• പണം കൊണ്ട് നീ സമ്പന്നനും സ്നേഹം കൊണ്ട് നീ ദരിദ്രനും ആണെന്നതിന് ഒരു മാറ്റെഴുതും ആവശ്യമില്ല .. സ്നേഹത്തിന്റെ തീഷ്നതയില്‍ ഒരുദിനമെങ്ങിലും പൊള്ളി ഉരുകി മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതാവാന്‍ ശ്രമിക്കു , ഇനിയെങ്ങിലും ...

  • അടുക്കി വെച്ച പുസ്തകങ്ങള്‍ക്കിടയില്‍ എന്നോ മാനം കാണാതെ ഒളിപ്പിച്ചുവെച്ച ഒരു മയില്‍പീലിത്തുണ്ടായിരുന്നോ നിനക്ക് ഞാന്‍? .

  • ഞാന്‍ ആ നനഞ്ഞ പുല്‍നാമ്പിലെ വെള്ളതുള്ളികളില്‍ ചവുട്ടി നഗ്നപാദയായി നിന്‍റെ അരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ തൊട്ടരികിലെത്തി നിന്നെ തൊട്ടുവിളിക്കാനായി, നിന്‍റെ തോളില്‍ കൈ ചേര്‍ക്കാനായി തുനിഞ്ഞു. പക്ഷേ... നീ തനിച്ചല്ലെന്ന സത്യം ഞാനപ്പോഴാണ്‌ അറിയുന്നത്...

  • വാഴയിലത്തണുപ്പില്‍, ചന്ദനവും എള്ളും പൂവും വാരിചൂടി, സുഗന്ധപൂരിതയായി, കുളിര്‍നെറ്റിയില്‍വലിയ സിന്ദൂരപൊട്ടുമായി (ചുവന്ന), മരണമെന്ന കച്ച പുതച്ചു ഞാന്‍പോയിടട്ടെ..?? അരികിലായ്‌തേങ്ങിക്കരയുവാന്‍ആരുണ്ടാവും...?? നീ കാണുമോ..?? കാണരുത്. നിന്‍റെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍പൊഴിയരുത്

  • നിന്നോടൊപ്പം ഞാന്‍ സഞ്ചരിച്ച തണല്‍ നിറഞ്ഞ അല്ലെങ്കില്‍ തിരക്കേറിയ വീഥികള്‍. കളിചിരി തമാശകള്‍ നിറഞ്ഞ ആ ഉച്ച നേരങ്ങള്‍ ഇനി എന്നെങ്ങിലും തിരികെ കിട്ടുമോ..? ഇല്ലെന്നു എന്നെപോല്‍ നിനക്കും അറിയാം ...ആ നേരങ്ങള്‍ ഇനി ഒരു നാളിലും മടങ്ങി വരവുണ്ടാവില്ല...?

  • കാലം തെറ്റി കണിക്കൊന്ന പൂത്തു. എന്തിനായിരുന്നു? (അറിയില്ല) നരച്ചുതുടങ്ങിയ മുടി എന്തോര്‍മിപ്പിച്ചു? (അറിയില്ല).അറിയും... പ്രായത്തെ. ചുളുങ്ങിയ തൊലിപ്പുറം എന്തിനെ ഓര്‍മ്മപ്പെടുത്തി? (അറിയില്ല). അറിയും... വാര്‍ദ്ധക്യത്തെ മനസ്സ് തളിര്‍ക്കുന്നതു എന്തോര്‍മിപ്പിച്ചു? (അറിയില്ല). അറിയും... ഇപ്പോഴും നീ പ്രണയിക്കാന്‍ മോഹിക്കുന്നു.

Saturday, 4 February 2023

Posted by Aami
No comments | 11:24

 


ഒരു തുടം  കണ്ണീർ
ഓരോ കണ്ണിലും

ബാക്കിയാക്കി

വിജനമാം  തീരവുമായ് 
ശാന്തമായൊഴുകുന്നു,(?)

