• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Friday, 31 December 2021

Posted by Aami
No comments | 06:41

സൂർ 

ഡിസംബർ  വേർപിരിയലിന്റെ   മാസം ആകട്ടെ,

എന്നെയും, നിന്നെയും ഇരു ധ്രുവങ്ങളിലേക്ക് അകറ്റിയ  മാസം.

ഞാൻ ഒരു വിഡ്ഢി ആയ  മാസം...






Thursday, 30 December 2021

Posted by Aami
No comments | 23:27

 സൂർ.....,, ന്നു.......

കാലം മുറിവേൽപ്പിച്ചു

വിട  വാങ്ങുന്നു  വീണ്ടും,

പുതു വർഷം........

ഇനിയും പുതിയൊരുഷസ്

കുളികഴിഞ്ഞു കുളിരണിഞ്ഞെത്തുന്നു

നഷ്ട്ടങ്ങൾ സ്‌മൃതികളാകുന്നു

ജനിമൃതികൾക്കപ്പുറമെങ്ങോ നിന്നാവാം

നിന്റെ  കണ്ണിൽ പൂക്കുന്ന 

ആയിരം ജന്മങ്ങൾ എനിക്കായി

ബാക്കി വെക്കുന്നത്..

കാലത്തിന്റെ കളിവഞ്ചി

ഉലഞ്ഞുകൊണ്ടിരിക്കുന്നു.

ഓരോ യാത്രയും

അവസാനിക്കുന്നത്

കണ്ണീർ തുള്ളികളുടെ

നനവിലൂടെ പായുന്ന തോണിയിലാണ്..

പുലരാനൊരല്പം ബാക്കി

ഇനി പിറവി പുതു വർഷത്തിലേക്കു.

മറന്നതിനെ  ഓർത്തെടുക്കാൻ

ഓർമ്മയിലുള്ളതിനെ മറക്കാൻ

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ

നിറവേറ്റത്ത പ്രതിജ്ഞകളുടെ

ഏടുകൾ തുടർകഥയാക്കാം 

വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും

നിലതെറ്റാത്ത  ഓർമ്മകൾ

നിനക്ക് ചുറ്റിലുമാണ്,

എഴുതിതീരാറായ  താളിലെ

അവസാനത്തെ ഇടം

നിനക്കായി മാറ്റിവെച്ചിരുന്നു

നിന്റെ ഓർമ്മകൾക്കുള്ള ബാക്കി പത്രം

അവിടെ കളം തീർക്കുന്നു.

വെളുത്ത പ്രതലത്തിലെ

കറുത്ത വരകളിലെ..

അവ്യക്തമാകുന്ന അക്ഷര കൂട്ടങ്ങൾ

നിന്റെ ഭാഷയിലെ  -

മനസ്സിലാകാത്ത വാക്കുകൾ

ആശംസ കാർഡിന്റെ

ശൂന്യമായ താളിൽ 

നിന്റെ മനസ് കോറിയിടൂ

എന്നു നീ പറയാൻ വേണ്ടി മാത്രം

ഞാൻ ഒഴിച്ചിട്ടു, നീ -

പറയുമ്പോൾ എഴുതി  ചേർക്കാൻ

ഒരു നുള്ളു വരിയും ബാക്കിവെച്ചു.

ഒരു സിന്ദൂര പൊട്ടിലും, മുടിയിഴയിലും

പ്രണയത്തെ ഒളിപ്പിച്ചു. 

ഓർമ്മകളെ നേർത്ത ഗന്ധമുള്ള

നിന്റെ ഉറുമാലിൽ തേടിയിരുന്നു,

നിന്റെ നെഞ്ചിലെ വിയർപ്പിന്റെ

നേർത്ത ഗന്ധമായിരുന്നു

ഓരോ പകലിനും

നിന്റെ സാനിധ്യം

അന്നും .....ഇന്നും......എന്നും...

നീ കടം പറഞ്ഞ ഭംഗി വാക്ക്

നിന്റെ ഉറുമാൽ.........

