• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 17 December 2022

Posted by Aami
No comments | 10:09

 ഭൂ പടത്തിലെ,

ആകാശ  നീലിമ..

ഓർമയിൽ

തെളിഞ്ഞത്..

ആ, നീലിമയത്രയും

നിന്റെ മിഴികളിൽ

ചേർന്നലിഞ്ഞതായിരുന്നു

ശേഷിച്ചതൊക്കെ

കനത്ത  മൂടൽ മഞ്ഞായി

പെയ്തു തുടങ്ങി..

മച്ചിലെ പങ്ക പോലെ

സ്വപ്നങ്ങ ളൊക്കെ

മുകളിൽ വട്ടം

കറങ്ങിക്കൊണ്ടേയിരുന്നു

ഉറക്കം കൺകോണിൽ

ഊയലാടി വരുമ്പോൾ

കൺ തടങ്ങൾ  വലിച്ചുതുറന്ന്

നീയെന്ന ചിത്രം

സ്വപ്നമായെത്തും.

 ഇരുട്ട് കണ്മഷി

ചാലിച്ച  വഴികളിൽ

 മഴ പുതച്ച  ഞൊറിവുകളിൽ

കൻമദം  പൂക്കുന്ന

താഴ്വാരങ്ങളെ  മറന്ന്

ആകാശത്തോളം

പടർന്നു കയറിയ

സ്വപ്നങ്ങളിൽ ലയിച്ചു

സൂര്യാംശുവിനോടൊന്നിച്ചു

ചക്രവാള  സീമയിൽ  അലിഞ്ഞു

മോഹങ്ങളുടെയും

മോഹ ഭംഗങ്ങളുടെയും

ആശയറ്റ  കാത്തിരിപ്പിന്റെയും

അവസാന  നാഴികയിൽ

ഉള്ളിലെ നേരറിവുകളെ

ഇരുണ്ട ഇടനാഴിയിലെ

വിജനതയിലേക്ക് തള്ളിയിട്ടും

ചിറകൊടിഞ്ഞ

പക്ഷിയെപ്പോലെ

ശൂന്യതയിലെ  സമഷ്ടിടാവുന്നു!







Friday, 16 December 2022

Posted by Aami
No comments | 09:28

 എഴുതിയതു  ചിലതൊക്കെ

ഓർമ്മയിൽ തികട്ടിയിരുന്നത് 
ചിലതൊക്കെ മറന്നു പോവട്ടെ എന്നും,
ചില  വാക്കുകൾ എഴുതി മുറിപ്പെടുത്തിയിട്ടുണ്ട്, ഉണ്ടാവാം (ആ... അറിയില്ല )അതു ഉള്ളം നീറി പ്പുഞ്ഞപ്പോൾ,  അല്ലെങ്കിൽ  നീറട്ടെ
ചില  ഉള്ളുകൾ എന്നു കരുതി.
ഉള്ളം നീറി, അല്ലെങ്കിൽ നീറ്റി
കഴിയുമ്പോൾ ഒരു മനസംതൃപ്തി....
അപ്പോൾ അർത്ഥമില്ലാത്ത വരികൾ
സുഖമുള്ള നൊമ്പരം തന്ന മുള്ളോർമ്മ.....പോലെ


തനിച്ചാണെന്ന് തോന്നുമ്പോൾ
ഉള്ളൊന്നു നോവുമ്പോൾ
" ഒരു യാത്രയുടെ  ഓർമ  ഗന്ധം
പൂത്തുലഞ്ഞു  നിൽക്കാറുണ്ട് "

Friday, 2 December 2022

Posted by Aami
No comments | 09:39

 ബ്ലൂ മൂൺ

നീയെന്നും ഫിനിക്സ്  പക്ഷിയാവേണം

എന്നാണ് എന്റെ ആഗ്രഹം.

പക്ഷേ വാക്കുകളിൽ കൂടെ നിന്നിലേക്കെത്തിക്കാൻ എനിക്കു അറിയില്ല.

അക്ഷരങ്ങൾ ചേർത്തു വെക്കുമ്പോൾ എനിക്കു പറയാനുള്ള വാക്കുകൾ  കിട്ടുമല്ലോ.