അലകളൊടുങ്ങിയ  കടൽപോലെ
തിരകൾ  മറന്ന  കരപോലെ

ഒരൊറ്റ കമ്പിയിൽ
ജീവിതമെന്ന തൂക്കുപാലം 
 
പാപഭാരത്താൽ, രാത്രികളെ
കണ്ണീരിൽ കുതിർത്തു മോർബി 


തുരുമ്പിച്ച ഓർമകളിൽ
ചേതനയറ്റ 
 നൂറ്റി മുപ്പത്തിയാറ്
പ്രാണന്റെ തുടിപ്പുകൾ 

വിഷാദത്തിന്റ -  
ബാക്കിപത്രവും പേറി
ഒഴുകി നടക്കുന്ന 'മഛു'

നെടുവീർപ്പുകൾ മുങ്ങിയ
ഭീതിയുടെ  താഴ്വാരത്തേക്ക്
പിടി വിട്ടു നിലവിട്ടു -
പൊലിഞ്ഞ ജീവനുകൾ

മുകളിൽ അവശേഷിപ്പായി
ഉടയാടത്തുമ്പുകൾ

ഒറ്റ കമ്പിയിൽ
കാറ്റിലാടുന്ന -
തുരുമ്പു വീണ
സ്‌മൃതികൾ പേറിയ
കൊഴിഞ്ഞ ശലഭ ചിറകുകൾ

വേദന കാഴ്ചകൾ
കോർത്ത നേരങ്ങൾ

ആഴങ്ങളിൽ നിഗൂഢതകൾ
നിറഞ്ഞ ചുഴികൾ ഒളിപ്പിച്ചു

ഓർമ്മ പെടുത്തലിൻ 
നീറ്റൽ മാറാതെ,

മനസിന്റെ ഉള്ളറകളിലെ
വിതുമ്പുന്ന ഓർമ്മകളിൽ

കൂനകൂട്ടിയ അവശിഷ്ട്ട
ശേഷിപ്പുകളിൽ
ഓർമ്മച്ചിരാതുകൾ
തെളിയുമ്പോൾ 
ഇപ്പോഴും കഥമറന്നു
ശാന്തമായൊഴുകുന്നു,മഛു.

Wednesday, 25 January 2023

Posted by Aami
No comments | 05:18

 മരിച്ചാൽ  മറക്കുന്നവയാണോ

ജീവിതത്തിൽ  ബാക്കി -
ആയതൊക്കെ,
ഓർമ്മകളൊക്കെ..?

ഓർമ്മയിൽ തന്നെ
മുളച്ചു,മണ്ണടിഞ്ഞാലും
നീയെന്ന ഓർമ്മ-
ത്തീരത്തു ഞാൻകാണും 
 

എന്റെ അക്ഷരങ്ങളിൽ
നിന്റെ ഓർമ്മകളെ
എന്നിലെ നീയായും 
നിന്നിലെ ഞാനായും 
അടക്കം ചെയ്തിരുന്നു


മഴ നനഞ്ഞു  കുതിർന്ന
എന്റെ നോട്ടുബുക്കിൽ നിറയെ
നിന്റെ ഓർമ്മകളുടെ
ശേഷിപ്പായ വരികളായിരുന്നു

നനഞ്ഞു കുതിർന്നു
 മഷി പടർന്ന
താളിലൊക്കെ, നീ
അറിയാത്തൊരു -
പ്രണയം ശ്വാസം കിട്ടാതെ
നിലവിളിക്കുന്നുണ്ടായിരുന്നു

കിനാവുകൾ 
വിറ്റഴിക്കപ്പെടാത്ത
മനസ്സിലെവിടെയോ
തീക്കുണ്ഡം ജ്വലിക്കുന്ന
സ്വപ്നങ്ങളുടെ
ഘോഷയാത്രയായിരുന്നു
ഉറക്കത്തിലും
ഉണർവ്വിലും
തിരശീലയഴിച്ചിടുന്നത്

