• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Thursday, 11 January 2024

Posted by Aami
No comments | 05:25

 


പ്രണയ നെല്ലിക്ക

ഞാൻ നിന്നിൽ ഇല്ലാതെ ആയെന്നു
നീയെന്നേ ഓർമ്മപ്പെടുത്തിയ
ഇന്നിന്റെ പകലുകൾ

കവിതയിലൂർന്ന  തീഷ്ണമായ
വരിക ള ത്രയും
നിനക്കായി  മാത്രമായിരുന്നു

ഓരോ എഴുത്തിലും
അക്ഷര പൊട്ടിലും
ഒളിഞ്ഞും തെളിഞ്ഞും
നീയായിരുന്നു.

എഴുതി. തുടങ്ങിയാൽ
അവസാനിക്കുന്നത്  നിന്നിലായിരുന്നു

തീഷ്ണമായ  വരികൾ
നിനക്കയുതിരുന്നു
നീ പടിയിറങ്ങിയപ്പോൾ
പുറത്തൊരു മഴ
പെയ്തു തുടങ്ങി
ശമനമില്ലാത്ത താളത്തിൽ

നിനക്കീ  മഴയെന്ന പേര് വേണ്ട
മഴയെക്കുറിച്ചു
ഞാനെഴുതിയതൊക്കെ
പൊട്ട പ്രബന്ധങ്ങളെന്ന
നിന്റെ വാദം  എത്ര ശരി

വിസ്മയങ്ങൾ ഒതുക്കുന്ന
അപ്പൂപ്പൻ താടി  കഥ കളിൽ
ഋതു ഭേദങ്ങൾ അറിയാത്ത നീ,

ഋതു കഴിഞ്ഞേഴാം  നാൾ
തണുപ്പിൽ  മുങ്ങിനിവരും
വിസ്മയ പൂട്ടുകൾ
എന്നിലലിഞ്ഞുയരും
മന്ദഹാസ മുകുളങ്ങൾ
തിരിച്ചറിയാതിനി
നെഞ്ചിൻ  താളിലേക്ക്
വലിച്ചെറിയാതിരിക്കുക

 ആദ്യ മധുരവും പിന്നെ
കൈയ്പ്പും
 നിറഞ്ഞ 
പ്രണയ നെല്ലിക്കയിലെ
വിഷാദഛവികൾ
നിന്റെ നേർത്ത മണങ്ങളെ
ചേർത്തണക്കുന്ന ദലമർമ്മരം
വിട്ടകലുംമ്പോഴും
ഓരോയിടങ്ങളിലും
നിന്റെ നേർത്തയോർമ്മകൾ
ജനാലക്കരികിൽ,നിന്റെ -
പേരെഴുതിയ  മഷിയുണങ്ങാത്ത 
മഴ  നനഞ്ഞ താള്...........!


Sunday, 7 January 2024

Posted by Aami
No comments | 10:21

 സ്മാർത്തം

ഹേ.... നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ...?
ഇനി അഥവാ പ്രണയിക്കപെടുന്നുണ്ടാവുമോ..?
ചിന്തിക്കുക..!
ഇല്ലെങ്കിൽ.... അല്ലെങ്കിൽ
വേണമെങ്കിൽ പ്രണയിക്കാം..
പ്രണയിച്ചിട്ടു........
മനസ്സിലെ  മൗനത്തിന്റെ
ചില്ലയിലെ  പ്രണയം
ഉതിർത്തെടുത്തു
നുണയുക..........