അവസാന മഞ്ഞു തുള്ളിയും

ഒലിച്ചിറങ്ങി.... തണുവോടെ

നിന്റെ മാറിലേക്ക്...

പ്രണയത്തിന്റെ നേർത്ത മഞ്ഞിൻ കണം

നിന്റെ ഉള്ളു തണുപ്പിക്കട്ടെ

ഇനിയും ഒരു നീണ്ട കാത്തിരിപ്പിനായി

വിടരാത്ത  ഒരു കുടന്ന

പനിനീർപ്പൂക്കൾ ഈ വിദൂരതയിൽ

നിന്നും നിനക്കായി നീട്ടുന്നു, നിന്റെ 

 പുതുവർഷ പുലരിയെ സുഗന്ധ

പൂരിതമാക്കാനായി.........

                              .........ആമി.....

   

   

  

















Tuesday, 21 December 2021

Posted by Aami
No comments | 05:50

 സൂർ.....

പഴയ  മാഗസിനുകൾ  അടുക്കിവെ ക്കുമ്പോൾ ആയിരുന്നു കുഞ്ഞിനെ മുലയൂ-ട്ടുന്ന അവിവാഹിതയായ  മോഡലിന്റെ

ചിത്രത്തോട് ഒരു കൗതുകം തോന്നീതു.മാതൃ ത്വം അനുഭവിച്ചറിയേണ്ടതുതന്നെ. അതു ആ മുഖ ചിത്രത്തിൽ  വേണ്ടുവോളം ഉണ്ടാർന്നു.

ഒരിത്തിരി നാണം  ചേർത്ത് ഒരു നേരംപോക്ക് ഓർത്തെടുത്തതും ആ  നേരത്തായിരുന്നു. ഒരിക്കൽ  ഈ താളു കളിൽ എഴുതി നിറച്ചിട്ടു മായ്ച്ചു കളഞ്ഞതും ആണ്.

കോളേജിൽ അവധി ഉള്ള ഒരു ദിവസമായിരുന്നു അന്ന്.ആന്റിക്കു  പാസ്പോർട്ട്‌ ന്റെ എന്തോ കാര്യത്തിന് ട്രാവൽ ഏജൻസി വരെ പോകണം .  പ്രസവ അവധി  തീരാറായി,പക്ഷേ കുഞ്ഞു വാവേ ആരു നോക്കും....?

ഞാൻ നോക്കാം ഞാൻ  ആ  ചുമതല ഏറ്റെടുത്തു, ആന്റിക്കു വലിയ  സന്തോഷം, കാരണം  വാവേ കൊണ്ട് വന്നാൽ അവനെ ഞാൻ താഴെ  വെക്കില്ല, അവനൊരു വഴക്കും എന്റടുത്തു ഇല്ലാരുന്നു.

അവനു  ആവശ്യത്തിന്  പാൽ ഒക്കെ കൊടുത്തു റ്റാറ്റാ ഒക്കെ പറഞ്ഞു ആന്റിയും അങ്കിളും പോയി, ഞാനും അവനും മാത്രം.

അവൻ നല്ല ഉറക്കത്തിലേക്കും. 

പക്ഷേ  അവൻ ചതിച്ചു ,ഒന്നര മണിക്കൂറൊക്കെ കഴിഞ്ഞു ഉറക്കമുണരുന്ന അവൻ അരമണിക്കൂർ ആവും മുന്നേ ഉണർന്നു. കുറെ നേരം എന്റെ മുഖത്തേക്ക് നോക്കി, അവനു മനസിലായി, ഇത്തവന്റെ അമ്മയല്ല, എന്റെ നെഞ്ചിൽ മെല്ലെ മുഖം ഉരുമിയപ്പോൾ അവനൊന്നൂടെ ഉറപ്പിച്ചു,

അവന്റെ അമ്മ അല്ല, പിന്നെ അവൻ ഒട്ടും താമസിച്ചില്ല ഒറ്റ നിലവിളി. കുഞ്ഞുച്ചുണ്ടു പിളർന്നു നോൺ സ്റ്റോപ്പ്‌ കരച്ചിൽ, എന്തു ചെയ്തിട്ടും ഒരു കാര്യവും ഇല്ല,

അവനു വേണ്ടത് എന്റടുത്തു ഇല്ലല്ലോ,അവന്റെ കരച്ചിൽ കൂടുതൽ ഉറ ക്കെ ആകുന്നുമുണ്ട്. എന്തു ചെയ്യുമെന്ന് കുറെ നേരം ചിന്തിച്ചിരുന്നു.