പൂതലിച്ചു കിടന്ന
ഓർമകളൊക്കെ
സംവത്സരങ്ങളോളം
വെയിലേറ്റ് തപിച്ചും
മഴയേറ്റു  കുതിർന്നും

തുരുമ്പിച്ച ഓർമ്മകളെ
ചികഞ്ഞെടുത്തു
മിഴിനീരിൽ  ജലധാര  തീർത്തു,
വാകച്ചാർത്തുകൾ
വസന്തം  വിരിയിക്കുംപോലെ 

നിഗൂഢതകൾ നിറഞ്ഞ
ആത്മാവിനെ
അന്തമില്ലാത്ത
പ്രതീക്ഷകളിൽകുടുക്കി
സൈദ്ധാന്തിക  വാദങ്ങളൊക്കെ
തകർത്തെറിഞ്ഞു
 വീണ്ടുമൊരു
 പ്രണയമഴയാവണം 

 അല്ലെങ്കിൽ 
ആത്മാവുറങ്ങുന്ന
നിഗൂഢമായ
വാത്മീകത്തിൽ
ഒരു മഞ്ഞു തുള്ളിയായ്
ഒളിച്ചിരിക്കണം .

വരും ജന്മങ്ങളിൽ
ഒരു പ്രണയമഴയായ്
പെയ്തിറങ്ങാൻ..


Published manorama

Thursday, 19 January 2023

Posted by Aami
1 comment | 23:26

 


അർത്ഥം ആവോളം
നിറഞ്ഞു കവിഞ്ഞ
ഒരു പദം "ഗൃഹലക്ഷ്മി "


കല്യാണ അടിയന്തിരങ്ങൾ
നൂലുകെട്ടു മുതൽ
വീടു കാണൽ  ചടങ്ങു വരെയും
അവൾ ഉണ്ടെങ്കിലും
അവളിലെ ചിന്ത  ഒരിക്കൽ പോലും
അവളിടങ്ങളിൽ  ആയിരുന്നില്ല.

സമയത്തിനു  എല്ലായിടവും
അവൾ ഓടിയെത്തേണ്ടിയിരുന്നു,

അവൾ താമസിച്ചു-
പോയാൽ  താളം തെറ്റുന്ന
വീടകങ്ങൾ ആയിരുന്നു എവിടെയും.

എല്ലാപേരുടെയും
ദൈനനംദിന ചര്യകൾ
തെറ്റിക്കാൻ പാടില്ലാത്ത
നിയമഫലകം  എന്നേ എഴുതി
കഴുത്തിൽ തൂക്കിയിട്ടു 
നടക്കാൻ വിധിക്കപ്പെട്ടവൾ 

പുലരും മുതൽ
രാത്രി ഉറങ്ങും വരെയും
അവിളിടങ്ങൾ ഇല്ലാത്തിടമില്ലായിരുന്നു

അടുപ്പിലെ പുകയേറ്റു
തപിക്കാനും,
വിളിപ്പുറത്തോടിയെത്താനും
മുഷിപ്പുകൾ  മാറ്റാനും
അലക്കി വെളുപ്പിക്കാനും
വെളുപ്പിച്ചതിന്റെ
ഉടവ് നിവർത്താനും
അവൾ വേണമായിരുന്നു

ചുവരിലെ  നാഴികമണിപോലും
അവളെ തോൽപ്പിക്കാനായി
പിറവിയെടുത്ത പോലെയാണ്  ഓട്ടം,


പ്രതിഷേധത്തിന്റെ
അലയൊലികൾ
കേൾക്കാൻ വിധി കല്പ്പിച്ചവൾ,
അടുക്കളയിലെ ഇല്ലായ്മകളിൽ
നീറുന്നതും അവൾ മാത്രം 

തെറ്റുകളും കുറ്റങ്ങളും
അവളിലേക്കടിച്ചേൽപ്പിച്ചു
 മറ്റുള്ളവർ  രക്ഷ തേടുമ്പോൾ
എതിർപ്പിന്റെ മുനയുള്ള
നോട്ടം പോലും  അന്യ, യായവൾ 


ആഗ്രഹങ്ങളും, പ്രതീക്ഷകളും 
മോഹങ്ങളും  ,
മൺകലത്തിലും
വറ  ചട്ടിയിലും 
തിളച്ചു വേകുമ്പോൾ
തൂവി പോകാതെ 
അടച്ച് വെക്കാറുണ്ട് 
അവളെന്നും .


