• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Sunday, 2 August 2015

Posted by Aami
No comments | 10:17


പൂമുഖത്തെ ചന്ദനപ്പിടി കെട്ടിയ കസേര.

അച്ഛന് പ്രായമായി എന്ന് ചിന്തിച്ചിട്ടാവാം മകള്‍ വാങ്ങി കൊടുത്തത്.
മുറ്റത്ത്‌,തളിരിട്ട കൃഷ്ണ തുളസിയുടെ മുന്നില്‍ കത്തി നില്‍ക്കുന്ന ചിരാതിന്‍റെ നാളം ഒന്ന് ആടിയുലഞ്ഞു വീണ്ടും പഴയ ശോഭയോടെ നിവര്‍ന്നു നിന്നു. 

അയാളുടെ മനസ്സും ഒന്നുലഞ്ഞു നിന്നു. കാരണം, രാവിലെ അമ്പലനടയിലെ ആ കാഴ്ച അയാളെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ധൃതിയില്‍ ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി.
“എവിടേക്കാ ഈ നേരത്ത്?” പോര്‍ച്ചില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ ഭാര്യയുടെ ചോദ്യം.
“ഒരത്യാവശ്യം. സേതു വിളിച്ചു. വരാന്‍ അല്പം വൈകും”
“ഇന്നപ്പോള്‍ വരില്ല എന്ന് പറയു..” 
പറഞ്ഞുകൊണ്ട് അവള്‍ ഗേറ്റ് അടച്ചു.

നിയോണ്‍ ബള്‍ബുകള്‍ കത്തി നില്‍ക്കുന്ന റോഡിലൂടെ അയാള്‍ പതിയെ കാര്‍ ഡ്രൈവ് ചെയ്തു.

പാം ഗ്രോവിന്‍റെ മുന്നില്‍ കാര്‍ നിര്‍ത്തി.
ശബ്ദം കേട്ടിട്ടാവാം, ജോലിക്കാരന്‍ ഓടി എത്തി.
പതിവില്ലാത്ത തന്‍റെ വരവ് അയാളെ അത്ഭുതപ്പെടുത്തി എന്ന് അയാളുടെ മുഖഭാവം വിളിച്ചറിയിച്ചു. അത് അറിഞ്ഞിട്ടെന്നപോലെ അയാള്‍ പറഞ്ഞു. 

“ഇതുവഴി പോയപ്പോള്‍ ഒന്നുകയറി എന്നെ ഉള്ളു”.

പുതിയ ജോലിക്കാരന്‍ ആയിരുന്നു അയാള്‍. എപ്പോഴെങ്ങിലും എത്തി അയാള്‍ക്ക് പണം കൊടുത്തിട്ട് മടങ്ങാറാണ് പതിവ്.

“സാറെ ഇന്നലെയും രണ്ടു പേര്‍ വന്നിരുന്നു”
“ഉം.. എന്തിനാ..?”
“വീട് കൊടുക്കുന്നുണ്ടോ എന്ന് അന്വേഷിച്ച്”
“ഇല്ലെന്നു പറഞ്ഞില്ലേ?”
“ഉവ്വ് സാറെ. പറഞ്ഞു”

വെറുതെ എന്തിനാ തൂത്തും തുടച്ചും നനച്ചും ഇങ്ങനെ സൂക്ഷിക്കുന്നെ ? പറഞ്ഞുകൊണ്ട് അയാള്‍ അകത്തേക്ക് നടന്നു. 

കുറച്ചു കഴിഞ്ഞു കയ്യില്‍ ഒരു കപ്പു ചായയുമായി അയാള്‍ വന്നു. “എന്നെങ്ങിലും ആരെങ്കിലും വരുമോ ഇവിടെ താമസിക്കാന്‍?” തോളിലെ തോര്‍ത്തെടുത്ത് മേശപ്പുറം തുടച്ചു ആരോടെന്നില്ലാതെ അയാള്‍ ചോദിച്ചു. 

ചോദ്യത്തിനു മറുപടി പറയാതെ അയാള്‍ വാരാന്തയുടെ വലതു വശത്തുള്ള മുറി തുറന്നു. മുഴുവന്‍ പൊടി നിറഞ്ഞിട്ടുണ്ട് അവിടെ.