കുറച്ചു ചൂട് വെള്ളം നാവിൽ ഇറ്റിച്ചു, രക്ഷയില്ല, കുറച്ചു പാൽ ഫീഡിങ് ബോട്ടിലിൽ എടുത്തു നിപ്പിൾസ് അവന്റെ വായിലേക്ക് വെച്ചു കൊടുത്തു, ഒന്ന് നുണഞ്ഞു.... പറ്റിച്ചോ... എന്നുള്ളയൊരു നോട്ടംനോക്കി ഒറ്റ തട്ട്.... അവനെ പറ്റിക്കാൻ പറ്റില്ലെന്ന് മനസിലായി.

അല്ല ഞാൻ എന്തിനു ഡ്യൂപ്ലിക്കേറ്റ് നിപ്പിൾ കൊടുക്കണം, ഒട്ടും ആലോചിച്ചില്ല ഞാനെന്റെ ഉടുപ്പിന്റെ ബട്ടൺ മാറ്റി എന്റെ ന  മാറോടു ചേർത്തു,   ഡ്യൂപപ്ലിക്കേറ്റ് നി പ്പിൾസ് അല്ലാത്തോണ്ടാവും അവൻ നുണയാൻ തുടങ്ങി, പ്രശ്നം തീർന്നില്ല, അവൻ വീണ്ടും കരച്ചിൽ, അപ്പോഴാണ് മേശമേലിരുന്ന തേൻ കുപ്പി കണ്ടത്, ഓരോ തുള്ളി നിപ്പിൾസ് ലേക്ക് തൊട്ടു വച്ചു, അവൻ കരച്ചിൽ നിർത്തി മെല്ലെ നുണഞ്ഞിറക്കാൻ തുടങ്ങി... ഞാൻ വിജയിച്ചു എനിക്കു സന്തോഷം തോന്നി, അവന്റെ  കരച്ചിലും  നിന്നു, ആന്റി വന്നപ്പോൾ അവൻ  ഉറക്കം തന്നെ.

പക്ഷേ.. ഈ കാര്യം ഞാൻ പറഞ്ഞില്ല, അവനെ എങ്ങിനെ ഉറക്കി എന്നുള്ളത്.

അമ്മ എന്നാൽ വല്ലാത്ത സുഖമുള്ള ഒരു നൊമ്പരം ആണ്, തുറന്ന ഇടങ്ങളിൽ കുഞ്ഞിനെ മുലയൂട്ടുന്ന അമ്മേനെ തുറിച്ചു നോക്കുന്ന  കഴുകൻ കണ്ണുകൾക്ക്‌ അറിയില്ലല്ലോ അമ്മയെന്ന വികാരത്തെ.

അമ്മ ആയപ്പോൾ ആണ് ഞാനും ആ വികാര വിചാരങ്ങൾ എന്തെന്നറിഞ്ഞത്, പേ റ്റു നോവിന്റെ നൊമ്പരപാടുകൾ അറിഞ്ഞത്, അറിഞ്ഞോ അറിയാതെയോ  അമ്മയെന്ന പുണ്യത്തെ വേദനിപ്പിച്ച നേരമൊക്കെ ഓർത്തെടുത്തത്... മനസ്സിൽ ആയിരം വട്ടം ക്ഷമ പറഞ്ഞത്!




Monday, 20 December 2021

Posted by Aami
No comments | 06:39

 സൂർ...

സ്നേഹിക്കയില്ല ഞാൻ നോവും ആത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തെയും

പണ്ടെങ്ങോ പഠിച്ചതാണ്.