കവിളിണകളിലെ 
തിണർത്ത പാടുകൾ
തണുത്ത വെള്ളത്തിൽ
കുതിർത്തു വെക്കാറുണ്ട്
.ചില നേരങ്ങളിൽ

തിളക്കം  മങ്ങിയ
അവളുടെ   കണ്ണുകളിൽ 
ഒരു പുഴയൊഴുകുന്നുണ്ട്
ആരുമറിയാതെ,


കാറും, കോളും
പ്രഷുബ്ധമാവുമോൾ
നനഞ്ഞ ഭിത്തിയിൽ
മുഖം ചേർത്തു
 പയ്യാരം  പറയാറുണ്ട്,
കേൾവിക്കാരില്ലാതെ 

അടുക്കള കോണിൽ
പഠിപ്പിന് കിട്ടിയ പുരസ്കാരങ്ങൾ
പൊടിപിടിച്ചിരുപ്പുണ്ട്

ട്രോഫികളൊക്കെ  രണ്ടായി-
പിളർത്തി, കുട്ടികൾ
മണ്ണുവാരി കളിച്ചും
മെഴുകുതിരി കത്തിച്ചുവച്ചും
ഇടക്കിടക്ക്  താളം പിടിച്ചും 
കൊട്ടി കളിച്ചും രസിക്കുന്നുണ്ട് ,.


ക്ലാവ് പിടിച്ച ഒരു ജോഡി
ചിലങ്കകൾ മുറിക്കോണിലെ 
പഴകിയ മണം മുറ്റിയ
അലമാരയിൽ ചിലമ്പിച്ചു 
തേങ്ങാറുണ്ട്, അവളുടെ ഉള്ളംപോലെ 

ഒരു കുയിൽ പിന്നാമ്പുറത്തെ
മാങ്കൊമ്പിലിരുന്നു
തല  താഴ്ത്തി നോക്കുന്നുണ്ട്
എതിർ പാട്ടു
കേൾക്കാത്തതെന്തെന്നു?

ഉച്ചിഷ്ട്ടം, ഇഷ്ട്ടത്തോടെഭഷിച്ചും
നേർത്ത നിലാവിലും
ഒരു തുലാവർഷ
പെയ്ത്തിലും തനു-  
വൊന്നു നനയാതെ,
മനസൊന്ന്  കുതിരാതെ, അവൾ 
 

അമ്മയെ പോലെ ചേർത്തും 
കാമിനിയെപ്പോലെ ഉമ്മവെച്ചും
കൂട്ടുകാരിയെപ്പോലെ
ഇണങ്ങിയും പിന്നെ പിണങ്ങിയും
അവളിടങ്ങളിൽ ആഴത്തിൽ....ആയിരുന്നിട്ടും
കിടപ്പറയിലെ  വലിച്ചെറിയപ്പെടുന്ന-
പുഴുക്കുത്തു വീണ ദാരൂശിൽപമായവൾ 


എന്നിട്ടും
 അശാന്തി നിറഞ്ഞ
ദിനാന്ത്യങ്ങൾ അലട്ടുമ്പോൾ
ഇടവപ്പാതി  " ചൂടിൽ"
ഞെട്ടിപിടഞ്ഞുണരുന്ന
നഗര  ഗന്ധങ്ങളിൽ
രാത്രി മുല്ലകൾ  പൂക്കുമ്പോൾ
അവളിലെ താപമിറക്കി- വയ്ക്കാനാവാതെ....