“തുറക്കരുത് എന്ന് പറഞ്ഞിരുന്നത് കൊണ്ട് മാത്രം ഈ മുറി തുറന്നിട്ടില്ല” പിറകില്‍ നിന്നും ജോലിക്കാരന്‍റെ ശബ്ദം.

മുറിയുടെ പടിഞ്ഞാറു വശത്തുള്ള ജനല്‍ അയാള്‍ മെല്ലെ തുറന്നു. വിജാഗിരികള്‍ തുരുമ്പെടുത്തിരിക്കുന്നു. ജനാലവിരികളിലും കിടക്കവിരിയിലും ഒക്കെ പൊടിപിടിച്ചിരിക്കുന്നു. ജനാലവിരി മെല്ലെ ഒരു വശത്തേക്ക് മാറ്റിയപ്പോള്‍ ആണി ഇളകി അത് താഴോട്ടുവീണു. അതില്‍ നിന്നും ഒരു ഗൌളി നിലത്തേക്ക് ചാടി ഓടി മറഞ്ഞു.

മനസ്സില്‍ ഒരു നീറ്റല്‍.
അയാള്‍ക്ക് പേടി ആയിരുന്നു ആ ജീവിയെ.
ദേഹത്തേക്ക് ചാടുന്നതും മച്ചില്‍ ഇരുന്നു ചിലക്കുന്നതും എല്ലാം അപശകുനം ആണെന്ന് ഓര്‍മിപ്പിക്കുമായിരുന്നു.

ആകെകൂടി എത്ര ദിവസം അവള്‍ ഇവിടെ വന്നിട്ടുണ്ടാകും? 
അഞ്ചോ? അതോ ആറോ??

സന്ധ്യാനേരത്ത് നിഗൂഡമായി ഈ വീട്ടിലെത്തി പുലര്‍കാലമഞ്ഞുരുകും മുന്‍പ് അവള്‍ യാത്രയാകുമായിരുന്ന ദിവസങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിച്ചു.

ജോലിക്കാരന്‍ ചുറ്റികയും ആണിയുമായി വന്നു ജനാല വിരി മാറ്റി, ഇളകി വീണ ആണിക്ക് പകരം പുതിയത് വച്ചുറപ്പിച്ചു. ജനാല വിരി മാറ്റി. ആകെ മുഷിഞ്ഞിരുന്ന ആ മുറി നൊടിനേരം കൊണ്ട് വൃത്തിയാക്കി.


മുറിയിലുള്ള സാധനങ്ങള്‍ അതാതു സ്ഥാനത്ത് വെക്കാന്‍ പറഞ്ഞിട്ട് അയാള്‍ പുറത്തേക്കു പോയി... വേഗം തിരികെ വന്നു. ബാക്കി താന്‍ ചെയ്തുകൊള്ളാം എന്ന് പറഞ്ഞു ജോലിക്കാരനെ പറഞ്ഞുവിട്ടു. രാത്രി കഴിക്കാന്‍ ബ്രെഡും പഴവും വാങ്ങി വരാന്‍ പറഞ്ഞു.

അയാള്‍ വീണ്ടും ആ മുറിക്കുള്ളിലെ ഓര്‍മ്മകളിലേക്ക് താഴ്ന്നു.

ഓരോ തവണ വരുമ്പോഴും എന്തെങ്കിലും അവള്‍ കരുതിയിട്ടുണ്ടാകും. മേശപ്പുറത്തെ ഗ്ലാസിലെ പച്ച നിറത്തിലുള്ള പെന്‍സില്‍.. രണ്ടു മൂന്നു മയില്‍പീലിതുണ്ടുകള്‍... അറ്റത്ത്‌ മുത്തുകള്‍ തൂക്കിയ ഒരു ഓടക്കുഴല്‍...
ഒരു ചെറിയ ഓട്ടുവിളക്ക്...

