അർത്ഥം ആവോളം
നിറഞ്ഞു കവിഞ്ഞ
ഒരു പദം "ഗൃഹലക്ഷ്മി "
കല്യാണ അടിയന്തിരങ്ങൾ
നൂലുകെട്ടു മുതൽ
വീടു കാണൽ ചടങ്ങു വരെയും
അവൾ ഉണ്ടെങ്കിലും
അവളിലെ ചിന്ത ഒരിക്കൽ പോലും
അവളിടങ്ങളിൽ ആയിരുന്നില്ല.
സമയത്തിനു എല്ലായിടവും
അവൾ ഓടിയെത്തേണ്ടിയിരുന്നു,
അവൾ താമസിച്ചു-
പോയാൽ താളം തെറ്റുന്ന
വീടകങ്ങൾ ആയിരുന്നു എവിടെയും.
എല്ലാപേരുടെയും
ദൈനനംദിന ചര്യകൾ
തെറ്റിക്കാൻ പാടില്ലാത്ത
നിയമഫലകം എന്നേ എഴുതി
കഴുത്തിൽ തൂക്കിയിട്ടു
നടക്കാൻ വിധിക്കപ്പെട്ടവൾ
പുലരും മുതൽ
രാത്രി ഉറങ്ങും വരെയും
അവിളിടങ്ങൾ ഇല്ലാത്തിടമില്ലായിരുന്നു
അടുപ്പിലെ പുകയേറ്റു
തപിക്കാനും,
വിളിപ്പുറത്തോടിയെത്താനും
മുഷിപ്പുകൾ മാറ്റാനും
അലക്കി വെളുപ്പിക്കാനും
വെളുപ്പിച്ചതിന്റെ
ഉടവ് നിവർത്താനും
അവൾ വേണമായിരുന്നു
ചുവരിലെ നാഴികമണിപോലും
അവളെ തോൽപ്പിക്കാനായി
പിറവിയെടുത്ത പോലെയാണ് ഓട്ടം,
പ്രതിഷേധത്തിന്റെ
അലയൊലികൾ
കേൾക്കാൻ വിധി കല്പ്പിച്ചവൾ,
അടുക്കളയിലെ ഇല്ലായ്മകളിൽ
നീറുന്നതും അവൾ മാത്രം
തെറ്റുകളും കുറ്റങ്ങളും
അവളിലേക്കടിച്ചേൽപ്പിച്ചു
മറ്റുള്ളവർ രക്ഷ തേടുമ്പോൾ
എതിർപ്പിന്റെ മുനയുള്ള
നോട്ടം പോലും അന്യ, യായവൾ
ആഗ്രഹങ്ങളും, പ്രതീക്ഷകളും
മോഹങ്ങളും ,
മൺകലത്തിലും
വറ ചട്ടിയിലും
തിളച്ചു വേകുമ്പോൾ
തൂവി പോകാതെ
അടച്ച് വെക്കാറുണ്ട്
അവളെന്നും .
കവിളിണകളിലെ
തിണർത്ത പാടുകൾ
തണുത്ത വെള്ളത്തിൽ
കുതിർത്തു വെക്കാറുണ്ട്
.ചില നേരങ്ങളിൽ
തിളക്കം മങ്ങിയ
അവളുടെ കണ്ണുകളിൽ
ഒരു പുഴയൊഴുകുന്നുണ്ട്
ആരുമറിയാതെ,
കാറും, കോളും
പ്രഷുബ്ധമാവുമോൾ
നനഞ്ഞ ഭിത്തിയിൽ
മുഖം ചേർത്തു
പയ്യാരം പറയാറുണ്ട്,
കേൾവിക്കാരില്ലാതെ
അടുക്കള കോണിൽ
പഠിപ്പിന് കിട്ടിയ പുരസ്കാരങ്ങൾ
പൊടിപിടിച്ചിരുപ്പുണ്ട്
ട്രോഫികളൊക്കെ രണ്ടായി-
പിളർത്തി, കുട്ടികൾ
മണ്ണുവാരി കളിച്ചും
മെഴുകുതിരി കത്തിച്ചുവച്ചും
ഇടക്കിടക്ക് താളം പിടിച്ചും
കൊട്ടി കളിച്ചും രസിക്കുന്നുണ്ട് ,.
ക്ലാവ് പിടിച്ച ഒരു ജോഡി
ചിലങ്കകൾ മുറിക്കോണിലെ
പഴകിയ മണം മുറ്റിയ
അലമാരയിൽ ചിലമ്പിച്ചു
തേങ്ങാറുണ്ട്, അവളുടെ ഉള്ളംപോലെ
ഒരു കുയിൽ പിന്നാമ്പുറത്തെ
മാങ്കൊമ്പിലിരുന്നു
തല താഴ്ത്തി നോക്കുന്നുണ്ട്
എതിർ പാട്ടു
കേൾക്കാത്തതെന്തെന്നു?
ഉച്ചിഷ്ട്ടം, ഇഷ്ട്ടത്തോടെഭഷിച്ചും
നേർത്ത നിലാവിലും
ഒരു തുലാവർഷ
പെയ്ത്തിലും തനു-
വൊന്നു നനയാതെ,
മനസൊന്ന് കുതിരാതെ, അവൾ
അമ്മയെ പോലെ ചേർത്തും
കാമിനിയെപ്പോലെ ഉമ്മവെച്ചും
കൂട്ടുകാരിയെപ്പോലെ
ഇണങ്ങിയും പിന്നെ പിണങ്ങിയും
അവളിടങ്ങളിൽ ആഴത്തിൽ....ആയിരുന്നിട്ടും
കിടപ്പറയിലെ വലിച്ചെറിയപ്പെടുന്ന-
പുഴുക്കുത്തു വീണ ദാരൂശിൽപമായവൾ
എന്നിട്ടും
അശാന്തി നിറഞ്ഞ
ദിനാന്ത്യങ്ങൾ അലട്ടുമ്പോൾ
ഇടവപ്പാതി " ചൂടിൽ"
ഞെട്ടിപിടഞ്ഞുണരുന്ന
നഗര ഗന്ധങ്ങളിൽ
രാത്രി മുല്ലകൾ പൂക്കുമ്പോൾ
അവളിലെ താപമിറക്കി- വയ്ക്കാനാവാതെ....
പഴയ കിനാക്കളെ
ആഴത്തിൽ കുഴിച്ചിട്ടു
നൈരന്തര്യത്തിന്റെ
ചെറിയ തുരുത്തിലേക്കു
പൊട്ടക്കുളത്തിലെ
മണ്ടൂകമായി
ചുരുങ്ങുന്നതും
അവളിടങ്ങൾ ശൂന്യമാക്കാതെ
എന്നും അവൾ മാത്രം....
------------------------------ -------_---------------------- -------------
Published Manorama
.



nannayitundu
ReplyDelete