ഓരോ ഫോട്ടോക്ക് പിന്നിലും
ഒരു കഥയുണ്ടാവും,
മുന്നിലും.....
ഒരു ഫോട്ടോ ഗ്രാഫർടെ
ക്യാമറ വ്യൂവിൽ
എന്തൊക്കെ കാഴ്ചകൾ
ആവും ഫോക്കസ് ചെയ്യുക..?
മാറുന്ന കാലത്തിന്റെ
ഒഴുക്കിനനുസരിച്ചു,
മാറുന്ന മുഖത്തിന്റെ
ചുളിവുകൾ, ഘടനകൾ
മഷിപടർന്ന കണ്ണുകൾ
വെള്ളി നൂൽ പാകിയ
മുടിയിഴകൾ o
അർത്ഥവും, ഉച്ചാരണവും
വിവർത്തനവും ഒറ്റ ക്ലിക്കിൽ
അതുമല്ലെങ്കിൽ
കറുകത്തുമ്പിൽ
ഉതിർന്നു വീഴാനൊരുങ്ങുന്ന
കുഞ്ഞു ഹിമ കണത്തെ,
ചില്ലുജാലകത്തിലെ
കണ്ണീർ തുള്ളിയായി
ശേഷിക്കുന്ന, മഴത്തുള്ളികളെ
അതുമല്ലെങ്കിൽ
വാകച്ചാർത്തുകൾ
ഇലപൊഴിച്ച, മഞ്ഞു കാല
ഓർമ്മകൾ പേറുന്ന -
നഷ്ട്ടമായ രാജമല്ലി
കാഴ്ചകൾ ഒപ്പിയെടുത്ത
പൂപ്പൽ ചിതറിയ ഓർമ്മകളെ
തെരുവോരം
പിഞ്ഞികീറിയ
കുട്ടിയുടുപ്പിട്ട
പാറിപറന്ന, മുടി-
യിഴകളോടെ, പശി-
യകറ്റാൻ പഴുതറിയാതെ
കയ്യിലെ നാണയതുട്ടിൽ
നോക്കിയിരിക്കുന്ന ബാല്യ
കാഴ്ചയാവും കറുപ്പും വെളുപ്പും
നിറഞ്ഞ ഫോട്ടോക്ക്
പ്രചോദനമായിട്ടുണ്ടാവുക.
അവളുടെയോ, അവന്റെയൊ
രുചി മുകുളങ്ങളൊരിക്കലും
അറിയാത്ത ലഡ്ഡുവും,ജിലേബിയും
മധുരിക്കുന്ന കാഴ്ചയെ,
ഐസ് ക്രീം നുണയാത്ത
ചുണ്ടുകളിൽഅവളെറിയാതെ -
യൊരു തണുപ്പിന്റെ
നനവിറക്കുന്ന കൊതിപൂണ്ട നോട്ടത്തെ,
ഇറയത്തു തൂങ്ങിയാടുന്ന
പുകയേറ്റ് തപ്പിച്ച
മഞ്ഞളിപ്പടർന്ന
ബ്ലാക്ക് ആൻഡ് വൈറ്റ്
കല്യാണ ഫോട്ടോയിൽ
നോക്കവേ, അച്ചന്റെ
ശൂന്യത അമ്മയുടെ
കണ്ണുകളെ കുതിർക്കാറുള്ള കാഴ്ച
ഒരു കറുത്ത കാലൻകുട
പൊക്കിയെടുക്കാൻ നോക്കുന്ന
ഒരു വയസുള്ള വട്ടപൊട്ടുകാരി
കുസൃതി കണ്ണുകളോടെ
നുണക്കുഴി തീർത്ത
ചിരിയുമായി...
ഫ്യൂജിക്യാമറയിൽ
ഒപ്പിയെടുത്ത ചിത്രം
തൊട്ടുതാഴെമിഴിവോടെ.
നനുത്ത മേനിയിൽ
അഴകോലും
വെള്ളിയരിഞ്ഞാണ
കൂമ്പിൽ തെരുപ്പിടിപ്പിച്ചു
കരിമഷി പടർന്ന കണ്ണുമായി
വട്ടകസേരയിൽ കൈ
ചുറ്റി മറ്റൊരോർമ്മയുണർത്തും
പഴയകാല ചിത്രം
മുല്ലപ്പൂവ് കെട്ടിയ മുടിച്ചുരുൾ,
വിടർത്തിയ പാവാടക്കാരിയെയും
പൊടി മീശക്കാരനെയും, ഒക്കെ
ഓർമ്മകളുടെ
ഓരത്തേക്ക് കൈപിടിച്ച്
ഇന്നും നടത്തുന്ന
ഫീൽഡ് ക്യാമറയിൽ
പതിഞ്ഞ സ്കൂൾ ഗ്രൂപ്പ് ഫോട്ടോ.
