ഉള്ളറിയില്ല ഉടലാഴങ്ങൾ
തേടുമ്പോൾ
മനസ്സറിയില്ല മൈഥുന
വേളകളിൽ,
അടഞ്ഞ മുറിക്കുള്ളിൽ
കൂട്ടിനു നിശ്ശബ്ദത കൂടെയുണ്ട്.
ചുളിവ് വീഴാത്ത കിടക്കയുടെ
കോണിലൊരു തുണ്ടു -
മുല്ലപ്പൂ പരിമളത്തോടെ ഇരിപ്പുണ്ട്
കൈത്തണ്ടയിൽ ചുവന്ന
കുപ്പി വള കിലുക്കമുണ്ട്,
നെറ്റിയിൽ ചുവന്ന
വലിയ വട്ടപ്പൊട്ടും.
കഴുത്തിലൊരു കാക്ക പുള്ളിയുണ്ട്
ഏതോ വഴുക്കലുള്ള ചുണ്ടിൻ
ചുംബനങ്ങൾ ഏറ്റു വാങ്ങുവാൻ
ചുണ്ടിലൊരിത്തിരി
ചുവന്ന ചായം
അമർത്തി തേച്ചു
പിടിപ്പിച്ചിട്ടുണ്ട്
ഏതോ ഒരുവന്റെ
നാറുന്ന ഉമിനീരിൻ
നനവേറ്റു വാങ്ങുവാൻ
വാതിൽ തുറന്നെത്താം
ആരോ ഒരാൾ....
നാഭി ചുഴിയിൽ
കൊടുംങ്കാറ്റുണർത്തുവാൻ
അരക്കെട്ടിൻ ഊർജ്ജം
അളന്നെടുക്കുവാൻ.
വാതിൽ ചാരി കടന്നുപോകുമ്പോൾ
മാനത്തിനു വിലയിട്ട നാണയ
തുട്ടുകൾ എറിഞ്ഞു കൊടുത്തിട്ടുണ്ടാവും
ദൂരെ മഴ പെയ്ത്തിൽ
അകമുറിയിലെ തഴപ്പായയിൽ
പഴുത്ത മണം മുറ്റിയ
തലയിണ കോണിൽ
മുഖമർത്തി വിതുമ്പുന്നുണ്ടു
നിസ്സഹായതയുടെ
നെടുവീർപ്പിലൊരാൾ
ആത്മാവിനെ കീറി മുറിച്ചു
വില്പനക്ക് വെച്ചിട്ടുണ്ടു,
അരക്കെട്ടിൽ ആടി തിമിർത്ത
അടയാളങ്ങൾ അഴിച്ചു വെയ്ക്കാമിനി
നാളേക്ക് വേണ്ടി
മാറാല കെട്ടിയ മനസ്സിൽ
അടരാൻ ചോര തുള്ളികൾ
ശേഷിക്കുന്നില്ല.....,
ഞാനുമൊരു പണയതുണ്ടു മാത്രം


