• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Wednesday, 28 September 2022

Posted by Aami
No comments | 09:02


ഇന്നലെകളിൽ മനസ്സിൽ

മരണമെന്ന

ചിന്തയുണ്ടായിരുന്നു

ഇന്നും.

നിരവധി രാത്രികളിൽ

ആത്മ ഹത്യ ചെയ്തു

പുലരുമ്പോൾ പുനർജനിച്ചു.


സ്വന്തമായി എന്തുണ്ടെന്ന

ചോദ്യത്തിന് മുന്നിൽ

നാവിറക്കി നിന്നിട്ടുണ്ട്


കൈവിട്ടമനസുമായി

ഒരു ദിനം അങ്ങിറങ്ങി

രണ്ടും കല്പിച്ചു


മരിക്കണോ ജീവിക്കണോ 

 തുലാസിൽ

മനസിന്റെ ഭാരത്തോളം

ചേർത്തുവെക്കാൻ

ഒന്നുമില്ലായിരുന്നു.

 മരിക്കുമ്പോൾ

സ്വർഗത്തോ, നരകത്തോ?


മരണം അറീച്ചെത്തിയത്

പത്രതാളുകൾ.

കൂട്ടത്തോടെ  ഉടയോർ

എത്തിപ്പെട്ടു

തിരിച്ചറിയൽ  മുദ്രകളൊക്കെ

ശരിയാണ്,


ബോഡി വിട്ടുതരാൻ പറ്റില്ല.

മരണാനന്തരം  മെഡിക്കൽ

വിദ്യാർത്ഥികൾക്ക്

അനാട്ടമി പഠനത്തിന്

സമർപ്പിക്കപെട്ടിട്ടുണ്ട്.

ആരു പറഞ്ഞു,.?

തർക്കം കൂടി  വന്നു


ശവമാണേലും വെറുതെ

കൊടുക്കാണോ,


ഞാനെന്ന   വസ്തുവിന് 

വില നിശ്ചയിക്കപ്പെട്ടു,

ഏഴായിരത്തിനു പറഞ്ഞുറപ്പിച്ചു.



ആറടി മണ്ണ് എനിക്കു

ഒഴിച്ചിടേണ്ട,

അന്തി തിരി തെളിക്കാൻ

ആരും മിനക്കേടെണ്ടെന്നും


എന്നിട്ടും, എന്റെ അന്ത്യ

കർമ്മങ്ങൾ അതി ഗംഭീരമാക്കുന്നു


മോർച്ചറി സൂക്ഷിപ്പുകാരൻ

 നിർവികാരനായി

ഇരുട്ടിലേക്ക് നോക്കി

കുത്തിയിരുപ്പാണ്..


ബന്ധുക്കൾ ഒരുതവണ

കൂടി എത്തി, അയാള്ടെ

കയ്യിലേക്ക് കുറച്ചു നോട്ടുകൾ

പിടിപ്പിച്ചു,


പുകയുന്ന ബീഡി

ആഞ്ഞു വലിച്ചും

കൈയിലെ ചെറിയ

കുപ്പീലെ മദ്യം നുണഞ്ഞും

അയാൾ പേടിയെ അകറ്റിനിർത്തുന്നു

അയാളുടെ ദേഹമാകെ 

മരണത്തിന്റെ മണം പേറുന്നുണ്ട്..


ക്യാഷ് ആയില്ല, ഒക്കെയും

ജീ -പേ  വഴിയാണേ....

അക്കൗണ്ടിൽ വരും...

പ്ലിംഗ്...(മെസ്സേജ്) 

ഓ..കിട്ടി   ഏഴാംയിരം


ന്റെ ആത്മാവിനെ ഞാൻ

അവർക്കൊപ്പം വിട്ടു..

ആദ്ദ്യത്തെ വളവുതിരിഞ്ഞവർ

ആദ്യം കണ്ട ബാറിൽ കയറി

അവിടെ  ഇരുന്നവർ

വരും ദിനത്തിലെ

സംസ്കാര  ചടങ്ങിന്റെ

കാര്യങ്ങൾ  തീരുമാനിച്ചു


പൂജകളൊക്ക നേരം വണ്ണം

തന്നെ ആവേണം, ഇല്ലേൽ

നാട്ടാര് കുറ്റം പറേം...

ഒന്നിനും കുറവ് വേണ്ട

വേണ്ട, നാളെ ഒന്നാം തിയതിയല്ലേ

കുപ്പി രണ്ടെണ്ണം അധികം

വാങ്ങി വെച്ചേക്കാം,ഒക്കെക്കും

തീരുമാനമായി.


അവരെന്റെ അന്ത്യ കർമ്മങ്ങൾ ഗംഭീരമാക്കി,

ചായയും, ഉഴുന്ന് വടയും

ഇഡ്ഡലി, സാമ്പാർ ഒക്കെ

കൂടാതെ അവൽ വിളയിച്ചതും

പഴവും വിളമ്പി


എന്റെ, ആദരാഞ്ജലി

ഫോട്ടോയിൽ നോക്കി

കഷ്ട്ടം എന്നു വിലപിച്ചവർ

മൂക്കു മുട്ടെ കഴിച്ചിട്ട്

ഇഡിലിയിലെ കുറഞ്ഞ

ഉപ്പിനെ പറ്റിയും.