പരാവർത്തനത്തിനു പറ്റിയ വരികൾ 

(അർത്ഥ പൂർണമായ വരികളുടെ

അർത്ഥം തിരഞ്ഞു കൊണ്ടിരിക്കുന്നു )

ആത്മാവു  കീറിമുറിക്കപ്പെടുമ്പോൾ

ഉള്ള വേദന.............

മനസൊരു മാന്ത്രിക കൂട്

അതെ, അതും മറ്റാർക്കും കാണാൻ കഴിയില്ലല്ലോ, ആ  മാന്ത്രിക കൂട്

ഉള്ളിൽ അല്ലേ........?

ആത്മാവിൻ നഷ്ട്ട സുഗന്ധം

അതറിയണമെങ്കിൽ  ആത്മാവു കീറിമുറിക്കപ്പെടണം,

നഷ്ട്ട സുഗന്ധം മറ്റാർക്കും കാണാൻ പറ്റില്ലല്ലോ,

അനുഭവിച്ചറിക തന്നെ!

ആത്മാവിൻ പുസ്തക താളിൽ

ഒരു മയിൽ പീലി പിടഞ്ഞു

വാലിട്ടെഴുതിയ രാവിൻ വാൽ കണ്ണാടി ഉടഞ്ഞു.....,.

അർത്ഥ പൂർണ്ണമായ വരികൾ ഇനിയും ശേഷിക്കുന്നു സൂർ..........

അക്ഷരങ്ങൾ കൂടിച്ചേർന്നു അർത്ഥമില്ലാതെ ആയിരിക്കുന്നു.


Friday, 17 December 2021

Posted by Aami
No comments | 09:07

സൂർ.....

യാത്രകൾ തുടങ്ങുമ്പോൾ ഉള്ളിൽ നിറയുന്ന ഭയം  ഒരു ഭാണ്ഡകെട്ടായി മാറുന്നത്  നിനക്കറിയില്ലേ.....?  യാത്രകളുടെ 

 ശവകുടീരംപേറിയാണ്നാഴികകല്ലുകൾ

നിലയുറപ്പിച്ചുനിൽക്കുന്നത്.ഓർമ്മകളുടെയും.

"ഭയത്തിന്റെ വേലിക്കപ്പുറമീ  രാത്രിയിൽ "

എന്നോ എഴുതിയ  വരികൾ ഓർക്കുന്നു.

പാതയുടെ  നീളം നീണ്ടു പോകുന്നു...

യാത്രക്കുള്ള ദൂരം  പക്ഷേ  കുറവാണ് .....

 വഴിയോരം തനിച്ചാക്കി പോകുമ്പോൾ ഉള്ളു വല്ലാതെ പിടയുമ്പോഴും കണ്ണുകൾ പെയ്തുപോകുന്നതും തടയനാകുന്നില്ല.

ഉള്ളം കൈയിൽ മുറുകെപിടിച്ച ഒരു സമ്മാനം  ഉണ്ട്, കരിഞ്ഞു  പോയ സ്വപ്നങ്ങൾക്കു തളിരിടാനുള്ള ഒരു നുള്ള്  കുങ്കുമം.

യാത്രകൾ അവസാനിക്കാതിരുന്നെങ്കിൽ എന്നു വെറുതെ  മോഹിക്കാമല്ലോ?

ഒറ്റപ്പെടലും, നഷ്ട ബോധവും, ശൂന്യതയും

തുടർകഥയാവുന്ന  നാളുകൾ   എണ്ണി -യിരിക്കുന്നു,

അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ.

നിന്റെ ചുണ്ടുകളിൽ പിറവിയെടുക്കുന്ന ചുംബനങ്ങൾ ആത്മാവിന്റെ തേങ്ങലാണ്,

 വിരൽത്തുമ്പിലെ സ്നേഹത്തിന്റെ ചൂട് ചേർത്തുവെക്കുന്നത് നിന്നെ  എന്റെ ഹൃദയത്തോടാണ്..

