ഇന്നലെകളിൽ മനസ്സിൽ
മരണമെന്ന
ചിന്തയുണ്ടായിരുന്നു
ഇന്നും.
നിരവധി രാത്രികളിൽ
ആത്മ ഹത്യ ചെയ്തു
പുലരുമ്പോൾ പുനർജനിച്ചു.
സ്വന്തമായി എന്തുണ്ടെന്ന
ചോദ്യത്തിന് മുന്നിൽ
നാവിറക്കി നിന്നിട്ടുണ്ട്
കൈവിട്ടമനസുമായി
ഒരു ദിനം അങ്ങിറങ്ങി
രണ്ടും കല്പിച്ചു
മരിക്കണോ ജീവിക്കണോ
തുലാസിൽ
മനസിന്റെ ഭാരത്തോളം
ചേർത്തുവെക്കാൻ
ഒന്നുമില്ലായിരുന്നു.
മരിക്കുമ്പോൾ
സ്വർഗത്തോ, നരകത്തോ?
മരണം അറീച്ചെത്തിയത്
പത്രതാളുകൾ.
കൂട്ടത്തോടെ ഉടയോർ
എത്തിപ്പെട്ടു
തിരിച്ചറിയൽ മുദ്രകളൊക്കെ
ശരിയാണ്,
ബോഡി വിട്ടുതരാൻ പറ്റില്ല.
മരണാനന്തരം മെഡിക്കൽ
വിദ്യാർത്ഥികൾക്ക്
അനാട്ടമി പഠനത്തിന്
സമർപ്പിക്കപെട്ടിട്ടുണ്ട്.
ആരു പറഞ്ഞു,.?
തർക്കം കൂടി വന്നു
ശവമാണേലും വെറുതെ
കൊടുക്കാണോ,
ഞാനെന്ന വസ്തുവിന്
വില നിശ്ചയിക്കപ്പെട്ടു,
ഏഴായിരത്തിനു പറഞ്ഞുറപ്പിച്ചു.
ആറടി മണ്ണ് എനിക്കു
ഒഴിച്ചിടേണ്ട,
അന്തി തിരി തെളിക്കാൻ
ആരും മിനക്കേടെണ്ടെന്നും
എന്നിട്ടും, എന്റെ അന്ത്യ
കർമ്മങ്ങൾ അതി ഗംഭീരമാക്കുന്നു
മോർച്ചറി സൂക്ഷിപ്പുകാരൻ
നിർവികാരനായി
ഇരുട്ടിലേക്ക് നോക്കി
കുത്തിയിരുപ്പാണ്..
ബന്ധുക്കൾ ഒരുതവണ
കൂടി എത്തി, അയാള്ടെ
കയ്യിലേക്ക് കുറച്ചു നോട്ടുകൾ
പിടിപ്പിച്ചു,
പുകയുന്ന ബീഡി
ആഞ്ഞു വലിച്ചും
കൈയിലെ ചെറിയ
കുപ്പീലെ മദ്യം നുണഞ്ഞും
അയാൾ പേടിയെ അകറ്റിനിർത്തുന്നു
അയാളുടെ ദേഹമാകെ
മരണത്തിന്റെ മണം പേറുന്നുണ്ട്..
ക്യാഷ് ആയില്ല, ഒക്കെയും
ജീ -പേ വഴിയാണേ....
അക്കൗണ്ടിൽ വരും...
പ്ലിംഗ്...(മെസ്സേജ്)
ഓ..കിട്ടി ഏഴാംയിരം
ന്റെ ആത്മാവിനെ ഞാൻ
അവർക്കൊപ്പം വിട്ടു..
ആദ്ദ്യത്തെ വളവുതിരിഞ്ഞവർ
ആദ്യം കണ്ട ബാറിൽ കയറി
അവിടെ ഇരുന്നവർ
വരും ദിനത്തിലെ
സംസ്കാര ചടങ്ങിന്റെ
കാര്യങ്ങൾ തീരുമാനിച്ചു
പൂജകളൊക്ക നേരം വണ്ണം
തന്നെ ആവേണം, ഇല്ലേൽ
നാട്ടാര് കുറ്റം പറേം...
ഒന്നിനും കുറവ് വേണ്ട
വേണ്ട, നാളെ ഒന്നാം തിയതിയല്ലേ
കുപ്പി രണ്ടെണ്ണം അധികം
വാങ്ങി വെച്ചേക്കാം,ഒക്കെക്കും
തീരുമാനമായി.
അവരെന്റെ അന്ത്യ കർമ്മങ്ങൾ ഗംഭീരമാക്കി,
ചായയും, ഉഴുന്ന് വടയും
ഇഡ്ഡലി, സാമ്പാർ ഒക്കെ
കൂടാതെ അവൽ വിളയിച്ചതും
പഴവും വിളമ്പി
എന്റെ, ആദരാഞ്ജലി
ഫോട്ടോയിൽ നോക്കി
കഷ്ട്ടം എന്നു വിലപിച്ചവർ
മൂക്കു മുട്ടെ കഴിച്ചിട്ട്
ഇഡിലിയിലെ കുറഞ്ഞ
ഉപ്പിനെ പറ്റിയും.
സാമ്പാറിന്റെ ഇല്ലാത്ത
മുരിങ്ങ കോലിനെ പറ്റിയും
വാട്ട ചായയെ പറ്റിയും
പഴത്തിന് പഴുപ്പു പോരെന്നും
അവലിനു മധുരം
പോരെന്നും കുറ്റങ്ങൾ
അടക്കം പറഞ്ഞു.
വീടിനകത്തേക്കൊന്നു
നോക്കി വരട്ടേ, ഞാൻ
അകത്തെ കാഴ്ച
അതിലും ഗംഭീരാമായിരുന്നു
എന്റെ അലമാര ആകെ
വലിച്ചു വാരി പരതി...
ഓരോരുത്തരും കൈയിൽ
കിട്ടീ തൊക്കെ കവർന്നിരിക്കുന്നു
സാരികൾ, ആഭാരണങ്ങൾ
ഹാ ... കഷ്ട്ടം,
ഏഴായിരത്തിന്റെ വീതം
ആരൊക്കെ വീതിച്ചെടുക്കുമെന്ന്
അറിയണമെന്ന് തോന്നീല്ല,
അനാട്ടമി ടേബിൾ മേലെ
ഞാൻ കിടക്കയാണ്,
ആദ്യത്തെ ആൾ എത്തി,
ഹൗ... എന്താ ചുണ്ടു...
അടുത്തയാൾ കഴുത്തിലെ മറുകിൽ
തലോടി, മരച്ച വിരലുകൾക്ക് മീതെ
കൈത്തലം ചേർത്തു ഞെരിക്കുന്നു
നിശ്ചലമായ മാറിടത്തിന്റെ
മുഴുപ്പിലേക്കു നോട്ടമെറിഞ്ഞു....
ഇവിടെയും രക്ഷയില്ലേ......
മരിച്ചിട്ടും മരിക്കാതെ
കേഴുന്ന ആത്മാവ്
ഇറങ്ങി ഓടി.. എങ്ങോട്ടേക്കന്ന്
അറിയാതെ..!



0 comments:
Post a Comment