• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 5 April 2014

Posted by Aami
1 comment | 10:33

(നീണ്ട    രണ്ടു മാസങ്ങള്‍
സൂറിന്റെ മൌനം  മുറിഞ്ഞ നിമിഷം .....
എങ്കിലും ഇത്  സൂറിന്റെ സൃഷ്ടി യാണ്
അക്ഷരങ്ങള്ക്ക് ഞാന്‍  പ്രാണന്‍  നല്കി എന്ന് മാത്രം 
ഇനി  വായിക്കാം )

ഒരു നാല് വരിയെഴുതുവാനായി പല നേരത്തിലും വിചാരിക്കാറുണ്ടായിരുന്നു. ഒന്നുകില്‍ പേന കാണില്ല. അല്ലെങ്കില്‍ ഉറക്കം എന്റെ  മിഴികളെ തഴുകിയിരിക്കും. ഡോക്ടര്‍ വില്‍ഫ്രെഡിനു ആ പേജിന്‍റെ തുടക്കം ഇഷ്ടമായി.മാനസികനിലക്ക് കുഴപ്പമുള്ള ആളാണോ ഇതെഴുതിയത് എന്ന് ഒന്ന് സംശയിച്ചു.

മേശപ്പുറത്തെ പേപ്പര്‍ വെയിറ്റിനു അടിയില്‍ ഇരുന്ന കടലാസുകള്‍ ഡോക്ടര്‍ വീണ്ടും എടുത്തു വായന തുടങ്ങി. 'തണല്‍ ' എന്ന പേരിട്ടു മനോരോഗകേന്ദ്രത്തിലെ അന്തേവാസികളില്‍ നിന്നും ശേഖരിച്ച സൃഷ്ടികളുടെ ആവിഷ്കാരം - ഡോക്ടര്‍ക്ക്‌ തോന്നിയ ഒരു നല്ല തുടക്കം മാത്രമായിരുന്നു.

ഡോക്ടര്‍ വില്‍ഫ്രെഡിനു ആ സൃഷ്ടി വായിച്ചപ്പോള്‍ ഒന്നു മനസിലായി. പ്രിയ ഒരിക്കലും ഒരു മനോരോഗി ആയിരുന്നില്ല എന്ന്. എപ്പോഴോ, മനസിന്‍റെ താളം തെറ്റുമെന്നു തോന്നിയപ്പോള്‍ സ്വയം എത്തിയതായിരുന്നു അവള്‍ അവിടേക്ക്. പിന്നെ എന്തുകൊണ്ടോ, അല്ലെങ്കില്‍ ആരും അന്വേഷിച്ചു വരാത്തതുകൊണ്ടോ അവള്‍ക്കവിടം വിട്ട് പോകാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അവള്‍ പോകാന്‍ ആഗ്രഹിച്ചില്ല. ആ ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങാന്‍ അവള്‍ മനസ്സുകൊണ്ട് തെയ്യാറെടുത്തിരുന്നിരിക്കാം. .

ഇടക്കെത്തിക്കൊണ്ടിരുന്ന സന്ദര്‍ശകരേ കഴിവതും ഡോക്ടര്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. കാരണം "അയാള്‍ സേതു" വായിച്ചു തീര്‍ക്കാന്‍ ഡോക്ടറുടെ മനസ് വല്ലാതെ വെമ്പല്‍കൊണ്ടു.

എന്തുകൊണ്ടോ, പ്രിയക്ക് എഴുതാനായില്ല. അക്ഷരങ്ങളൊക്കെ ക്ലാവ് പിടിച്ചിരിക്കുന്നു. അതിന്‍റെ പശിമ കൈയിലും. എഴുതാന്‍ തുനിയുമ്പോള്‍ അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെ ഇഴഞ്ഞകലുന്നു. നീല നിറത്തിലെ ജാലക വിരിയിലൂടെ വരിവെച്ചു നടന്ന കറുത്തുറുമ്പുകള്‍ മേശമേലേക്ക് നടന്നെത്തിയിരിക്കുന്നു.

