അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍?
എന്തേ, ഞാനയച്ച കത്തുകള്‍ നിനക്ക് കിട്ടിയില്ലേ?
അതോ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ പാഴ്വസ്തുക്കള്‍ക്കൊപ്പം അതും പുറംതള്ളപ്പെട്ടുവോ?
നിനക്കായി ഞാന്‍ പെറുക്കികൂട്ടിവെച്ച കുന്നിക്കുരുമണികള്‍ക്ക് കറുപ്പും ചുവപ്പും മാത്രമായിരുന്നില്ല നിറങ്ങള്‍.
മഞ്ഞയും പച്ചയും നീലയും അങ്ങിനെ അനവധി...
ആ കുന്നിമണിക്കുടം എന്‍റെ കുറിഞ്ഞി പൊട്ടിച്ചിരിക്കുന്നു.
എന്‍റെ മുറിയുടെ ജനാല മുറ്റത്തെ ഗുല്‍മോഹറിലെക്കുള്ള 'ഷോര്‍ട്ട്കട്ട്' ആണവള്‍ക്ക്.
ഗുല്‍മോഹറും അത്ര മോശമല്ല. ഒരു കമ്പ് എപ്പോഴും തല നീര്‍ത്തി ജനാലവഴി അകത്തേക്കാണ് നോട്ടം.
ഞാനൊന്നു നോക്കിയാലവള്‍ അപ്പോഴേക്കും തല കുമ്പിട്ടു നില്‍ക്കും.
മുന്നിലെ പാര്‍ക്കില്‍ കുട്ടികള്‍ കളിച്ചുതിമിര്‍ക്കുന്നത് നോക്കി ഏറെനേരം നിന്നു ഊര്‍മി.
സന്ധ്യ വിഷാദരോഗിയെപ്പോലെ കടന്നെത്തി.
അരണ്ട പ്രകാശം മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളു.
എന്തോ, ഊര്‍മി ഏകാന്തതയെപ്പോലെത്തന്നെ ആ അരണ്ട വെട്ടത്തെയും സ്നേഹിച്ചിരുന്നു.
കാലടികളെ നനച്ചു പിന്‍വാങ്ങിപ്പോകുന്ന കടല്‍വെള്ളം പച്ചനിറത്തിലുള്ള സാരിയിലാകെ ഉപ്പുവിതറിയിരിക്കുന്നു.
മുങ്ങി താഴാന്‍ പോകുന്ന സൂര്യനും അവളും മാത്രം ശേഷിക്കുന്ന കടല്‍ത്തീരം.
അങ്ങ് ദൂരെ ഒരു പൊട്ടു പോലെ അവശേഷിക്കുന്ന പോന്കിരണവും താഴ്ന്നുപോയി.
ഒന്നും എഴുതാന്‍ കഴിയാത്ത, വരണ്ട നാവുള്ളൊരു പേന..
ഒന്നും മിണ്ടാനില്ലാത്ത തന്‍റെ നാവും.. ഏതാണ്ട് ഒരേപോലെ ആയിരുന്നു.
സൂര്‍... നീ അറിയതെപോകുന്ന നൊമ്പരപ്പാടുകള്‍..
ഞാന്‍ അകലത്താണെങ്കിലും നിന്‍റെ ചിന്തകള്‍ ഒട്ടൊന്നുമല്ല എന്നെ കാര്‍ന്നുതിന്നുന്നത്.
കാത്തിരിപ്പിന്‍റെ കനലില്‍ ഞാന്‍ എരിഞ്ഞടങ്ങുകയാണ്.
എന്തേ...?? ഒരു വാക്കെഴുതുവാന്‍ നിനക്കവുന്നില്ലേ?
എന്നും അനിഷ്ടത്തിന്‍റെ ശകാരം പേറാറുണ്ടെങ്ങിലും മനസ്സിന്‍റെ കോണിലെവിടെയോ ഞാന്‍ നിനക്കായൊരു ഹാരം കോര്‍ത്തുവെച്ചിരുന്നു.
സൂര്‍... നിനക്കോര്‍മയുണ്ടോ നമ്മള്‍ ഒന്നിച്ചു യാത്രചെയ്ത ആ ദിവിസങ്ങള്‍?
തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍ S8 എന്ന കമ്പാര്‍ട്ടുമെന്‍റിലെ ഇരുപത്തിയാറാമത്തെ സീറ്റും ഇരുപത്തിയെട്ടാമത്തെ സീറ്റും നിനക്കു മറക്കാന്‍ കഴിയുമോ?
എത്ര വേഗത്തിലായിരുന്നു നമ്മള്‍ സൌഹൃദത്തിലായത്?
എപ്പോഴും പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്ന എന്നെ, ആദ്യം നീ പ്രകൃതിസ്നേഹിയാണോയെന്ന് ചോദിച്ചത് എന്‍റെ ആന്‍റിയോടയിരുന്നില്ലേ? എതിര്‍വശത്തെ സീറ്റില്‍ കണ്ണിമകള്‍ വെട്ടിക്കാതെ എന്നെ മാത്രം നോക്കിയിരുന്ന കണ്ണുകള്‍, ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചത് അപരിചിതത്വം കൊണ്ടുതന്നെ ആയിരുന്നു. പിന്നീടെപ്പോഴോ, ആ അപരിചിതത്വത്തിന്‍റെ മേലാപ്പഴിഞ്ഞു വീണു.
സൂര്‍... നിനക്കെന്നെ അറിയാമായിരുന്നു.
എനിക്ക് വറുത്ത കടല ഇഷ്ടമാണെന്ന് നിന്നോടാരാ പറഞ്ഞത്?
ഞാന്‍ തണുത്ത കാപ്പിയെ കുടിക്കു എന്ന് നീയെങ്ങിനെ അറിഞ്ഞു?
പച്ച നിറമാണോ ഇഷ്ടനിറം നീ എന്തേ ചോദിച്ചു?
പച്ചയും മഞ്ഞയും ഇടകലര്‍ന്ന സൂര്യകാന്തിപൂക്കളുടെ കണ്ണെത്താദൂരത്തെ ഭംഗി നിന്നോടൊപ്പം ഞാനേറെ ആസ്വദിച്ചു.
സ്വര്‍ണമിഞ്ചി കാലിലണിയുന്നതും കൈവെള്ള നിറയെ മൈലാഞ്ചിയിടുന്നതും സിന്ദൂരം വാരി സീമന്തരേഖയിലടുന്നതും കൈത്തണ്ടയില്‍ ചുവന്ന കുപ്പിവളകളിടുന്നതും നോര്‍ത്ത്‌ഇന്ത്യന്‍സ് ആണെന്ന് നിയെന്നോട് പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പക്ഷേ, അവരിടുന്ന മിഞ്ചി വെള്ളി ആയിരുന്നു എന്ന് പിന്നീടാണ് മനസിലായത്.
ആ വെളുപ്പാന്‍കാലത്ത് മഞ്ഞുറഞ്ഞു തണുത്ത നിന്‍റെ കൈവിരലുകള്‍ എന്‍റെ കാല്‍വിരലുകളില്‍ നിന്നും മിഞ്ചി ഊരിയെടുത്തപ്പോള്‍ ഞാനറിഞ്ഞിരുന്നു സൂര്‍... എനിക്ക് നിന്നോടുള്ള എന്തോ ഒരിഷ്ടം. പലവട്ടം സ്വയം ചോദിച്ചെങ്ങിലും ഉത്തരം കിട്ടിയില്ല. അതായിരിക്കും ഞാനത് ആരേയും അറിയിക്കാഞ്ഞത്.
ആഗ്രാ സ്റ്റേഷനില്‍ നീയിറങ്ങുമ്പോള്‍ പറയാതെ പറഞ്ഞ എന്തോ... പറയാതെ അറിഞ്ഞ എന്തോ... നമുക്കിടയില്‍...
ആഴത്തിലേക്കിറങ്ങുന്ന നനവുള്ള കണ്ണുകളോടെ ട്രെയിനിന്‍റെ ജനാല കമ്പിയില്‍ ആരും കാണാതെ എന്‍റെ വിരലുകള്‍ ഞെരിച്ചമര്‍ത്തിയപ്പോള്‍
വേദന ഞാനറിഞ്ഞില്ല.
