എന്റെ പള്ളിക്കൂട വരാന്ത വീണ്ടും ഓര്‍മ്മ ചെപ്പില്‍
ഇന്നലെ ഞാന്‍ വീണ്ടും എന്റെ പള്ളിക്കൂടവരാന്തയുടെ ഓർമകളില്‍ ആഴ്ന്നു പോയ്.
ഒരുപാട് നാളുകള്ക്ക് ശേഷം ഞാന്‍ ആ പഴയ ഇടവഴിയോരം കടന്നു പോയപ്പോള്‍, മാറ്റങ്ങള്‍, ഒരുപാട്. ചുറ്റുമതില്‍ കെട്ടി മനോഹരമാക്കിയിരിക്കുന്നു, പഴയ ആ യൂണിഫോം നിറമായ നീലയും ,വെള്ളയും,ഓറഞ്ച് നിറമുള്ള റിബ്ബണും മാറ്റമില്ലാതെ.
അപ്പോള്‍ പിന്നെ മാറിയിരിക്കുക ആരാവും ,(?) എന്ത് ചോദ്യം?
എല്ലാപേരും മാറീല്ലേ?
ഞാന്‍ മാറീ ല്ലന്നെ ........... സത്യം.
ഞാനിന്നും കുട്ടി പാവാട ഇട്ടു ,പോകണ പഴയ കുട്ടി തന്നെ..
ഓർമ്മചെപ്പിലെ കുന്നിമണി പോലെ .................
വരാന്തയുടെ വടക്കേയറ്റം താഴെ കിലുകിലുക്കി മഞ്ഞ പൂവണിഞ്ഞു നിന്ന പുലർകാലങ്ങൾ. അതിനപ്പുറമായിരുന്നു ഈശ്വരി അമ്മ യുടെ ഉപ്പുമാവു വിളയിക്കണ ചെറിയ അടുക്കള. ഉച്ചയാവുമ്പോൾ കൊതിപ്പിക്കു ന്ന മണവുമായി എത്തുന്ന ആ കാറ്റ് ....
പക്ഷെ ആ ഉപ്പുമാവു ഒരിക്കലും ഞങ്ങള്ക്ക് കിട്ടീരുന്നില്ല ...
സ്കൂളിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള ചിലര്‍ക്ക് മാത്രം.
എന്ത് ചെയ്യാൻ ?
കൊതി എല്ലാരിലും ഒരേപോലെ അല്ലെ ?
അവിടെ വലുതെന്നോ ചെറുതെന്നോ ഇല്ലല്ലോ.
അതിനൊടുവിൽ പരിഹാരം കണ്ടത് എന്റെ കൂട്ടുകാരനായിരുന്നു.
പലപ്പോഴും വട്ടയിലയിൽ ആരും കാണാതെ ഞങ്ങൾ ആ ഉപ്പുമാവു കഴിച്ചു
പലപ്പോഴും വിരലുകൾ പരസ്പരം കെട്ടുപിണയുംബോൾ ആവും ഇലയിലെ ഉപ്പുമാവു തീര്ന്ന കാര്യം ഞങ്ങൾ അറിയുന്നതു.
ആ വിരലുകൾ കേട്ടുപിണഞ്ഞപ്പോഴുള്ള ഇളം ചൂടായിരുന്നോ സ്നേഹത്തിന്റെ ആദ്യ സ്പര്ശം ? ആയിരിക്കാം.