പിന്നെ, മിഴികളിൽ
ആർദ്രം നിറച്ചു
മൗനവും പ്രണയവും
ഇഴ പിരിച്ചു
 ഒരു വാചാലമായ നോട്ടത്തിൽ
പ്രണയത്തെ കൊരുത്തെടുത്തു
ചുണ്ടിൽ വിരിയുന്ന
ഉഷ്ണ പ്രവാഹമുള്ള
ചുംബനങ്ങളിൽ മുങ്ങി നിവർന്നു
അഗ്നി തിളക്കും
മനസ്സിന്റെ നഗ്നതയിൽ
മുങ്ങി മരിച്ചു
കവിതകളെ, അക്ഷര-
പൊട്ടുകളാൽ ഗർഭം ധരിപ്പിച്ചു
ആഴത്തിലമർന്നു കിടന്ന
നഖ ശിഖാന്തങ്ങളിലെ
വിണ്ടു കീറിയ വാക്കുകളിലെ
അടച്ചിട്ട ഒച്ചകളിലൂടെ
പരസ്പരം ഊർന്നിറങ്ങി
നനുത്തതും  തെഴുത്തതുമായ
ചിന്തകളുടെ, ഓർമ്മ പായലുകളിലെ
ട്രാൻസ്പേരെന്റ് സ്ട്രാപ്പ് ഉടുപ്പുകളിലെ
മേബലിൻ  ലിപ്സ്റ്റിക്കുകളിലെ
പ്രണയത്തിന്റെ
ഉപ്പുകുടിച്ച  വഴുക്കലുകളിൽ നിന്നു
കവിതയിലെ കവിതകളെ
 ചൂഴ്ന്നെടുത്തു
ഉടച്ചു വാർത്തോരാത്മഹത്യാ
കുറിപ്പിനി ഉണ്ടാവാതിരിക്കട്ടെ.......


Posted by Aami
No comments | 10:19

 കവിത - വെയിൽ പക്ഷി



അടക്കി വെക്കാം മനസ്സിനെ
പേരിടാത്ത പുസ്തകത്തിന്റെ
അക്ഷരത്താളുകളിൽ
 നിന്റെ ആത്മാവ് ആവാഹിച്ച
മനസ്സിന്റെ ആഴക്കടലിൽ-
ഒളിപ്പിച്ച സംവേദനങ്ങളെ
പണിതീരാത്ത  മനസ്സിലെ
സ്വപ്നക്കോട്ടകളെ
നിന്റെ നെടുവീർപ്പിലുതീർന്നും
പിന്നെ, ഒറ്റവരിയിലമർന്നു
പോയോരാഴക്കടലിനെ,
കാട്ടുവേലി ശീമക്കൊന്ന
പൂവിൻ താഴെ
അരുതുകൾ  തീർത്ത
അതിരിൻ ചാരേ..
വരികളിൽ നിറഞ്ഞാ-
ഴങ്ങളിൽ അമർന്നു.....
വാക്കുകൾ കോർത്തു വെച്ചു
ഇഷ്ട്ടങ്ങളെ തുന്നി പിടിപ്പിച്ചു
തണൽ  മരമായും, പിന്നെ
തണുപ്പിക്കും കാറ്റായും.....
നാഭി ചുഴിയിൽ  കൊടുങ്കാറ്റു -
തീർക്കും പൂമര ചില്ലയിലെ
നീഡ  ഹൃദയത്തിലൊരിടം
തേടിയലഞ്ഞ  നാളുകൾ
പിന്നിടുമ്പോഴും
നിലാവിൽ വരഞ്ഞ ചിത്രങ്ങൾ
ഉതിർത്ത വിരലുകൾ
മീനുരച്ചും മുളകരച്ചും
തേഞ്ഞു പോയ കഥയോർത്ത്
തപിക്കാതൊരു  വെയിൽ പക്ഷി
നിബന്ധനകളെ മറന്നു
വെയിൽ പൂക്കളെ ഞെരിച്ചു
ഉടലിൽ വീർപ്പു മുട്ടി പിടയുന്ന
പ്രണയത്തെ കുടഞ്ഞെറിഞ്ഞു
ഉള്ളിൽ തികട്ടും കവിതയുടെ
കരൾമുറിച്ചെടുത്തു
ഹൃദയ ത്തിൽ നിന്നും
പടിയിറങ്ങി പോയ 
ഓർമ്മകളെ കാഞ്ഞൊരു
വെയിൽ പക്ഷി............... നീ!