കോടതിവരാന്തയില്‍ തനിച്ചായ പ്രിയയെ സേതു തന്‍റെ കാറിനരികിലേക്ക് കൂട്ടികൊണ്ടുപോയി. എങ്ങോട്ടേക്കെന്നറിയാതെ അയാളും എവിടെക്കെന്നു ചോദിക്കാതെ അവളും. നിശബ്ദത തളംകെട്ടിയ കാറിനുള്ളില്‍ പ്രിയ പുറത്തേക്കു നോക്കിയിരുന്നു. സേതു ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധിച്ചു. ഉരുകിത്തിളച്ച വെയിലില്‍ പുറത്തെ കാഴ്ചകളിലേക്ക്‍ പ്രിയ മെല്ലെ കണ്ണുകളടച്ചു.

പ്രിയയുടെ ഓഫീസിലേക്ക് സ്ഥലംമാറ്റം കിട്ടി എത്തിയതായിരുന്നു അയാള്‍. പ്രധാന വാതില്‍ കടന്നെത്തിയ അയാളുടെ മുഖം പ്രിയയെ ഒട്ടൊന്നുമല്ല നടുക്കിയത്. ആ നടുക്കം വിട്ടുമാറാന്‍ ഏറെ നേരം വേണ്ടിവന്നു.

ഗ്ലാസ്‌ ക്യുബിക്കിളിനിരുവശം മുഖാമുഖം നോക്കാന്‍ പാകത്തിനുള്ള ഇരിപ്പിടങ്ങളയിരുന്നു അവരുടേത്. എന്നിട്ടും പരസ്പരം കണ്ണുകള്‍ കൂട്ടിമുട്ടിയിരുന്നില്ല. എങ്ങിലും എപ്പോഴോ അയാളുടെ കണ്ണിന്‍റെ ആഴങ്ങള്‍ തേടിയലഞ്ഞിരുന്നു അവള്‍.

പ്രിയക്ക് അയാളെ വല്ലാത്ത പേടിയായിരുന്നു. അയാളുടെ മുന്‍പില്‍ ശബ്ദം നേര്‍ത്ത് പോകാതെ, കണ്ണുകള്‍ അഗാധത തേടാതെ, നെഞ്ഞിടിപ്പിന്‍റെ താളം തെറ്റാതെ അവള്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കലും അവള്‍ അയാളുടെ മുഖത്ത്നോക്കി സംസാരിച്ചിട്ടില്ല. പക്ഷെ, ഒരിക്കല്‍ കോട്ടന്‍ സാരികളില്‍ പൊതിഞ്ഞുപിടിച്ച ശരീരത്തിനപ്പുറം എപ്പോഴെക്കെയോ കണ്ട പിന്നുകളുടെ രഹസ്യം സേതു ചോദിച്ചപ്പോള്‍... സന്ധ്യാംബരം പോല്‍ തുടുത്തിരുന്നു പ്രിയ. സേതുവിന് കാഴ്ചയിലെ സൗന്ദര്യം മനസിനും ഉണ്ടായിരുന്നു എന്ന് പ്രിയ എപ്പോഴോ തിരിച്ചറിഞ്ഞിരുന്നു.

അവര്‍ രണ്ടു പേരും വിവാഹിതരായിരുന്നു, അതിലുമപ്പുറം അവരുടെ ജീവിതത്തിലെവിടെയോ ശിഥിലമാകുന്ന ബന്ധങ്ങളുടെ കണ്ണികള്‍ അവശേഷിച്ചിരുന്നു. പലപ്പോഴും നിറയുന്ന അവളുടെ കണ്ണുകളുടെ ആഴം അളന്നെടുക്കാന്‍ അയാള്‍ ഒരിക്കലും ശ്രമിച്ചിട്ടുമില്ല.

