ഒരു കവിത എഴുതാൻ
Thursday, 19 May 2022
Posted by Aami
No comments | 03:21
ആഗ്രഹം തോന്നി
എന്താണ് വിഷയം
ചിന്തിച്ചു നാളുകൾ പോയതറിഞ്ഞില്ല
അങ്ങിനെ കവിതക്കൊരു
തന്തു കിട്ടി,
അച്ഛന്റെ മരണ ശേഷം
അമ്മയുടെ ചുമലിലെ
എടുത്താൽ പൊങ്ങാത്ത
കുടുംബഭാരത്തേ പറ്റി എഴുതി
നാട്ടുകാരെനിക്ക് പ്രാന്താണെന്നും
അമ്മേ നോക്കാതെ സഞ്ചിതൂക്കി നടപ്പാണെന്നും .
ചുണ്ടിൽ എരിഞ്ഞ ദിനേശ് ബീഡിയിൽ
കഞ്ചാവാണെന്നും പറഞ്ഞു
ഒരു നാൾ കവിത പത്രാധിപർക്കയച്ചു
തിരഞ്ഞെടുത്തില്ലെന്നു പറഞ്ഞ്
അവരോരു കുറിപ്പും എനിക്കയച്ചു
പിന്നെ ആ കവിത എവിടെ-
ഒക്കെയോ കറങ്ങി
തിരിഞ്ഞും മറിഞ്ഞും തിരികെയെത്തി
എന്റെ പഴയ ഇരുമ്പ് പെട്ടിയിൽ
വെൺചിതലിനു പ്രാതലായിക്കോട്ടെയെന്നു
ഞാനും കരുതി
ഒരുനാൾ പഴങ്കടലസുകൾ
കത്തിക്കാനായി,
പുളിയൻ മാവിന്റെ ചുവട്ടിലെ
കരിയിലക്കൂട്ടത്തിലേക്കു
വലിച്ചെറിഞ്ഞപ്പോൾ
നീലമഷി പടർന്ന കടലാസ്,
അയലതെ അക്കച്ചിടെ മോൾ
എടുത്തു കൊണ്ടുപോയി
കോളേജിൽ ആർട്സ് ക്ലബ് ഡേയ്ക്ക്
അവൾ ആ കവിത ചൊല്ലി
ഉൽഘാടനം ചെയ്യാൻ വന്ന
പേര് കേട്ട കവിക്കു ആ കവിത
ഇഷ്ട്ടമായി,
പിന്നെ കഥമാറി
കളഞ്ഞ എന്റെ കവിത
ഈണമിട്ടു കോടികൾ വാരിയ
സിനിമയിലും എത്തി
മികച്ച ഗാന രചയിതാവിന്
അവർഡും കിട്ടി, ഒപ്പം
പ്രശസ്തി പത്രം വേറെയും
എന്റെ പേരും, പടവും
പത്രങ്ങളായ പത്രങ്ങളിൽ
ഒക്കെ വന്നു,
ഇന്റർവ്വ്യൂകൾ കൊണ്ടു ഞാൻ
പൊറുതി മുട്ടി.
എന്നെ കാണുമ്പോൾ
പുച്ഛിച്ചു മുഖം തിരിച്ചവർ
എന്റൊപ്പം സെൽഫിക്കായി
തിരക്ക് കൂട്ടി
എന്റെ നാട്ടുകാരൻ എന്നു
പൊക്കി പറഞ്ഞു,
നോക്കണേ കവിത
വന്ന വഴി പോയ വഴി
നാട്ടിൽ എനിക്കായി
അനുമോദന ചടങ്ങിന്
വേദിയൊരുങ്ങി
ആരൊക്കെയോ എന്തൊക്കെയോ
പ്രസംഗിച്ചു, എന്റെ കവിതയോ
കഥയോ വായിച്ചിട്ടില്ലാത്തവർ
പറയുന്നത് കേട്ടു എനിക്കു
ചിരി പൊട്ടി പോകുമോന്നു തോന്നി.
എനിക്കായി പൊന്നാട
അണിയിക്കൽ ചടങ്ങായിരുന്നു
അടുത്തത്,
പക്ഷേ.......
പൊന്നാട അണിയേണ്ടുന്നത്
അയലത്തെ ആക്കച്ചീടെ മോളല്ലേ
ഞാനുപേക്ഷിച്ച കടലാസിലെ
അക്ഷരങ്ങളെ അവളല്ലേ കവിതയാക്കീതു...?
ഈ പൊന്നാട അവൾക്കിരിക്കട്ടെ!
Subscribe to:
Post Comments (Atom)



0 comments:
Post a Comment