പാട്ടുപാവാട ഞൊറിയിട്ടു
ശാലീന സൗന്ദര്യം
ഒപ്പിയെടുത്ത നാടൻ ചേലിനു
മധുര പതിനേഴിനഴക് തീർത്ത
ഓട്ടോമാറ്റിക് ക്യാമറ.
മുറ്റത്തെ കണിക്കൊന്നയിൽ
കൈ ചുറ്റി, കവിത വിരിഞ്ഞ
കണ്ണുകൾ കൂമ്പിയ
ആദ്യത്തെ ദാവണിയഴക്
ഈസ്റ്റുമാൻ കളറിൽ
ഒട്ടും മങ്ങാതെ കാലത്തിന്റെ
ശേഷിപ്പായി ഇന്നും.
വാകപ്പൂവുകൾ മഞ്ഞ
പരവതാനി വിരിച്ച
വഴിയിലെ ആദ്യ സമാഗമം
ഐറിഷ് ഡെപ്ത്തിൽ ഒപ്പിയെടുത്തതു
ഒരുപ്രേമം മൊട്ടിടാൻ
തുനിയുന്ന അനർഘ
നിമിഷത്തിൻ
ഓർമ്മപൂവായി വാടാതെ
ശേഷിക്കുന്നു.
നാളുകൾ കഴിഞ്ഞു
നിവർത്തു നോക്കുമ്പോൾ
പതിനാറിന്റെയും, പതിനേഴിന്റെയും
ശോണിമ കവിളിൽ തീർക്കുന്ന
നാണത്തിൽ പൊതിഞ്ഞ ടീനേജ്.
ഒരു പെണ്ണുകാണൽ
ചടങ്ങിന് മുന്നോടിയായി
നീലവിരിയിട്ട ജാലക
കോണിൽ നഖമുനയാൽ
കളം വരച്ചു ദാവണി തുമ്പ്
കടിച്ച്, വാചലമായ
കണ്ണിൻ ഒളിഞ്ഞു നോട്ടം
ടൈമർ ക്യാമറയിൽ
ഒപ്പിയെടുക്കാൻ തോന്നിച്ച
അനർഘ നിമിഷം
ഓർമ്മകളെ തൊട്ടുണർത്താറുണ്ട്.
ചോര ചിന്തിച്ച
കാതു കുത്തിൻ
വേദനയെ ഒപ്പിയെടുത്ത
ട്വിൻ ലൻസ് റീഫ്ളക്സ് ക്യാമറ
മോതിരം മാറുമ്പോൾ
സിംഗിൾ ലെൻസ് റിഫ്ലെക്സ്-
ക്യാമറ പകർത്തിയ
ആദ്യനാണവും രോമഹർഷവും
നിറയുന്ന കണ്ണിലെ
നാണത്തിന്റെ നെയ്യ് വിളക്കുകൾ
ഒരു സ്വർണ തളികയിൽ
കല്യാണ പുടവ, കാൽ തൊട്ടു
വാങ്ങുമ്പോൾ
ഒറ്റ നോട്ടത്തിൽ ഒളിപ്പിച്ച
കള്ളനാണം ഒപ്പിയെടുക്കുന്ന
കാൻഡിഡ് ഫോട്ടോഗ്രഫി.
ആദ്യ ചുംബനം
അവസാന ചുംബനം
കറപ്പും വെളുപ്പും
അഴകിൽ നിന്നും
വർണ്ണ വൈവിധ്യ-
ങ്ങളിലേക്കുള്ള കുടമാറ്റം.
നാളെ ഓർമ്മകളുടെ
പടിക്കെട്ടിൽ അവശേഷിപ്പിച്ചു
പോകുന്ന മരണമില്ലാത്ത
ചിത്രങ്ങൾ
കറുപ്പിൽ, വെളുപ്പിൽ
സപ്ത വർണ്ണങ്ങളിൽ
ടെക്‌നോളജിക്കൊപ്പം
ഡിജിറ്റിലൈസേഷനായി
നിറയട്ടെ എന്നും ഓർമ്മപ്പൂക്കളായി
****************************** *****
Publishef Asianet
Publushed manorama



0 comments:
Post a Comment