സേതുവിന്‍റെ ചില കാര്യങ്ങള്‍   പ്രിയക്ക്  ഒരുപാട് ഇഷ്ടമായിരുന്നു, . റിവോള്‍വിംഗ് ചെയറില്‍ ഇരുന്നു മേശയുടെ ഒരറ്റം മുതല്‍ കോണിലിരിക്കുന്ന അലമാരിയില്‍ വരെയുള്ള ഫയലുകളുടെ തിരച്ചില്‍. കഴുത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന നേര്‍ത്ത സ്വര്‍ണചെയിനിനോടൊപ്പം പുറത്തെക്ക് നീളുന്ന കറുത്ത ചരട്. ചെവിക്കു പിറകില്‍ തിരുകി ഉറപ്പിക്കുന്ന പെന്‍സില്‍. ഉച്ചിയിലേക്ക് ഉയര്‍ത്തിവെച്ച കണ്ണട. മറ്റൊന്ന് മുഖത്തും (ഇയാള്‍ക്കെന്താ വട്ടായോ..?). കണ്ണട മാറ്റി മാഗസിന്‍ കണ്ണോടു ചേര്‍ത്തുപിടിച്ചു വായിക്കുന്നു, ചില നേരങ്ങളില്‍. ഇടയ്ക്കു തെറുത്തുവെക്കുന്ന ഫുള്‍കൈ ഷര്‍ട്ടിന്‍റെ അനുസരണയില്ലാത്ത സ്ലീവ്. അതിന്‍റെ അവസ്ഥ തഥൈവ. ദ്രുതഗതിയില്‍ കീബോര്‍ഡിനെ നോവിക്കുന്ന വിരല്‍ത്തുമ്പുകള്‍ . ജനാലപ്പടിയില്‍ ഇരിക്കുന്ന മിനറല്‍വാട്ടര്‍ കുപ്പിയില്‍ നിന്നും വായിലേക്ക് കമഴ്ത്തുന്ന ചില നേരങ്ങള്‍
  ചായയിലേക്ക് ഒരു കഷണം ഐസ് ഇടാന്‍ കിട്ടുമോ എന്ന ആരോടെന്നില്ലാത്ത ചോദ്യം. ഷര്‍ട്ടിന്‍റെ ഇടതുവശം അല്പം പൊക്കി നടുവിന് കൈകൊടുത്തു നില്‍ക്കുമ്പോള്‍ പുറത്തേക്കു കാണുന്ന മേനിയഴക്. ബോറടിക്കുമ്പോള്‍ പുറത്തെക്കൊടി പുകച്ചുതള്ളുന്ന സിഗരറ്റ്കുറ്റികള്‍ ഞെരിച്ചമര്‍ത്തി ഓടിക്കിതച്ചെത്തുന്ന ചില സമയങ്ങള്‍.മേശപ്പുറത്ത്‌ അലക്ഷ്മായി അഴിച്ചുവെക്കുന്ന വാച്ച്.

രാവിലെ, ഇടതുവശത്തെ മേശമേല്‍ കൈമുട്ടുകള്‍ ഊന്നി താടിക്ക് കയ്യും കൊടുത്തു മോണിറ്റര്‍ നോക്കിയുള്ള ഇരുപ്പ്‌. ആ നേരമവും പ്രിയ എത്തുക. ചുണ്ടുകള്‍ ഇത്രമാത്രം ചലിക്കും 'മോര്‍ണിംഗ്'.ദേഷ്യം വരുമ്പോള്‍ ചുണ്ടുകളിലേക്ക് ചൂണ്ടുവിരല്‍ ചേര്‍ത്ത് മിണ്ടരുതെന്ന താക്കീത്. അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ വിരലുകള്‍ തന്‍റെ മേശമേല്‍ചേര്‍ത്ത് ഉണ്ടാക്കുന്ന നേര്‍ത്ത താളം.

