സൂർ
പുറത്തൊരു മഴ പെയ്യുന്നുണ്ട്, വേനൽ മഴ യാണ്. ഭൂമിയെ തണുപ്പിക്കാനായി,മനസിലും ഒരു മഴ പെയ്യുന്നുണ്ട് ഒരു തീമഴ, ഒരു ഹിമ കണത്താലും തണുപ്പിക്കാൻ പറ്റാത്തൊരു മഴ, ആ മഴ യുടെ ചൂടിലാണെന്റെ മനസ്.
എഴുതാൻ കൈ കൾക്ക് ബലമില്ല, കുറെ
ദിവസങ്ങളായി മരുന്നുകളുടെ ലോകത്താണ്. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ കുത്തി മുറിവേല്പിച്ചു കൈയിലെ നീല ഞരമ്പുകൾ കാണാതായിരിക്കുന്നു.
കുത്തിയിറക്കുന്ന വേദന സംഹാരികൾക്ക് എന്റെ വേദനയെ ശമിപ്പിക്കാൻ കഴിയുന്നില്ലന്ന് എനിക്കു മാത്രമേ അറിയുള്ളു.
ഗുൽമോഹറുകൾ ചുവന്ന പൂക്കൾ പൊഴിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇനി മരുഭൂമിയിൽ പോലെ ആടി തിമിർക്കാൻ വേനലാവും ബാക്കി യാവുക.
ബന്ധങ്ങൾ ബന്ധനങ്ങൾ ആയിപോകുന്ന അവസ്ഥ. എഴുതിയ വരികൾ ചിലപ്പോൾ അനുഭവങ്ങളുടെ ഒരു തീവ്രത.... എഴുതുന്നത് കഥയോ, കവിതയോ ആവില്ല, അനുഭവങ്ങളുടെ ഒരു തീരാ പ്രവാഹം.അവിടെ വിഷയങ്ങളുടെ ദാരിദ്ര്യം ഒട്ടുമില്ല.
കാഴ്ചപ്പാടുകൾ ഇന്നലെ വരെ വിചിത്രമായിരുന്നു, ഇന്നതിലേറെ പൂർണ്ണത തേടി അലഞ്ഞ് തിരിയുന്നു, മനസ്സുപോലെ!തീർന്നു പോകുന്ന മനുഷ്യ ജന്മങ്ങൾക്കും, ബന്ധങ്ങൾക്കും ഇടയിലെ ഊഷ്മളമായ ചില വേരോട്ടങ്ങൾ എനിക്കിന്നും അന്യമാകുന്നു.അത് കൊണ്ട് തന്നെ
ഒരു ലക്ഷ്മണ രേഖയ്ക്കുള്ളിലാണ്, അതിൽ നിന്നു പുറത്തു കടക്കാൻ കഴിയാതെ നാല് ദിക്കിലേക്കും നോക്കി നിൽപ്പാണ്, സഹായ ഹസ്തങ്ങൽ നീണ്ടു വരാറുണ്ട് പക്ഷേ കൈപിടിക്കാൻ പേടിയാണ്. ഈ ലക്ഷ്മണരേഖ മുറിച്ചു കടന്നാൽ പിന്നെ എന്താവും എന്നറിയില്ല.അത് കൊണ്ട് തന്നെ പൊട്ടക്കുളത്തിലെ മണ്ടൂകമായി ഇന്നും തുടരുന്നു. പാടി നിർത്തിയ വരികൾ മറന്നും, എഴുതാൻ മറന്ന വാക്കുകളും പിടികിട്ടാതെ മറവിയിൽ നിർത്തുന്നു.
ഇനിയും തുടരാൻ ഏറെ ബാക്കി യാവുന്നു



0 comments:
Post a Comment