പഴയ കിനാക്കളെ
ആഴത്തിൽ കുഴിച്ചിട്ടു
നൈരന്തര്യത്തിന്റെ 
ചെറിയ തുരുത്തിലേക്കു
പൊട്ടക്കുളത്തിലെ
മണ്ടൂകമായി 
ചുരുങ്ങുന്നതും
അവളിടങ്ങൾ  ശൂന്യമാക്കാതെ
എന്നും അവൾ മാത്രം....
-------------------------------------_-----------------------------------
Published Manorama



.
























Posted by Aami
No comments | 23:23


ഓരോ  ഫോട്ടോക്ക്‌ പിന്നിലും 
ഒരു കഥയുണ്ടാവും,
മുന്നിലും.....

ഒരു ഫോട്ടോ ഗ്രാഫർടെ
ക്യാമറ വ്യൂവിൽ
എന്തൊക്കെ കാഴ്ചകൾ
ആവും ഫോക്കസ് ചെയ്യുക..?

മാറുന്ന കാലത്തിന്റെ 
ഒഴുക്കിനനുസരിച്ചു,
മാറുന്ന മുഖത്തിന്റെ 
ചുളിവുകൾ, ഘടനകൾ
മഷിപടർന്ന കണ്ണുകൾ
വെള്ളി നൂൽ പാകിയ
മുടിയിഴകൾ o
അർത്ഥവും, ഉച്ചാരണവും
വിവർത്തനവും ഒറ്റ ക്ലിക്കിൽ

അതുമല്ലെങ്കിൽ
കറുകത്തുമ്പിൽ
ഉതിർന്നു വീഴാനൊരുങ്ങുന്ന
കുഞ്ഞു ഹിമ കണത്തെ,

ചില്ലുജാലകത്തിലെ
കണ്ണീർ തുള്ളിയായി
ശേഷിക്കുന്ന, മഴത്തുള്ളികളെ

അതുമല്ലെങ്കിൽ
വാകച്ചാർത്തുകൾ
ഇലപൊഴിച്ച, മഞ്ഞു കാല
ഓർമ്മകൾ പേറുന്ന -
നഷ്ട്ടമായ രാജമല്ലി
കാഴ്ചകൾ ഒപ്പിയെടുത്ത
പൂപ്പൽ ചിതറിയ ഓർമ്മകളെ 


തെരുവോരം
പിഞ്ഞികീറിയ
കുട്ടിയുടുപ്പിട്ട
പാറിപറന്ന, മുടി-
യിഴകളോടെ, പശി-
യകറ്റാൻ പഴുതറിയാതെ
കയ്യിലെ നാണയതുട്ടിൽ
നോക്കിയിരിക്കുന്ന ബാല്യ
കാഴ്ചയാവും   കറുപ്പും വെളുപ്പും
നിറഞ്ഞ ഫോട്ടോക്ക് 
പ്രചോദനമായിട്ടുണ്ടാവുക.


അവളുടെയോ, അവന്റെയൊ
 രുചി മുകുളങ്ങളൊരിക്കലും 
അറിയാത്ത ലഡ്ഡുവും,ജിലേബിയും
മധുരിക്കുന്ന കാഴ്ചയെ,

ഐസ് ക്രീം നുണയാത്ത
ചുണ്ടുകളിൽഅവളെറിയാതെ -
യൊരു തണുപ്പിന്റെ 
നനവിറക്കുന്ന കൊതിപൂണ്ട നോട്ടത്തെ,

ഇറയത്തു തൂങ്ങിയാടുന്ന
 പുകയേറ്റ് തപ്പിച്ച
മഞ്ഞളിപ്പടർന്ന
ബ്ലാക്ക് ആൻഡ് വൈറ്റ്
കല്യാണ ഫോട്ടോയിൽ
നോക്കവേ, അച്ചന്റെ
ശൂന്യത അമ്മയുടെ
കണ്ണുകളെ  കുതിർക്കാറുള്ള കാഴ്ച 

ഒരു കറുത്ത കാലൻകുട
പൊക്കിയെടുക്കാൻ നോക്കുന്ന
ഒരു  വയസുള്ള വട്ടപൊട്ടുകാരി
കുസൃതി കണ്ണുകളോടെ
നുണക്കുഴി തീർത്ത
ചിരിയുമായി...
 ഫ്യൂജിക്യാമറയിൽ
ഒപ്പിയെടുത്ത ചിത്രം
തൊട്ടുതാഴെമിഴിവോടെ.