സൂര്‍... പല നേരത്തും നേര്‍ക്ക് നേരെ നോക്കനവാതെ വിദൂരതയിലേക്ക് നോക്കിയോ അല്ലെങ്കില്‍ മുഖം കുനിച്ചിരുന്ന ഓരോ നിമിഷങ്ങളും എന്തിനായിരുന്നു? ഒന്നിനുമല്ലെങ്ങില്‍ പിന്നെ എന്തിന്?
ആ ദിവസങ്ങളില്‍ നിന്‍റെ ഗന്ധം ഏറ്റുവാങ്ങി നിന്നെ പൊതിഞ്ഞിരുന്ന ചുവപ്പ് പൂക്കള്‍ തുന്നിയ ഷാള്‍ നീ അറിഞ്ഞുകൊണ്ടാണ് എന്‍റെ ബാഗിന്‍റെ അടുത്ത് മറന്നുവച്ചത്.
ആന്‍റിക്കൊപ്പം എത്തിയ ഞാന്‍ ആദ്യം പഠിച്ചതു നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ പാകം ചെയ്യാനായിരുന്നു.
പിന്നെ, കമ്പിളിയുടുപ്പുകള്‍ തുന്നാനും.
ഓരോ കത്തെനിക്കു വരുമ്പോഴും, ആന്‍റിക്ക് സംശയമായതിനലാവാം, 'പഠിച്ചു' കഴിഞ്ഞിട്ടാവും എനിക്ക് കിട്ടുക. പരിഭവം തോന്നിയിട്ടുണ്ടെങ്കിലും ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ, ആന്‍റി ഇല്ലാത്ത ഏതോ ഒരു നാളില്‍ നിന്‍റെ കത്ത് എനിക്ക് കിട്ടിയപ്പോള്‍ ഞാനേറ്റവും സന്തോഷിച്ചു.
എന്തുപറ്റി സൂര്‍? നിനക്കെന്‍റെ കത്ത് കിട്ടിയില്ലേ?
അതോ തിരിച്ചാണോ സംഭവിക്കുന്നത്?
എല്ലാ കത്തിലും ഞാന്‍ വ്യക്തമായി മേല്‍വിലാസം എഴുതിയിരുന്നല്ലോ?
ഒരു 'നീല' ജലരേഖപോലെ ഞാന്‍ നിന്നെ എല്ലായിടവും തിരഞ്ഞു.
പുറംതിരിഞ്ഞു നിന്നിരുന്ന ഓരോ രൂപങ്ങളും നിന്‍റെ പ്രതിച്ഛായയാണെന്ന് ഞാന്‍ കരുതി.
അവര്‍ തിരിഞ്ഞു നോക്കുന്ന വേളയില്‍ 'നീ' യല്ലെന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
ഏതോ ഒരു നാളില്‍, മരുന്നുകളാണെനിക്ക് കൂടുതല്‍ ചേരുന്ന കൂട്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു. പിന്നെ, കാലത്തിന്‍റെ 'കയ്യൊപ്പ്' പതിച്ചു തന്നതല്ലോ.. ചുവരിലെ ചിത്രങ്ങള്‍ എത്രനാള്‍ പുതുമയോടെ നിലനില്‍ക്കും? കുറേ കഴിയുമ്പോള്‍, ചായം മാഞ്ഞ ഭിത്തികളാകുമ്പോള്‍, ചിത്രങ്ങള്‍ക്ക് എന്തുവില?
ഒരു മാറ്റത്തിനു വേണ്ടിയാണ് ഞങ്ങള്‍ അവിടെയെത്തിയത്.
സൂര്‍... 'ലോട്ടസ് ടെമ്പിളി'ന്‍റെ വശ്യമനോഹാരിതയില്‍, മാര്‍ബിള്‍ കല്ലുകളുടെ നനുനനുത്ത തണുപ്പില്‍ ഞാന്‍ നിന്നെ കണ്ടപ്പോള്‍...
ഒന്ന് ചലിക്കാന്‍ കഴിഞ്ഞില്ല.
കാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ചപോലെ...
ശബ്ദിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ശാന്തമായ ആ നിശബ്ദതയില്‍ ഞാന്‍മാത്രമെങ്ങനെ സ്വരമുയര്‍ത്തും?
കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ കാഴ്ചകളെ മറച്ചിരുന്നു...