ഓര്‍മ്മകള്‍ പ്രിയയെ അലോസരപ്പെടുത്തിയിരുന്നു. തണുത്ത കാറ്റേറ്റ് പാര്‍ക്കിലെ സിമെന്‍റ് ബഞ്ചിലിരുന്നു അവള്‍. കയ്യിലെ വറുത്ത കടല തണുത്തുതുടങ്ങിയെങ്കിലും മെല്ലെ അവള്‍ അത് കൊറിച്ചുകൊണ്ടിരുന്നു.

എപ്പോഴൊക്കെയോ കൈവിട്ടു പോയിരുന്നു പ്രിയയുടെ മനസ്. സേതുവിനോട് കൂടുതല്‍ അടുത്തപ്പോഴാണ് അറിയുന്നത്, മറ്റുള്ളവര്‍ അറിയാതെ പോയ, അല്ല അറിയാത്ത, കുത്തഴിഞ്ഞ ഒരു ജീവിതത്തിന്‍റെ ഉടമയായിരുന്നു സേതു എന്ന്. 'പെണ്ണെ'ന്ന രണ്ടക്ഷരം ഒരു ഭോഗവസ്തു മാത്രമായിരുന്നു അയാള്‍ക്ക്. ഉള്ളില്‍ ഉറഞ്ഞുകൂടുന്ന സ്രവങ്ങള്‍ പുറം തള്ളാനുള്ള ഒരു ഉപാധിക്കപ്പുറം ഒന്നുമായിരുന്നില്ല ഒരുത്തിയും. ഒരിക്കല്‍ പോലും കുറ്റബോധം തോന്നിയിട്ടില്ല പോലും അയാള്‍ക്ക്. താലി കേട്ടിയവളുടെ മൌനാനുവാദത്തോടെ പരസ്ത്രീകളിലേക്ക് സന്നിവേശിക്കുന്നതിന് സേതുവിന് വല്ലാത്ത കഴിവായിരുന്നു. അരുതേയെന്നു അപേക്ഷിക്കാന്‍ സേതുവിനാരും ഉണ്ടായിരുന്നില്ല. അതാവും ചീഞ്ഞു നാറുന്ന യൗവനങ്ങള്‍ക്കൊപ്പം അയാള്‍ ഇഴുകിച്ചേര്‍ന്നത്.

എത്രയെത്ര ശരീരങ്ങളുടെ വിയര്‍പ്പിന്‍റെ ഗന്ധം ആ നെഞ്ചില്‍ അരിച്ചിറങ്ങീട്ടുണ്ടാകും? ദുര്‍മേദസ്സുകളോടൊപ്പം രാസക്രീഡകളാടിയ അയാളെ ഏതു പെണ്ണു ഇഷ്ടപ്പെടും? ആലോചിച്ചപ്പോള്‍ അവള്‍ക്കു അറപ്പ് തോന്നി. പക്ഷെ," ധനവും സൗന്ദര്യവും" ഉള്ളതുകൊണ്ടാവും, അയാളെ കാത്തു പുറത്തനവധി പെണ്ണുങ്ങളുണ്ടായിരുന്നു. വീട്ടുജോലിക്കാരികള്‍ മുതല്‍ ഏതറ്റം വരെയുള്ളവരും കിടപ്പറയോരുക്കി അയാളെ വരവേറ്റു, രാവും പകലും.
  

ബാക്കി സൂരിനെ അറിയൂ ,നിങ്ങള്‍ ചോദിക്കു ,സൂര്‍  പറയട്ടെ .................

സൂര്‍  മറന്നിരിക്കുന്നു ..........





1 comment:

  1. സൂർ...
    ആ രണ്ടക്ഷരത്തിന് വല്ലാത്തൊരു നോവ്..!

    ഞാൻ അത് റൂഹ് എന്നാക്കി മാറ്റട്ടെ

    ReplyDelete