കാക്കി നിക്കറിന്റെ പോക്കറ്റിൽ തീപ്പെട്ടി കൂടുകളിൽ നീ എനിക്കായി കരുതി വച്ചിരുന്ന പല നിറത്തിലുള്ള ചോക്ക് കഷണങ്ങൾ. സ്കൂളിന്റെ എതിര് വശത്തായിരുന്നു പിഡബ്ലിയുഡി രെസ്റ്റ് ഹൌസ് . അവിടെ ഞങ്ങൾ മിക്കവാറും ടാറിൽ വീണ ശുനകന്മാരെ കാണാറുണ്ടായിരുന്നു. റസ്റ്റ് ഹോമിന്റെ ഒരരികിൽ ചുണ്ടക്ക ഉണക്കിയത് അവനായിരുന്നു പെറുക്കി കൊണ്ട് വന്നതും. എന്നിട്ട് സിമിൻറ് വരാന്തയിൽ ഉരസി ചൂടാക്കി ഒരു കാര്യം പറയാം ന്നു പറഞ്ഞു എന്റെ പാവാട തുമ്പ് മുട്ടിന് മേലെ കയറ്റി വച്ച് ചൂടാക്കിയ ചുണ്ടകാ കൊണ്ട് പൊള്ളിച്ചതും.
പിന്നെ ഏതോ ഒരുച്ച നേരം.
വാക യുടെ ഉണങ്ങിയ കായ ഈന്തപഴം ആണെന്ന് പറഞ്ഞു എന്നെ കൊണ്ട് കഴിപ്പിച്ചതും , പിന്നെ ഞാൻ ശർദിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞതും, ഏതോ ഓർമയിൽ വീണ്ടും.
പി ഡബ്ലിയുഡി രെസ്റ്റ് ഹൌസിൽ വച്ചായിരുന്നു ഒരുച്ച നേരം ഞങ്ങൾ ആദ്യമായി തോപ്പിൽ ഭാസി എന്ന മഹാനായ വ്യക്തിയെ കണ്ടതും. പിന്നെ വെറ്റമഷി ക്കായി അടുത്ത പറമ്പിൽ തിരയും നേരമായിരുന്നു പൊട്ടിവീണ മഴതുള്ളികൾ ഞങ്ങളെ നനച്ചതും, എന്നെ നനയാതെ ചേമ്പില തുംബാൽ കുടപിടിച്ചതും, എന്റെ നെറ്റിയിലെ ചുവന്ന ചാന്തുപൊട്ട് നനഞ് ഒഴുകി അവന്റെ വെള്ള ഉടുപ്പിൽ ചിത്രം വരച്ചതും, ഒരു നനഞ്ഞ ഉച്ചനേരം ആയിരുന്നു.
സ്കൂളിലെ വാകമരചാര്തുകളും, ബദാം മരങ്ങളും തണൽ വിരിച്ച ആ മുറ്റം ഇന്ന് ഒരു പ്ലേ ഗ്രൌണ്ട് ആയിരിക്കുന്നു . അത്രേയുള്ളൂ ഒരു മാറ്റം.
ഇനിയും എഴുതുവാൻ കൈ വിരലുകൾ തുമ്പുകൾ മടിച്ചു നില്ക്കുന്നു .
ആദ്യ കുട്ടി പ്രണയം നിന്റെ ആയിരുന്നു.
വെള്ളാരം കല്ലുകളും , വേളാങ്കണ്ണി പള്ളിയിൽ പോയി വന്നിട്ട് നീ കൊണ്ടുവന്ന മാതാവിന്റെ ലോക്കേറ്റ് ,കന്യാകുമാരിയിൽ നിന്നും നീ കൊണ്ടുവന്നു തന്ന കക്കകളും ,പിന്നെ നീ എനിക്കായി വാങ്ങിതന്ന മിട്ടായി കളുടെ വർണകടലാസുകൾ... പെറ്റുപേരുകുമെന്നു പറഞ്ഞു നീ തന്ന മയിൽപീലിതുണ്ടുകൾ, ക്ലാസ് മുറിയിൽ കണക്കു ടീച്ചർ എണ്ണം പഠിപ്പിക്കാൻ കൊണ്ടുവന്ന മഞ്ചാടി മണികൾ മഷിക്കുപ്പിയിൽ ഇട്ടു വെച്ചത് നീ എനിക്കായി കട്ടെടുത്തുതന്നതും ഞാൻ സൂക്ഷിച്ചിരുന്നു.
നിന്റെ മരണ വാര്‍ത്ത പത്ര താളുകളിൽ നിന്ന് ഞാൻ അറിയും വരെയും.



0 comments:
Post a Comment