ഒരിക്കല്‍ അതില്‍ എണ്ണനിറച്ചു കത്തിച്ചു ആ മഞ്ഞപ്രകാശത്തില്‍ ഇരുന്നു നേരം വെളുപ്പിച്ചതിനു താന്‍ ശകാരിച്ചത്‌ അയാള്‍ ഓര്‍ത്തു. ‘ചുറ്റിനും പറന്നു വീണ ഈയാംപാറ്റകളല്ലേ  നമ്മള്‍ ?’ - മേശപ്പുറത്തു വീണു കിടക്കുന്ന അവശിഷ്ടങ്ങള്‍ നോക്കി അവള്‍ അന്ന് ചോദിച്ചു. 

മേശക്കിരുവശവും ഉള്ള കസേരകളില്‍ പാഴ്തുണികൊണ്ട് തുന്നിയെടുത്ത കുഷ്യന്‍.. ചുമരിലെ കണ്ണാടിയില്‍ അവളുടെ ചുവന്ന വട്ടപോട്ടുകള്‍... ചുമരിലെ കാന്‍വാസില്‍ പൊട്ടിയ വളത്തുണ്ടുകള്‍ കൊണ്ട് തീര്‍ത്ത പൂക്കള്‍...

അയാള്‍ അലമാര തുറന്നു ഒരു പുതിയ കിടക്കവിരിയും രണ്ടു തലയിണ ഉറകളും എടുത്തു. അലമാര അടച്ചു തിരിഞ്ഞപ്പോള്‍ കൈ തട്ടി ജനാലപ്പടിയില്‍ വെച്ചിരുന്ന കുന്നിക്കുരുവും മഞ്ചാടിയും നിറഞ്ഞ ആ മണ്പാത്രം താഴെ വീണു പൊട്ടിച്ചിതറി.

അയല്‍ വീണ്ടും അസ്വസ്ഥനായി.

പാംഗ്രോവിലെ ഓരോ മണല്‍ത്തരിയും അയാള്‍ അവള്‍ക്കു വേണ്ടി മെനെഞ്ഞെടുത്തതായിരുന്നു..

പൂജാമുറി...
ഒരു വശത്ത് തൂക്കിയിട്ട വലിയ ഭസ്മകുടം.
മറുവശത്ത് ഒരു ഓട്ടുമണി.

വെള്ളമണല്‍ വിരിച്ച മുറ്റത്ത്‌ ചെരുപ്പഴിച്ചു വെച്ച് അയാള്‍ മെല്ലെ നടന്നു. പൂഴിയിലെ തണുപ്പ് അയാളുടെ കാലുകളെ കുളിരണിയിച്ചു. നേര്‍ത്ത നിലാവ്.

ഒരു മങ്ങിയ സന്ധ്യനേരത്ത്‌ അയാളുടെ കാലടികളെ പിന്‍തുടര്‍ന്നു അവളും നടന്നു. അന്ന് പുലരും വരെ അയാളുടെ മടിയില്‍ മുഖം പൂഴ്ത്തി അവള്‍ വെറുതെ തേങ്ങിക്കരഞ്ഞു.

മറ്റൊരിക്കല്‍ മാവിലേക്ക്‌ പടര്‍ന്നുകയറിയ ആകാശമുല്ലയിലെ ചുവന്ന  പൂക്കള്‍ കണ്ടിരുന്നു ചായ കുടിച്ചിട്ട് പോകാം എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ എതിര്‍ത്തില്ല.

ഗേറ്റ് തുറക്കുന്ന ശബ്ദം.
ജോലിക്കാരന്‍ രാത്രി ഭക്ഷണം വാങ്ങി വന്നിരിക്കുന്നു.


അവളുടെ നേര്‍ത്ത മണമുള്ള പുതപ്പു നെഞ്ചിനു മീതെ എടുത്തു വെച്ച് അയാള്‍ കിടന്നു. അപ്പോഴൊക്കെ രാവിലെ കണ്ട കാഴ്ച കണ്ണില്‍ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു.

അമ്പലനടയുടെ പടികളിറങ്ങി ഓടി വരുന്ന, തുടുത്ത കവിളുകളുള്ള രണ്ടു കുട്ടികള്‍.