ആത്മാവ് പൊള്ളി ഉരുകുമ്പോളൊക്കെ തണുപ്പേകുന്നത് നിന്റെ സ്വാന്ത്വനത്തിന്റെ മഴപെയ്താണ്.

എന്നാലും ഒരു നാൾ  നിന്റെ നിഴലിനെ  യാത്രയാക്കി വാതിൽ തഴുതിടും  ഞാൻ!

ഇല്ലെങ്കിൽ കാലം എന്നെയും നിന്നെയും വേർപിരിക്കും.......

പബ്ലിഷ്ഡ് manorama 







Sunday, 12 December 2021

Posted by Aami
No comments | 06:30

 സൂർ......



ഇന്നും നിനക്കായി ഞാൻ മിഴി നട്ടിരുന്നു
നീ വരില്ലെന്നറിഞ്ഞിട്ടും
ഈ ഇടവഴിയിൽ ഇന്നും ഞാൻ 
 തനിയെ ആയിപോയി,
നീ എന്നെ തനിച്ചാക്കി................
ഇനിയും ഇതു  തുടർകഥയാവും.

ജീവിതം  എന്ന പുസ്തകം  ഞാൻ,
കുറെ പഠിച്ചു... എന്നിട്ടും
ഈ മത്സര  പരീക്ഷ  ഞാൻ തോറ്റു പോയി
പുതിയ  പാഠങ്ങൾ ഇനി പഠിച്ചിട്ടു
നീ വീണ്ടും  എന്നെ തോൽപ്പിക്കരുത്...
തോൽക്കാൻ ഞാൻ ശേഷിക്കില്ല...!








Saturday, 4 December 2021

Posted by Aami
No comments | 07:25

 സൂർ.....

വെറുതെ... എത്ര അർത്ഥം ഈ ഒരു കുഞ്ഞു വാക്കിന്.  

എല്ലാം വെറുതെ ആയിരുന്നു.

ആദ്യം സ്നേഹം ആയിരുന്നു .

പ്രാണൻ പോലും പകുത്തു കൊടുക്കുമായിരുന്നു.

പിന്നെ ഓരോരോ  കാരണങ്ങളാൽ മുറിയുടെ ഇരുണ്ട കോണിലേക്ക് വലിച്ചെ റിയപ്പെടുമ്പോളും   തോരാത്ത കണ്ണിൽ  ഉറക്കം അന്യമാകുമ്പോളും തെറ്റാത്ത ഘടി കാരം പോലെ വെളിപ്പിനെ  ഉണർന്നു,കുളിച്ചു കുറി തൊട്ടു  അടുക്കളയിലെ യന്ത്രമായി, ഉണരും മുതൽ ഉറങ്ങും വരെയും ശകാരത്തിന്റെ പെരുമഴകാലം, പിന്നെയും  പിന്നെയും.....

നുറുങ്ങി പോകുന്ന വേദനകൾക്കു ആശ്വാസം തരാൻ തഴുകലോ  തലോടലോ എവിടെയും ഇല്ലായിരുന്നു , പകരം വേദന സംഹാരികളിൽ അഭയം തേടി.

ഒരിക്കൽപോലും നീ കഴിച്ചോ എന്നൊരു സ്നേഹവാക്കു കാതുകൾക്ക് ഇമ്പമായിട്ടില്ല. ചുംബനങ്ങൾ നിറഞ്ഞ ചുണ്ടുകൾ ഒരിക്കൽപോലും സാമീപ്യം  അറീച്ചിട്ടില്ല,

തണുത്ത രാവുകളിൽ  വിരൽ തുമ്പുകളിൽ പോലും ചൂട് ഏകിയില്ല.

കണ്ണുകൾ എന്നും പുഴയാണ്, വറ്റാതെ   ഒഴുകിക്കൊണ്ടെയിരിക്കുന്നു.

പ്രണയം ഒലിവിന്നിലകൾ പോലെ തളിർക്കുന്നു എന്നെഴുതിയ നാളുകൾ....

