"അമ്മേടെ സ്കൂൾ അല്ലെ ...,? "
"ഉം ...." വെറുതെ മഴയെ നോക്കി മൂളി ,
"നോക്ക് ... അമ്മേടെ ക്ലാസ്സ് ഇതായിരുന്നോ ..?" അവളുടെ ചോദ്യം വീണ്ടും ...
"എല്ലാ മുറികളും അമ്മേടെ ക്ലാസ് മുറികൾ ആയിരുന്നു"
"അതെയോ ! പറഞ്ഞെ അമ്മെ , അമ്മേടെ കുട്ടിക്കാലം, എനിക്ക് കേള്‍ക്കണം .... "
"വീട്ടിലെത്തട്ടെ മോളെ.."
"ഇപ്പം വേണം.."
അവൾ ചിണുങ്ങാൻ തുടങ്ങി ..
ഇവിടെയാണ് ഇണക്കവു പിണക്കവും ആദ്യമായി അറിഞ്ഞ വഴിത്താരകൾ .
ഉച്ചക്കുള്ള ഉപ്പുമാവിന്‍റെയും നാട്ടിടവഴിയിലെ കണ്ണിമാങ്ങയുടെയും സ്വാദും ആദ്യമായി അറിഞ്ഞത്....
വഴിവക്കിലെ കച്ചവടക്കാരന്‍റെ കയ്യില്‍നിന്നും കയ്പ്പ് നെല്ലിക്ക ഉപ്പുമായി തിന്നത്...
ഓറഞ്ച് നിറമുള്ള, ഉള്ളിൽ തേൻ നിറഞ്ഞ മിട്ടായി ആദ്യമായി നുണഞ്ഞത്...
ലോലോലി ക്ക ഉപ്പിലിട്ടത്, അല്ലികൾ അടർത്തിയ കമ്പിളിനാരങ്ങയുടെ മധുരം നുകര്‍ന്നത്...
"ഇതൊക്കെ കിട്ടുമോ അമ്മെ എനിക്കും .. ?" അവളുടെ ചോദ്യം .
"പിന്നെ ... കിട്ടും കിട്ടും..!" അവൾ ലോലി പോപും ,കാ ഡ്‌ബറീ സും ബർഗറും ആണല്ലോ കണ്ടി രി ക്കുന്നത് .
ഈ വരാന്തയിൽ ആണ് ആദ്യമായി കൊത്തംകല്ല് കളിയ്ക്കാൻ പഠിച്ചത്. വളമുറികൾ ചേർത്ത് വെച്ച് സെറ്റ് കളിയ്ക്കാൻ പഠിച്ചത്. മഴയുള്ള സമയം വരാന്തയിൽ ഇരുന്നു കുട്ടിപ്പാവാടക്ക് താഴെ കണങ്കാല്‍ നനച്ചത് ,
ചെളിവെള്ളത്തിൽ ഒഴുകി പോകുന്ന ചെരുപ്പെടുക്കാൻ കുടയില്ലാതെ ഓടി മഴയത് ഇറങ്ങുന്നത്....
നനഞ്ഞ മുടിയിഴകൾ കുഞ്ഞുവിരലുകൾ കൊണ്ട് പിഴിയുന്നത്...
വൈകുംന്നേരം കലപില പറഞ്ഞു റോഡ് അരികിലൂടെ,
ഇടയ്ക്കു പിണങ്ങി ഓടിയും പിന്നെ നടന്നും കിതച്ചും വഴിയിലെ പുളിമരത്തിൻ കീഴെ വീണ പുളി പെറുക്കിയും ഏതെങ്കിലും വീട്ടില്‍ കയറി വെള്ളം കുടിച്ചും വീടെത്തുമ്പോഴേക്കും ആ ദിവസം തീർന്ന വി ഷമം ബാക്കിയാവുന്നു. പിന്നെ വൈകുന്നേരം സന്ധ്യാദീപത്തിന്‍റെ മുന്നിലിരുന്നു "രാമ.. രാമ..." എന്നുരുവിടുമ്പോഴും കണ്ണുകൾ മുന്നിലെ വഴിയരികിൽ ആവും, കാരണം അച്ചച്ചൻ പീടികയിൽ പോയി വരുമ്പോൾ കൊണ്ട് വരുന്ന കടല വറുത്തതാണ് ഈ രാമ രാമ യുടെ ലക്‌ഷ്യം .
ഓർമ്മകളിൽ ഇനിയും ബാല്യം അങ്ങിനെ തന്നെ.
മുടിയിഴയിൽ നര കണ്ടു അത്ഭുതപ്പെട്ടു മകൾ പറയുന്നു
"അമ്മെ.. അമ്മ നരച്ചു !"
