Monday, 17 April 2023
Posted by Aami
1 comment | 01:22
വെയിൽ കനത്ത -
ഉച്ച നേരങ്ങളിൽ
നേർത്തിലകൾ
ചെറു കാറ്റിലിളകി
ചെറു കുളിരാലൊരു
പുല്ലാങ്കുഴൽ
നാദമൊഴുകി
മനസ്സുകളിൽ
ഇത്രമേൽ
ആഴത്തിലമർ-
ന്നിരുന്നതാവാം
മിഴിവഞ്ചികൾ
ഒഴുകുന്നുണ്ടിപ്പോഴും.
ആരവങ്ങൾ നിറഞ്ഞ
ആൾക്കൂട്ടത്തിൽ
അലസമാം മുടി
ചുരുളുകളൊതുക്കി
മൃദുവായാ പുല്ലാങ്കുഴൽ
മൂളിയെത്തുമെന്നു നിനച്ചാവാം
നീല ജല രേഖ പോലെ
തിരയാറുണ്ടിന്നുമേവരും
ഉഷസന്ധ്യകൾ മരിച്ചു
പുലരി പുനർജനിക്കുമെങ്കിലും
മരിക്കാത്ത യോർമ്മകൾ
ബാക്കിയുണ്ടിന്നും
കാതോർത്തു നിൽക്കെ
വിഹ്വലതയോടരികിലൊരു
കാറ്റ് മൂളുന്നു
ഇനിവരില്ലെന്നും
മഞ്ഞുപോയോരാ
ഒച്ചയനക്കങ്ങളിൽ
പറയുവാൻ കരുതി വെച്ചതും
മൂളുവാൻ ബാക്കി വച്ചതും.....
മറന്നു വച്ചൊരാ
പുല്ലാങ്കുഴലിൽ
അവശേഷിച്ച
നീയോർമ്മകൾ
മുറിപ്പാടായി
ആഴത്തിലിന്നും, എന്നും....
Published manorama
Subscribe to:
Post Comments (Atom)



good
ReplyDelete