കവിത - വെയിൽ പക്ഷി
Sunday, 7 January 2024
Posted by Aami
No comments | 10:19
അടക്കി വെക്കാം മനസ്സിനെ
പേരിടാത്ത പുസ്തകത്തിന്റെ
അക്ഷരത്താളുകളിൽ
നിന്റെ ആത്മാവ് ആവാഹിച്ച
മനസ്സിന്റെ ആഴക്കടലിൽ-
ഒളിപ്പിച്ച സംവേദനങ്ങളെ
പണിതീരാത്ത മനസ്സിലെ
സ്വപ്നക്കോട്ടകളെ
നിന്റെ നെടുവീർപ്പിലുതീർന്നും
പിന്നെ, ഒറ്റവരിയിലമർന്നു
പോയോരാഴക്കടലിനെ,
കാട്ടുവേലി ശീമക്കൊന്ന
പൂവിൻ താഴെ
അരുതുകൾ തീർത്ത
അതിരിൻ ചാരേ..
വരികളിൽ നിറഞ്ഞാ-
ഴങ്ങളിൽ അമർന്നു.....
വാക്കുകൾ കോർത്തു വെച്ചു
ഇഷ്ട്ടങ്ങളെ തുന്നി പിടിപ്പിച്ചു
തണൽ മരമായും, പിന്നെ
തണുപ്പിക്കും കാറ്റായും.....
നാഭി ചുഴിയിൽ കൊടുങ്കാറ്റു -
തീർക്കും പൂമര ചില്ലയിലെ
നീഡ ഹൃദയത്തിലൊരിടം
തേടിയലഞ്ഞ നാളുകൾ
പിന്നിടുമ്പോഴും
നിലാവിൽ വരഞ്ഞ ചിത്രങ്ങൾ
ഉതിർത്ത വിരലുകൾ
മീനുരച്ചും മുളകരച്ചും
തേഞ്ഞു പോയ കഥയോർത്ത്
തപിക്കാതൊരു വെയിൽ പക്ഷി
നിബന്ധനകളെ മറന്നു
വെയിൽ പൂക്കളെ ഞെരിച്ചു
ഉടലിൽ വീർപ്പു മുട്ടി പിടയുന്ന
പ്രണയത്തെ കുടഞ്ഞെറിഞ്ഞു
ഉള്ളിൽ തികട്ടും കവിതയുടെ
കരൾമുറിച്ചെടുത്തു
ഹൃദയ ത്തിൽ നിന്നും
പടിയിറങ്ങി പോയ
ഓർമ്മകളെ കാഞ്ഞൊരു
വെയിൽ പക്ഷി............... നീ!
Subscribe to:
Post Comments (Atom)



0 comments:
Post a Comment