Saturday, 4 February 2023
Posted by Aami
No comments | 11:24
ഒരു തുടം കണ്ണീർ
ഓരോ കണ്ണിലും
ബാക്കിയാക്കി
വിജനമാം തീരവുമായ്
ശാന്തമായൊഴുകുന്നു,(?)
അലകളൊടുങ്ങിയ കടൽപോലെ
തിരകൾ മറന്ന കരപോലെ
ഒരൊറ്റ കമ്പിയിൽ
ജീവിതമെന്ന തൂക്കുപാലം
പാപഭാരത്താൽ, രാത്രികളെ
കണ്ണീരിൽ കുതിർത്തു മോർബി
തുരുമ്പിച്ച ഓർമകളിൽ
ചേതനയറ്റ
നൂറ്റി മുപ്പത്തിയാറ്
പ്രാണന്റെ തുടിപ്പുകൾ
വിഷാദത്തിന്റ -
ബാക്കിപത്രവും പേറി
ഒഴുകി നടക്കുന്ന 'മഛു'
നെടുവീർപ്പുകൾ മുങ്ങിയ
ഭീതിയുടെ താഴ്വാരത്തേക്ക്
പിടി വിട്ടു നിലവിട്ടു -
പൊലിഞ്ഞ ജീവനുകൾ
മുകളിൽ അവശേഷിപ്പായി
ഉടയാടത്തുമ്പുകൾ
ഒറ്റ കമ്പിയിൽ
കാറ്റിലാടുന്ന -
തുരുമ്പു വീണ
സ്‌മൃതികൾ പേറിയ
കൊഴിഞ്ഞ ശലഭ ചിറകുകൾ
വേദന കാഴ്ചകൾ
കോർത്ത നേരങ്ങൾ
ആഴങ്ങളിൽ നിഗൂഢതകൾ
നിറഞ്ഞ ചുഴികൾ ഒളിപ്പിച്ചു
ഓർമ്മ പെടുത്തലിൻ
നീറ്റൽ മാറാതെ,
മനസിന്റെ ഉള്ളറകളിലെ
വിതുമ്പുന്ന ഓർമ്മകളിൽ
കൂനകൂട്ടിയ അവശിഷ്ട്ട
ശേഷിപ്പുകളിൽ
ഓർമ്മച്ചിരാതുകൾ
തെളിയുമ്പോൾ
ഇപ്പോഴും കഥമറന്നു
ശാന്തമായൊഴുകുന്നു,മഛു.
Subscribe to:
Post Comments (Atom)



0 comments:
Post a Comment