നനുത്ത മേനിയിൽ
അഴകോലും 
വെള്ളിയരിഞ്ഞാണ
കൂമ്പിൽ തെരുപ്പിടിപ്പിച്ചു
കരിമഷി പടർന്ന  കണ്ണുമായി
വട്ടകസേരയിൽ കൈ
ചുറ്റി മറ്റൊരോർമ്മയുണർത്തും
പഴയകാല ചിത്രം

മുല്ലപ്പൂവ്  കെട്ടിയ മുടിച്ചുരുൾ,
വിടർത്തിയ പാവാടക്കാരിയെയും 
 പൊടി മീശക്കാരനെയും, ഒക്കെ   
ഓർമ്മകളുടെ
ഓരത്തേക്ക് കൈപിടിച്ച്
ഇന്നും നടത്തുന്ന
ഫീൽഡ് ക്യാമറയിൽ
പതിഞ്ഞ സ്കൂൾ  ഗ്രൂപ്പ്‌ ഫോട്ടോ.


പാട്ടുപാവാട  ഞൊറിയിട്ടു 
ശാലീന  സൗന്ദര്യം 
ഒപ്പിയെടുത്ത നാടൻ ചേലിനു
മധുര പതിനേഴിനഴക് തീർത്ത
ഓട്ടോമാറ്റിക് ക്യാമറ.

മുറ്റത്തെ കണിക്കൊന്നയിൽ
കൈ  ചുറ്റി, കവിത വിരിഞ്ഞ
കണ്ണുകൾ കൂമ്പിയ
ആദ്യത്തെ ദാവണിയഴക്
 ഈസ്റ്റുമാൻ  കളറിൽ
ഒട്ടും മങ്ങാതെ കാലത്തിന്റെ
ശേഷിപ്പായി ഇന്നും.

വാകപ്പൂവുകൾ മഞ്ഞ
പരവതാനി  വിരിച്ച
വഴിയിലെ ആദ്യ സമാഗമം
ഐറിഷ് ഡെപ്ത്തിൽ ഒപ്പിയെടുത്തതു 
ഒരുപ്രേമം മൊട്ടിടാൻ
തുനിയുന്ന  അനർഘ
നിമിഷത്തിൻ
ഓർമ്മപൂവായി വാടാതെ
ശേഷിക്കുന്നു.

നാളുകൾ കഴിഞ്ഞു
നിവർത്തു നോക്കുമ്പോൾ
പതിനാറിന്റെയും, പതിനേഴിന്റെയും
ശോണിമ കവിളിൽ തീർക്കുന്ന
നാണത്തിൽ  പൊതിഞ്ഞ ടീനേജ്.


ഒരു പെണ്ണുകാണൽ
ചടങ്ങിന് മുന്നോടിയായി
നീലവിരിയിട്ട ജാലക
കോണിൽ നഖമുനയാൽ
കളം  വരച്ചു  ദാവണി തുമ്പ്
കടിച്ച്, വാചലമായ
കണ്ണിൻ ഒളിഞ്ഞു നോട്ടം
 ടൈമർ ക്യാമറയിൽ
ഒപ്പിയെടുക്കാൻ തോന്നിച്ച
അനർഘ നിമിഷം
ഓർമ്മകളെ തൊട്ടുണർത്താറുണ്ട്.