സ്വന്തമായി ഒന്നുമില്ല, പക്ഷേ ഒരു തരി പൊന്നുണ്ട് കഴുത്തിൽ   എന്നെ തളച്ചിടാൻ  തീർത്ത ചങ്ങല തുമ്പിൽ....

മൗനത്തെ സ്നേഹിക്കാൻ തുടങ്ങീതു വാക്കുകൾ മൂർച്ചയോടെ ഹൃദയം  നുറുക്കുമ്പോളായിരുന്നു.

നിശബ്ദതയെ മാറോടു ചേർത്തത് ഉള്ളിലെ രോഷത്തെ  വിഴുങ്ങികളയാനായിരുന്നു.

..............................................................................


Thursday, 2 December 2021

Posted by Aami
No comments | 09:24


എന്നെക്കുറിച്ചു  നിനക്ക് ഉള്ള ഓർമ്മകൾ ഒരു പൊട്ടുപോലെ യെ പാടുള്ളു...

കോളേജിൽ പഠിക്കുമ്പോൾ ആണ്  ബിന്ദു എന്ന പേരിനു ഒരു നിർവചനം കിട്ടീത് ,

അന്ന് വരെ ഫുൾ സ്റ്റോപ്പ്‌ എന്ന് ഇംഗ്ലിഷ് സർ ഉം, ബിന്ദു എന്ന് മാത്‍സ് ടീച്ചറും  കുത്ത് എന്നു മലയാളം ടീച്ചറും പറഞ്ഞു  കേട്ടതല്ലാതെ ഒരു  നിർവചനതെപ്പറ്റി  ചിന്തിച്ചിട്ടില്ലാരുന്നു.

ഒരുപാടു തടിച്ച  കുട്ടീടെ പേര് ബിന്ദു എന്ന് പറഞ്ഞപ്പോൾ ഇതാരപ്പാ നിനക്കീ പേരിട്ടത് എന്നു ചോദിക്കുമ്പോൾ ആണ് കുത്തു, ബിന്ദു, ഫുൾ സ്റ്റോപ്പ്‌ പദങ്ങൾക്ക് നിർവചനവും ഉണ്ടെന്നു  തോന്നീതു. ബിന്ദു എന്ന പേരിന്റെ ഒരു ഗമ.

അതുപോലെ സൂറിന്റെ ഓർമ്മകളിൽ  ആമിക്കെന്നും ഒരു കുങ്കുമ പൊട്ടിന്റെ അത്ര  ചെറിയൊരു  ഓർമ്മയെ  പാടുള്ളു 

Posted by Aami
No comments | 04:39

 സൂർ..........

ചില ഓർമ്മകൾ  മനസിനെ  വല്ലാതെ  മുറിപ്പെടുത്തും, ചില കാഴ്ചകളും.

കോരി ചൊരിഞ്ഞ മഴ യുള്ള രാത്രി

ഒരു യാത്ര കഴിഞ്ഞു വരും നേരം...  രാത്രിയിലെ ആഹാരം  പാർസൽ  വാങ്ങാനാണ് ആ റെസ്റ്റ്റന്റ് ലേക്ക് ഓടികയറിയത്, ഓർഡർ ചെയ്തു , പത്തു മിനിറ്റ് വെയിറ്റ് ചെയ്യണം, ഒഴിഞ്ഞ ചെയറു കൾ  ഒന്നിൽ പുറത്തെ മഴ കണ്ടിരുന്നപ്പോൾ

ഗ്ലാസ്‌ ഡോറിൽ കണ്ട .... വല്ലാതെ 

എന്റെ മനസിനെ പിടിച്ചുലച്ച മുഖം, ഇപ്പോഴും എന്നെ  വിട്ടു പോയിട്ടില്ല.....

പക്ഷേ എന്റെ മുഖം അപ്പോഴും അവ്യക്ത മായിരിക്കാൻ ഞാൻ ശ്രമിച്ചു...

പാർസൽ എത്തി, ബില്ല് കൊടുത്തു,

പുറത്തേക്കിറങ്ങുമ്പോൾ വീണ്ടും ആ മുഖം,ആൾടെ  മുന്നിൽ കൂടി  പുറത്തേക്കിറങ്ങുമ്പോൾ കണ്ണുകൾ  കൂട്ടിമുട്ടാതിരിക്കാൻ  ശ്രദ്ധിച്ചു.

