No comments | 11:31

 രണ്ടു പേർ ആദ്യം മൗനം കൊണ്ടും പിന്നെ ശബ്ദം കൊണ്ടും സ്നേഹത്തിന്റെ നൂലിഴ കളാൽ  ബന്ധിക്കപ്പെട്ടു,

ഒരു പക്ഷേ അതു തോന്നൽ ആയിരുന്നോ?

ഒരു സങ്കൽപ്പിക നീർക്കുമിളക്കുള്ളിൽ അവർ മാത്രം

അതൊക്കെ മൂഢമായി ചിന്തിച്ചുകൊണ്ട് ആയിരുന്നോ, അറിയില്ല.

പ്രായമോ, നിറമോ, ജാതി മത  ഭേദങ്ങൾ,പണം, സ്വാധീനങ്ങൾ  അങ്ങിനെ എന്തൊക്കെയോ മാറ്റി നിർത്തി....

അവർ മാത്രം ഉള്ള ഒരു ലോകം ആയിരുന്നോ, അതും അറിയില്ല.

വ്യാഖ്യാനിക്കാൻ കഴിയാത്തതിനപ്പുറം നീണ്ടു പോകാവുന്ന ചില സത്യങ്ങൾ, അതിന്റെ തുടർച്ചയെന്നോണം സംഭവിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ.

പ്രതീക്ഷകൾക്ക്  പഴുതു  കൊടുക്കാതെ

ആവശ്യമില്ലാത്ത ചിന്തകൾ വ്യാഖ്യാനിച്ചു

നല്ല ഓർമ്മകൾ അടർത്തി വെട്ടി മാറ്റാൻ ശ്രമിക്കുന്ന ആൾ.

ഓരോ ദിവസവും അതി സങ്കീർണ്ണതകളോടെ കടന്നു പോകുമ്പോഴും ഒരു നിലാവെളിച്ചം പോലെ ആയിരുന്നു നീ യെന്ന ഓർമ്മ.

ഒരു കുഞ്ഞു വാക്കിൽ സ്നേഹത്തിന്റെ പഴുതുകൾ ഒക്കെ അടച്ചു  ഒട്ടും ദയഇല്ലാതെ ദൂരേക്ക് നൂലറ്റ പട്ടത്തെ പറത്തി കളയുന്ന ലാഘവത്തോടെ  എറിഞ്ഞു കളഞ്ഞത്







Saturday, 4 February 2023

Posted by Aami
No comments | 11:26

 


 
അന്യയേ പോലെ
നിൽപ്പാണ്, ഉറക്കമെന്നും
കിടപ്പറ  വാതിലിനപ്പുറം
നമ്ര ശിരസ്സുമായി

രാത്രിയുടെ നിഗൂഢതയെ
മുഴുവൻ ഇരുട്ട് ആവാഹിച്ചു
ചുറ്റുമൊരു സ്വത്വമില്ലാത്ത
പ്രഹേളിക തീർക്കയാവും.

ആത്മാവ് നഷ്ട്ടപെട്ട മനസ്സ്
ശൂന്യ മായ ഇടത്തിലൊക്കെ 
വെറുതെ അലയും

സ്വപ്നങ്ങളൊക്കെ 
വാതിലിൽ മുട്ടാതെ
പുറത്തു കാത്തു നിൽക്കും
രാമഴയെ നോക്കി


മനസിന്റെ നേർവരമ്പുകൾ
പാത വക്കിനപ്പുറത്തേക്ക്
തനിയെ സഞ്ചരിച്ചു തുടങ്ങും

 സ്വപ്നങ്ങളൊക്കെ
പെറുക്കിയെടുത്തു
മറയുന്നൊരാളിന്റെ
നിഴലിനെ പിന്തുടർന്ന്

താഴ് വാരം  നഷ്ട്ടമായ
കാറ്റപ്പോൾ  വെറുതെ
ചുറ്റി തിരിയുന്നുണ്ടാവും


വേവു  മനസുകൾ
അണപ്പൊട്ടിയെ
ദുഃഖങ്ങൾക്കൊപ്പം
അസ്സഹനീയമായി 
നീറി പുകഞ്ഞു കൊണ്ടിരിക്കും 


തീരാ വേദനയുടെ
ഭാരവും പേറി
ഒരാർത്ത നാദം
തൊണ്ടയിൽ കുരുങ്ങി
മരിക്കുന്നുണ്ടാവും


മൗനത്തിന് മേലെ മൗനം പോലെ
നെഞ്ചിലൊരു വിമൂകമായ
പഞ്ചാരി വാദ്യം
തുടി കൊട്ടാതെ,
മരിച്ചിട്ടും 
മറക്കാത്തൊരോർമ്മയാകും 

മൺചിരാതൊഴിഞ്ഞ
തിരി നാളങ്ങളിൽ
മയങ്ങി വീഴാത്ത 
നിലാവിൻ  നുറുങ്ങുകൾ
മനസ്സിലെ ഓർമ്മയുടെ
നിഴൽപുരയിൽ
ഉറക്കമില്ലാതെ, പിന്നെയും 
അലയുന്നുണ്ടാവും

Published athma online 
Published Manorama 

Posted by Aami
No comments | 11:24

 


ഒരു തുടം  കണ്ണീർ
ഓരോ കണ്ണിലും

ബാക്കിയാക്കി

വിജനമാം  തീരവുമായ് 
ശാന്തമായൊഴുകുന്നു,(?)

അലകളൊടുങ്ങിയ  കടൽപോലെ
തിരകൾ  മറന്ന  കരപോലെ

ഒരൊറ്റ കമ്പിയിൽ
ജീവിതമെന്ന തൂക്കുപാലം 
 
പാപഭാരത്താൽ, രാത്രികളെ
കണ്ണീരിൽ കുതിർത്തു മോർബി 


തുരുമ്പിച്ച ഓർമകളിൽ
ചേതനയറ്റ 
 നൂറ്റി മുപ്പത്തിയാറ്
പ്രാണന്റെ തുടിപ്പുകൾ 

വിഷാദത്തിന്റ -  
ബാക്കിപത്രവും പേറി
ഒഴുകി നടക്കുന്ന 'മഛു'

നെടുവീർപ്പുകൾ മുങ്ങിയ
ഭീതിയുടെ  താഴ്വാരത്തേക്ക്
പിടി വിട്ടു നിലവിട്ടു -
പൊലിഞ്ഞ ജീവനുകൾ

മുകളിൽ അവശേഷിപ്പായി
ഉടയാടത്തുമ്പുകൾ

ഒറ്റ കമ്പിയിൽ
കാറ്റിലാടുന്ന -
തുരുമ്പു വീണ
സ്‌മൃതികൾ പേറിയ
കൊഴിഞ്ഞ ശലഭ ചിറകുകൾ

വേദന കാഴ്ചകൾ
കോർത്ത നേരങ്ങൾ

ആഴങ്ങളിൽ നിഗൂഢതകൾ
നിറഞ്ഞ ചുഴികൾ ഒളിപ്പിച്ചു

ഓർമ്മ പെടുത്തലിൻ 
നീറ്റൽ മാറാതെ,

മനസിന്റെ ഉള്ളറകളിലെ
വിതുമ്പുന്ന ഓർമ്മകളിൽ

കൂനകൂട്ടിയ അവശിഷ്ട്ട
ശേഷിപ്പുകളിൽ
ഓർമ്മച്ചിരാതുകൾ
തെളിയുമ്പോൾ 
ഇപ്പോഴും കഥമറന്നു
ശാന്തമായൊഴുകുന്നു,മഛു.