എന്നിട്ടും എന്‍റെ മനസ്സിൽ ഞാൻ ഇപ്പോഴും പഴയ ആ കുട്ടിപ്പാവാടക്കാരി തന്നെ. കുട പിടിച്ചു മഴ നനയാൻ മനസ് വെമ്പുന്ന കുട്ടിപ്പാവാടക്കാരി.
പുസ്തകസഞ്ചി യിൽ സ്ലയിറ്റിനൊപ്പം വാടിയ വെറ്റ മഷി തണ്ടുകൾ ഉണ്ടാവും. പിന്നെ എണ്ണം പഠിക്കാൻ ഒഴിഞ്ഞ മഷിക്കുപ്പിയിൽ നിറച്ച മഞ്ചാടി മണികളും... കളർ ഉള്ള കല്ല് പെൻസിലുകൾ... ഒന്നാം പാഠം നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറിൽ ഇട്ടു ആണ് സൂക്ഷിക്കുന്നത്. കേട്ടെഴുത്ത് കഴിയുമ്പോൾ എല്ലാം ശരിയായാൽ ക്ലാസിലെ ഫസ്റ്റ് സീറ്റിലേക്ക് സ്ഥാന കയറ്റം..
ഓര്‍മ്മകളുടെ ചെപ്പിൽ ഇനി എന്തൊക്കെ..??.
കുറുമ്പി യായ റാണി..
പല്ല് പൊട്ടിയ അഞ്ജലി..
തല നിറയെ പേൻ നുരക്കുന്ന ഉഷ..
ഒന്നും പഠിക്കാത്ത സതി..
ചെവി കേള്‍ക്കാത്ത ബോബൻ..
ചൂടെടുക്കുമ്പോൾ അമ്മ കാണാതെ ബെഡ് ഷീറ്റു ഫ്രീസറിൽ വെച്ചിട്ട് പുതയ്ക്കുന്ന ഷിബു...
ഏത് നേരവും മിട്ടായി തിന്നുന്ന അനുജ...
എപ്പോഴും വഴക്കുണ്ടാ ക്കുന്ന സുമ...
ഇനിയും ഓർത്തെടുക്കാൻ ആരൊക്കെയോ?
ഒന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്ലയിറ്റ് പൊട്ടിച്ച ബഹുമതി എനിക്ക് സ്വന്തം, 32 സ്ലയിറ്റ് പൊട്ടിച്ചു. 33 മത്തേത് മുത്തുകൾ കോർത്ത ഒരു പച്ച സ്ലയിറ്റ് ആയിരുന്നു. ഇനി പൊട്ടിച്ചാൽ അടി തരും എന്ന താക്കീതോടെ കിട്ടിയ ആ സ്ലയിറ്റ്പൊട്ടിച്ചില്ല. വൈകുംനേരം ആയപ്പോഴേക്കും നല്ല കളർ ഉള്ള മുത്തുകൾ കൊണ്ട് ഞാൻ ഒരു മാല കോർത്തു .
അക്ഷരം എഴുതുന്നതു നാരായം കൊണ്ടാണെന്ന് മകളോട് പറഞ്ഞു.
"അതെന്താ ..? "
അത് പനയോലയിൽ എഴുതുന്നതിനു ഉപയോഗിക്കുന്നതാണെന്നു പറഞ്ഞപ്പോൾ... പനയോല എന്തെന്ന് ചോദ്യം..!!
കരിയും വെറ്റമഷിയും കൂട്ടി അക്ഷരങ്ങള്‍ ക്കു മീതെ ചേർക്കുമ്പോൾ പനയോലയിലെ പച്ച നിറത്തില അക്ഷരങ്ങൾ...
അംഗണവാടിയിലെ മണ്ണിൽ കൈവിരലുകൾകൊണ്ട് കുത്തിവരയ്ക്കുന്നത്...
അവിടെ ഇരിക്കാൻ കൊണ്ട് പോകുന്ന ചെറിയ തഴപായ...
ഓര്‍മ്മകള്‍ക്ക് എന്ത് ബാല്യം.
ഇന്ന് വെറ്റമഷി എവിടെ ..?
സ്ലയിറ്റ് എവിടെ..?
കല്ല് പെന്‍സിലും മഞ്ചാടി മണിയും എവിടെ.. ?
ഒന്നാം പാഠത്തിൽ മാനം കാണാതെ
പെറ്റുപെരുകുമെന്നു പറഞ്ഞുവെച്ച
മയിൽപീലി തുണ്ടുകൾ എവിടെ...?
ആമി



0 comments:
Post a Comment