എങ്ങിലും, അവ്യക്തതയോടെ ഞാന്‍ കണ്ടു...
നിന്‍റെ പിന്നിലായി, സിന്ദൂരമണിഞ്ഞ മറ്റൊരു മുഖം.......
സൂര്‍... ഇനി നിനക്കായി ഞാന്‍ എഴുതില്ല. തിരിച്ചറിവിന്‍റെ പാത ഞാന്‍ കണ്ടെത്തി.
അല്ലെങ്ങിലും, എത്രനാള്‍ ഇങ്ങനെ അക്ഷരകൂട്ടങ്ങളെ പെറുക്കിവെച്ച് കാത്തിരിക്കനാകും?
ഒരുപക്ഷെ, ഇനി എഴുതാന്‍ ഞാനുണ്ടാവില്ല.
ആശുപത്രികിടക്കകള്‍ എനിക്ക് അരോചകമായി തുടങ്ങിയിരിക്കുന്നു.
സഹതാപമൂറുന്ന മിഴികളുടെ അകമ്പടിയാണ് എനിക്ക് ചുറ്റും.
മരുന്നുകളാണ് എന്‍റെ പ്രാണനെ തേടിയലയുന്നതിപ്പോള്‍.
വേദനയില്ല. ഒരു മരവിപ്പ് മാത്രം.
ഇപ്പോള്‍ ഇതാണെന്‍റെ മേല്‍വിലാസം.
എന്‍റെതു മാത്രമല്ല. ഒരുപാടു പേരുണ്ടിവിടെ.
എങ്കിലും ഈ മേല്‍വിലാസവും വ്യക്തമായി എഴുതാം.
ആ നാണംകുണുങ്ങി ഗുല്‍മോഹര്‍ നന്നേ ക്ഷീണിച്ചു. ശാഖികളൊക്കെ ആരോ തല്ലിക്കൊഴിച്ചു.
സൂര്‍... ഞാന്‍ നിന്നെ ഒന്ന് കാണാന്‍ ആഗ്രഹിച്ചിരുന്നു.
നിനക്കായി ഞാന്‍ നിന്‍റെ ചുവന്ന ഷാള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
എങ്കിലും നീ വരുന്നതുവരെ കാതോര്‍ത്തിരിക്കാന്‍ ഞാനുണ്ടാവുമോ എന്നറിയില്ല.
ഇനി നിനക്കായി എഴുതുവാന്‍ എനിക്കാവുമോ എന്നും.
കാണണം എന്ന് ഏറെ മോഹിച്ചിരുന്നു.... ... ഒരിക്കലും ആരോടും പറയാത്ത ഈ 'സ്നേഹത്തെ'.....
നിര്‍ത്തുന്നു...
ഊര്‍മി.
സൂറിന് ആ കത്തിലെ മേല്‍വിലാസം വളരെ പെട്ടെന്നുതന്നെ കണ്ടെത്താനായി. ഹോസ്പിറ്റലിന്‍റെ റിസെപ്ഷനില്‍ ആ പേര് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് അയാളെ മറ്റൊരു ഭാഗത്തെക്ക് കൂട്ടികൊണ്ടുപോയി. ആ നീണ്ട ഇടനാഴിക്കപ്പുറം വെള്ളപൊതിഞ്ഞ ഒരു ശരീരം രണ്ടുപേര്‍ ഒരു സ്ട്രെചെറില്‍ കൊണ്ടുവരുന്നുണ്ടായിരുന്നു. മുഖത്തെ വെളുത്ത തുണി മാറ്റി അതിലോരാള്‍ 'ഇതാണോ?' എന്ന് ചോദിച്ചു.
സൂറിനൊന്നും പറയാന്‍ കഴിഞ്ഞില്ല. വെള്ള കൈലേസില്‍ പൊതിഞ്ഞ ഒരു ജോഡി 'സ്വര്‍ണമിഞ്ചി' അയാളുടെ കയ്യിലിരുന്നു വിറകൊണ്ടു. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നപ്പോള്‍ ആ ഇടനാഴിയില്‍ എവിടെയെങ്കിലും അവളുടെ പാദ പതനം കേള്‍ക്കുന്നുണ്ടോ എന്നയാള്‍ കാതോര്‍ത്തു.



0 comments:
Post a Comment