ചോര ചിന്തിച്ച
കാതു  കുത്തിൻ
വേദനയെ ഒപ്പിയെടുത്ത
ട്വിൻ ലൻസ് റീഫ്ളക്സ് ക്യാമറ

മോതിരം മാറുമ്പോൾ
സിംഗിൾ ലെൻസ് റിഫ്ലെക്സ്-
ക്യാമറ പകർത്തിയ 
ആദ്യനാണവും രോമഹർഷവും
നിറയുന്ന കണ്ണിലെ
നാണത്തിന്റെ നെയ്യ് വിളക്കുകൾ


ഒരു സ്വർണ തളികയിൽ
കല്യാണ പുടവ, കാൽ  തൊട്ടു
വാങ്ങുമ്പോൾ
ഒറ്റ നോട്ടത്തിൽ ഒളിപ്പിച്ച
കള്ളനാണം ഒപ്പിയെടുക്കുന്ന
കാൻഡിഡ് ഫോട്ടോഗ്രഫി.

ആദ്യ ചുംബനം
അവസാന ചുംബനം
കറപ്പും വെളുപ്പും 
 അഴകിൽ നിന്നും
വർണ്ണ വൈവിധ്യ-
ങ്ങളിലേക്കുള്ള കുടമാറ്റം.

നാളെ ഓർമ്മകളുടെ
പടിക്കെട്ടിൽ  അവശേഷിപ്പിച്ചു
പോകുന്ന മരണമില്ലാത്ത
ചിത്രങ്ങൾ
കറുപ്പിൽ, വെളുപ്പിൽ
സപ്ത വർണ്ണങ്ങളിൽ
ടെക്‌നോളജിക്കൊപ്പം
ഡിജിറ്റിലൈസേഷനായി
നിറയട്ടെ എന്നും ഓർമ്മപ്പൂക്കളായി
***********************************


Publishef Asianet
Publushed manorama


Friday, 6 January 2023

Posted by Aami
No comments | 08:59

 ചില പോസ്റ്റുകൾ പൂർത്തിയാക്കാൻ

കഴിഞ്ഞിട്ടില്ല,

Posted by Aami
No comments | 08:56

 അവൾ ഒരു വിഡ്ഢി ആയിരുന്നു

നോവുകളെ മറച്ചു  പിടിച്ചു 

ഏകാന്തതയിലെ  നോവുകളെ 

നെഞ്ചിലേറ്റി

ഹൃദയം നുറുങ്ങുവോളം

വേദനിപ്പിക്കുന്ന ചിലർ

മാനത്തിന് നാണയ തുട്ടുകൾ

എറിഞ്ഞു കൊടുത്തു

അഴിഞ്ഞു വിഴുന്ന ഉടയാടകളിൽ

സദാചാരം ഇരുളിൽ മറഞ്ഞുനിന്നു

ഒഴുകി ഉരുകിയ വിയർപ്പിൽ

നനയുന്ന വഴിയോരങ്ങൾ

ഇരുൾ വേശ്യക്കു  പറുദീസ

അവളുടെ ഉന്മാദങ്ങളിൽ

മുഖം  അമർത്തുമ്പോൾ

അവിടെ  നിറയുന്നത്

വിഴുപ്പിന്റെ കെട്ട നാറ്റം









Posted by Aami
No comments | 08:56

  പെണ്ണ്  എന്നാൽ

എന്തായിരിക്കും,...?

നിനക്ക് അറിയാത്ത

നിഗൂഢതകളുടെ  ഒരു 

കൊട്ടാരംആയിരിക്കും...

ഒരു തൂവൽ പോലെ മനസ്

എന്നു തോന്നിപ്പിക്കും

എന്നാൽ എല്ലാ കുതന്ത്രങ്ങളും

അവളിൽ നിഷിപ്തം ആയിരിക്കും

കൂടെ കരയും, കൂടെ ചിരിക്കും

ഉൻമാദത്തിന്റെ കോട്ടകളൊ‌ക്കെ 

അവൾ തകർക്കുമായിരിക്കും

രതിസുഖം നിരവധി

നിറഞ്ഞൊഴുകിയാലും

ആണിന്റെ കണ്ണിലേക്ക്‌

ഉറ്റു നോക്കി

ഊറിച്ചിരിക്കുമായിരിക്കും