ഞാൻ  അപരിചിതത്വം  കാട്ടി പോന്നു, പക്ഷേ........ അയാൾക്ക്‌ ഞാൻ അപരിചിത ആയിരുന്നില്ല..... എനിക്കും.....

മഴയത്തു റോഡിൽ നിറഞ്ഞ  വെള്ളത്തിൽ സാരി നനയാതിരിക്കാൻ  ഒരല്പം ഉയർത്തി പിടിക്കേണ്ടിയിരുന്നിട്ടും അതിനു ശ്രമിക്കാതെ കാറിലേക്ക് ധ്രുതിയിൽ കയറി.

ഡോർ  അടച്ചിട്ടു പുറത്തേക്കു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിന്ന കണ്ണുകൾ  മറക്കാൻ ഇനി എത്ര നാൾ.....

പറയാതെ പോയ അറിയാതെ  പോയ

വഴിയിൽ ഉപേക്ഷിക്കപ്പെട്ട  ഇഷ്ടം അയാളുടെ ഉള്ളിൽ ഇന്നും ഉണ്ടാവാം.... അല്ല ഉണ്ട്, അതെനിക്ക് അറിയാം പകൽ പോലെ ഒരു സത്യം...!

ഇനിയും  എവിടെയെങ്കിലും വീണ്ടും ഇതേപോലെ  കാണും...... അന്നും ഇതുപോലെ വഴിമാറി നടക്കാൻ കഴിയണം, കഴിയുമായിരിക്കും....

നഷ്ട്ടപെട്ടു പോയ പ്രണയത്തിന്റെ വിങ്ങൽ

മഴയിൽ കുതിർന്നു നെഞ്ചിൽ വിങ്ങലാകുന്നു.....

എന്നും   ..... അതങ്ങിനെ തന്നെ..





Wednesday, 1 December 2021

Posted by Aami
No comments | 03:15

സൂർ.......

എന്റെ വളപ്പൊട്ടുകൾ

നിന്റെ മൗനത്തിന്റെ ഭാഷക്കാണ്

നിയെന്നെ മറക്കുന്നതും

ഞാൻ  നിന്നെ ഓർക്കുന്നതും

ഈ വരി തെറ്റിയ അക്ഷരക്കൂട്ടിലല്ലേ?

എന്റെ മിഴിനീർ  നീയെന്ന

വേദനകൾക്കൊപ്പം  ഒഴുകിപ്പോയി,

നിന്റെ ചിരി കരൾ നിറഞ്ഞൊഴുകിയപ്പോൾ

ഞാൻ മൗനത്തിലെ മഴയായ് പെയ്തൊഴിഞ്ഞു

നിന്റെ നെഞ്ചോരം ചേർത്തണയ്ക്കുന്ന -

നേരത്തൊക്കെ നിന്റെ മർമ്മരം

കേട്ടുണർന്ന അക്ഷരതെറ്റുകളൊക്കെ

എന്നിലെ ഭാവങ്ങൾക്ക് ചിറകുനീർത്തി!

കൺകോണിലെ  കരിമഷി പടർന്നതു

നിന്റെ നിശ്വാസത്തിന്റെ നനവിലായിരുന്നു.

വളതുണ്ടുകൾ ഞെരിഞ്ഞമർന്നത്

നിന്റെ വിരൽത്തുമ്പിൽ അമർന്നപ്പോഴായിരുന്നു.

നെറ്റിയിൽ ചുവപ്പ്  പടർന്നത്

സീമന്ത രേഖയിൽ നിന്റെ-

ചൊടികൾ അമർന്നപ്പോഴായിരുന്നു..

ഇന്നീ രാവിൽ ബാക്കിയീ-

വളപ്പൊട്ടുകളും  പടർന്നിറങ്ങിയ 

 സിന്ദൂര  ശോണിമയും മാത്രം.........  !!