കയ്യില്‍ നിന്നു താഴെ വീണ കാറിന്‍റെ താക്കോല്‍ക്കൂട്ടം കുനിഞ്ഞെടുക്കുമ്പോഴേക്കും അവര്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

മുന്നില്‍ കണ്ട ആളെക്കണ്ട് ഒന്ന് പരുങ്ങി പെട്ടെന്ന് തിരിഞ്ഞു പടികള്‍ ഓടിക്കയറാന്‍ തുടങ്ങി. അവരിലൊരാള്‍ മുട്ടുകുത്തി പടിയില്‍ വീണപ്പോള്‍ അയാള്‍ വേഗം പിടിച്ചെഴുന്നെല്‍പിച്ചു. അപ്പോഴേക്കും മുകളില്‍ നിന്നും പടികളിറങ്ങി രണ്ടാമത്തെ കുട്ടിയും അമ്മയും അടുത്തെത്തിയിരുന്നു.

ക്ഷമിക്കണം എന്ന് പറഞ്ഞു തന്‍റെ കയ്യില്‍ നിന്നും ആ കുട്ടിയുടെ കൈ പിടിച്ചുമേടിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നത് അയാള്‍ കണ്ടു.

അയാളുടെ ചുണ്ടുകളില്‍ അവളുടെ പേര് വിറപൂണ്ടിരുന്നു.
വാക്കുകള്‍ പുറത്തേക്കു വരാതെ...

“വേഗം വരൂ..” മുകളിലത്തെ പടികളില്‍ നിന്നും ഭാര്യ വിളിച്ചു.

തിരിഞ്ഞു നോക്കി പടികള്‍ കയറുമ്പോള്‍ അവള്‍ കുട്ടികളേയും കൊണ്ട് ടൂ വീലറിന്‍റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. കണ്ണില്‍ നിന്നും മറയുന്ന അമ്മയും ഇരട്ടക്കുട്ടികളും...

ആ കാഴ്ച അയാളുടെ ഉറക്കത്തെ വീണ്ടും വീണ്ടും അലസോരപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രി എപ്പോഴോ അയാള്‍ ഉറങ്ങി.

“സാര്‍, വാതില്‍ ഒന്ന് തുറന്നെ സാര്‍...” രാവിലെ ജോലിക്കരന്‍റെ പരിഭ്രമം കലര്‍ന്ന വിളി അയാളെ ഉണര്‍ത്തി. മേശമേല്‍ ഇരുന്ന കണ്ണാടി എടുത്തു വെച്ച് അയാള്‍ വാതില്‍ തുറന്നു. അത് ചാരിയിരുന്നത്തെയുള്ളൂ.

“എന്തേ...”

“ഈ കുട്ടിയെ അറിയുമോ? ഇവിടെ വന്നിരുന്നു രണ്ടു മൂന്നു തവണ..” അന്നത്തെ പത്രം നീട്ടി ജോലിക്കാരന്‍ ചോദിച്ചു,.

അമ്മയും രണ്ടു കുട്ടികളും അപകടത്തില്‍ മരിച്ച വാര്‍ത്ത‍.
അയാള്‍ ആ പത്രം മടക്കി തളര്‍ച്ചയോടെ കട്ടിലില്‍ ഇരുന്നു.

ജോലിക്കാരന്‍ ഒരു കവറുമായി എത്തി.
“ഒരിക്കല്‍ ഈ കുട്ടി ഇവിടെ വന്നിരുന്നു. സാറുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ പിന്നീട് വരാം എന്നുംപറഞ്ഞു മടങ്ങി. രണ്ടാമത് ഒന്നുകൂടെ വന്നു ഈ കവര്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞു തന്നു.”

കവര്‍ അയാള്‍ക്ക് നേരെ നീട്ടി ഒരു കപ്പു ചായ മേശപ്പുറത്തു വെച്ചിട്ട് അയാള്‍ പോയി.

പത്രവാര്‍ത്തയിലും ആ കവറിലും അയാള്‍ മാറി മാറി നോക്കി. മെല്ലെ അയാള്‍ ആ കവര്‍ തുറന്നു.


“ബീഎം...

പല തവണ കാണണം എന്ന് കരുതി.
പിന്നെ വേണ്ട എന്ന് വിചാരിച്ചു.
എഴുതണം ഈന്നു കരുതി.
വിലാസം അറിയാമായിരുന്നിട്ടും മടിച്ചു.