 പെണ്ണുങ്ങളിൽ  അടിവയറ്റിൽ ആഷാഡം  വിരിയുമ്പോൾ  വേണ്ട ഒരു വസ്തു വിന് വേണ്ടി  ഒമിക്രോൺ  വല്ലാതെ എന്നെ

 ചുറ്റിപ്പിടിച്ചിരുന്ന ഒരു ജനുവരി മാസം

മഴ നനഞ്ഞും, മാർവാഡി കളോട്   മല്ലടിച്ചും ഞാൻ കഷ്ടപ്പെട്ടത് മാത്രം മിച്ചം.

ആ സ്വപ്നം മുളയിലേ നുള്ളിയ വിരുതൻ

പുറത്തു ബ്രസിലും, പോർട്ടുഗലും ചേർന്ന് ഫുട് ബോൾ  കളിക്കുന്നത് കണ്ടു രസിക്കുന്നു.

ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും മാറി ബ്രഞ്ച് പോലും നിനക്കന്യമാകുന്നു

ഡിന്നറും സപ്പറ്റും  അടുക്കള പുറത്തപ്പുറമാകും 

ടൈം ഔട്ട്‌ എന്നൊരു ബോർഡ്‌ അമ്മ ഉടനെ തൂക്കിയിടും, പകരം കമിഴ്ത്തിയ കാസ്സറോൾ കണ്ട്‌ ഉറങ്ങാം.

അപ്പോഴാണിനി അടുത്ത ബാലി  കേറാമല

ബിസിനസ്‌ ചേമ്പർ ഓഫ്  കോമേഴ്‌സ് ,

നല്ലതാവട്ടെ...

ആശസകൾ  നൂറു വട്ടം.





Posted by Aami
No comments | 09:23

 ജീർണ്ണിച്ചടർന്നു വീഴുന്ന

പകലുകളും

ഒരേ പോലെ കടന്നെത്തുന്ന

നിലാത്തുകിലും

വേഷപ്പകർച്ചയില്ലാത്ത

കുറ്റിക്കാടുകളും

മൗനത്താൽ കനത്ത

രാത്രികളിലെ 

നനഞ്ഞ  മൗനം

ശ്വാസം കിട്ടാതെ

പിടയുന്നുണ്ടായിരുന്നു

എന്നിട്ടും, ഈ മൗനം

പുലരികളിൽ  തിരി

തെളിക്കുന്നുമുണ്ടായിരുന്നു


നീ പുഴയാകുമ്പോൾ

ഞാൻ മഴയാകാമെന്നും

നീ മഴയാകുമ്പോൾ

ഞാൻ തിരയാകുമെന്നും

നീ വീണ്ടുംമഴയായ്

പെയ്തൊഴിയുമ്പോൾ

ഒന്നായ് തെളിഞ്ഞൊഴുകി

നിന്നിലലിഞ്ഞു 

പൂർണ്ണതയിലാകുമെന്നും

 നിനച്ചു.....


ഇന്നലെ തട്ടിയുടഞ്ഞ

അക്ഷരത്തുണ്ട്....

എഴുതാൻ കഴിയാതെ

പിടയുന്ന വരികൾ

വിരൽത്തുമ്പിൽ

വിതുമ്പുന്നുണ്ട്

ചൊല്ലാനാവാതെ  കവിത

ചൊടികളിൽ  മണക്കുന്നുണ്ട്

പിരിയാറാകുന്ന സന്ധ്യ

നിശ്വാസമുതിർക്കുന്നുണ്ട്


ഇനി.....

വരികളില്ലാത്തൊരു

കവിതയെഴുതണം

അതിലക്ഷരങ്ങളില്ലാത്ത

വാക്കുകൾ നിറയണം

നിറമില്ലാത്ത മഷിയിലെഴുതണം

എന്നിട്ട് 

എന്നിലെ ഞാനെന്ന,

കവിതയെ 

 നിന്നിലെഴുതി

പൂർണ്ണമാക്കണം .


Published manorama