സാമ്പാറിന്റെ  ഇല്ലാത്ത

മുരിങ്ങ കോലിനെ പറ്റിയും

വാട്ട ചായയെ  പറ്റിയും

പഴത്തിന് പഴുപ്പു പോരെന്നും

അവലിനു മധുരം

പോരെന്നും  കുറ്റങ്ങൾ

അടക്കം പറഞ്ഞു.


വീടിനകത്തേക്കൊന്നു

നോക്കി വരട്ടേ, ഞാൻ 

അകത്തെ കാഴ്ച

അതിലും ഗംഭീരാമായിരുന്നു


 എന്റെ അലമാര ആകെ

വലിച്ചു വാരി പരതി...

ഓരോരുത്തരും കൈയിൽ

കിട്ടീ തൊക്കെ കവർന്നിരിക്കുന്നു

സാരികൾ, ആഭാരണങ്ങൾ

ഹാ ... കഷ്ട്ടം,


ഏഴായിരത്തിന്റെ  വീതം

ആരൊക്കെ വീതിച്ചെടുക്കുമെന്ന്

അറിയണമെന്ന്  തോന്നീല്ല,


അനാട്ടമി ടേബിൾ മേലെ

ഞാൻ കിടക്കയാണ്,

ആദ്യത്തെ ആൾ എത്തി,

ഹൗ... എന്താ ചുണ്ടു...

അടുത്തയാൾ കഴുത്തിലെ മറുകിൽ

തലോടി, മരച്ച വിരലുകൾക്ക് മീതെ 

കൈത്തലം ചേർത്തു ഞെരിക്കുന്നു

നിശ്ചലമായ മാറിടത്തിന്റെ

മുഴുപ്പിലേക്കു നോട്ടമെറിഞ്ഞു....



ഇവിടെയും രക്ഷയില്ലേ......

മരിച്ചിട്ടും മരിക്കാതെ 

കേഴുന്ന ആത്മാവ്

ഇറങ്ങി ഓടി.. എങ്ങോട്ടേക്കന്ന്‌

അറിയാതെ..!











 




























Tuesday, 20 September 2022

Posted by Aami
No comments | 09:23



ഒരു പനിയോർമ്മയിൽ
കുളിരുന്നു,

ചൊടിൾ ഉണങ്ങി വരണ്ടു
തൊണ്ടയിൽ ശബ്ദം
കിരുകിരുപ്പായി
അലോസരപ്പെടുത്തുന്നു

ചുക്കും കറുത്ത പൊന്നും
തുളസിയും തീർക്കുന്ന നേരിയ
എരുവിൽ നാവു തിണർക്കുന്നു
അമൃതാഞ്ചൻ നെറ്റിയിൽ
ചെറു തണുവേകുന്നു 

കമ്പിളി പുതപ്പിനുള്ളിലേക്ക്
കോട മഞ്ഞു  കുടഞ്ഞപോലെ
പനി കുളിരുന്നു


പനി പുതച്ചൊരുടലിലേക്ക് -
വിറകൊള്ളും മേനിയെ
ഉണർത്തുന്ന കാറ്റും

ചുണ്ടിലെ വരൾച്ചയെ
ചുംബിച്ചുണർത്തുന്ന  തണുപ്പ്
പനി പൊള്ളിയമരുന്ന
വിരൽത്തുമ്പുകൾ
കാൽവിരലിൽ  മുറുകെ -
പിടിക്കുന്ന കുളിരിന്റെ
നീല  ഞരമ്പുകൾ.


 നീലക്കുറിഞ്ഞി മഞ്ഞിൽ
കുളിരണിഞ്ഞപോലെ
 വെള്ളയുടുപ്പിട്ട മാലാഖ
ഇടുപ്പിൽ  കുത്തിയിറക്കിയ
പാരസെറ്റമോൾ  ഇൻജെക്ടിൻ 
സൂചിമുന നോവിൽ
പടിയിറങ്ങുന്ന പനിയും കുളിരും.
Published manorama








Thursday, 1 September 2022

Posted by Aami
No comments | 11:30

 ഇന്നലെകൾ  ഒക്കെ 

കൊഴിഞ്ഞു വീണിലകൾ

എടുത്തു മാറ്റാനാവുന്ന

ഓർമ്മ ചിരാതുകൾ


വരകൾ കോറിയ ചിത്രങ്ങൾ -

മാഞ്ഞു  പോയ ഭിത്തി, ഇനി

വഴുക്കൽ  പിടിച്ച നരച്ച

ചില ഓർമ്മകൾക്ക് വിട.


കൂടെ  എപ്പോഴും ചരിക്കുന്ന

സ്വപ്നങ്ങളെ കൂടെ  കൂട്ടാം

രാവ് ഏകാന്തമാകുമ്പോൾ

അമ്പിളിക്കല കൂട്ടുണ്ടാവട്ടെ,


യാത്രകൾ അവസാനിക്കാതെ

നീണ്ടുപോകട്ടെ  ശൂന്യതയിലെ

ഒരു നീല ജലരേഖയായ് !


ഓർമ്മകളെ  ഉണക്കാനിട്ടു 

മറവിയിൽ കുളിച്ചുകയറാം, ഇനി

ഇരുപത്തി ഏഴിലേക്ക്,


നീയുതിർന്നു നടന്നകലുമ്പോൾ 

ദൂരെ നിനക്കായൊരു

കുടന്ന പൂവുമായി ഒരു

നിഴൽ ബാക്കിയാക്കി

ആശംസകളോടെ.........


Published manorama