എന്‍റെയുള്ളില്‍ നിന്‍റെ ജീവന്‍ തുടിച്ച നേരം.
ഒന്നല്ല, മൂന്ന് ജീവന്‍..
എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
വിഷമ ഘട്ടത്തില്‍ അവരില്‍ ഒരാളെ അവര്‍ മുറിച്ചു മാറ്റുകയും ചെയ്തു.
എല്ലാ വിഷമതകളും അതിജീവിച്ചു ഞാന്‍ രണ്ടു ജീവനുകള്‍ക്ക് ഊര്‍ജം പകര്‍ന്നു.
യദുവിനും ഋതുവിനും.
പാം ഗ്രോവിലെ സന്ധ്യകളെ കളിചിരികൊണ്ടു മുഖരിതമാക്കാന്‍ ഒരിക്കലും അവര്‍ വരില്ല. എന്നാലും നിന്നെ അറിയിക്കണം എന്ന് തോന്നി..

നിര്‍ത്തട്ടെ... “

മുന്നിലെ വഴിയിലൂടെ കടന്നുപോയ ആംബുലന്‍സ്..
ആ കാഴ്ച മറയും വരെ അയാള്‍ ജനാലയിലൂടെ നോക്കി നിന്നു,
എത്ര നേരം നിന്നു എന്നറിയില്ല.

പുറത്തിറങ്ങി..
ജോലിക്കാരനേയും കയറ്റി കാര്‍ റോഡിലൂടെ നീങ്ങി.
മരണം തൊട്ടടുത്താണെന്ന് വഴിവക്കിലെ കാഴ്ചകള്‍ പറഞ്ഞുകൊണ്ടിരുന്നു.

നിലവിളികള്‍ കേള്‍ക്കാത്ത അടക്കം പറച്ചിലുകള്‍ നിറഞ്ഞ ആള്‍കൂട്ടത്തിന്‍റെ നടുവില്‍ വെള്ള പുതച്ചു കിടത്തിയ അമ്മയും രണ്ടു കുഞ്ഞുങ്ങളും...

അയാള്‍ തിക്കിത്തിരക്കി ആ നിശ്ചല ശരീരങ്ങള്‍ക്കു മുന്നിലെത്തി. മൂന്നു പേരുടെയും കാല്‍പാദങ്ങളില്‍ അമര്‍ത്തിപ്പിടിച്ചു നിന്നു.. ഏറെനേരം.

എങ്ങും നിശബ്ദത
എല്ലാ മനസുകളിലും ഒരു ചോദ്യം ഉയരുന്നുണ്ടായിരുന്നു.
ഇതാരാണ്? ആരാവും??

പക്ഷെ, ആരും ഒന്നും ചോദിച്ചില്ല.

മെല്ലെ പുറത്തേക്കിറങ്ങി. ജോലിക്കാരനും കൂടെ എത്തി.
കാര്‍ മുന്നോട്ടെടുത്തു. വല്ലാത്ത വേഗം.
ജോലിക്കാരന് ചെറിയ ഭയം ഉണ്ടായിട്ടവാം “സാര്‍, പതുക്കെ...” അയാള്‍ പറഞ്ഞു,

പാംഗ്രോവിനു മുന്നില്‍ കാര്‍ നിര്‍ത്തി അയാള്‍ ഇറങ്ങി.
പഴ്സില്‍ നിന്നും കുറെ പണം എടുത്തു ജോലിക്കാരന്‍റെ കയ്യില്‍ തിരുകി വെച്ചുകൊടുത്തു.
അയാള്‍ വിസമ്മതിച്ചു. “വേണ്ട സാര്‍..”
“വേണം. വെച്ചോളൂ, ആ പിന്നെ, ഗേറ്റില്‍ ഒരു ബോര്‍ഡ് വെക്കണം. വില്‍പ്പനക്ക് എന്ന്. വരട്ടെ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കണം.”

അയാളുടെ കാര്‍ അകന്നു മറയുംവരെ ജോലിക്കാരന്‍ പാംഗ്രോവിന്‍റെ മുന്നില്‍ നിന്നു.






0 comments:

Post a Comment