നിന്റെ പ്രണയത്തിനു
ചിറകു മുളച്ചു,
പുല്ലാഞ്ഞികൾ പൂത്തുലഞ്ഞ
മഞ്ഞിൻ മേടകളിലൂടെ
രാവിനെ മാറോടു ചേർത്തുപിടിച്ചു
വേനലിലെ കുളിർമഴയായ് -
ഒരു ചന്ദന മുകിലിനൊപ്പമാണ് നീ
നിന്റെ കൈയെത്തും ദൂരെ
ആർത്തലച്ചു ഒഴുകിയിരുന്നു..
പറഞ്ഞു തീർന്നതിനപ്പുറം ഇനി -
പറയാൻ വാക്കുകൾ അവിശേഷിപ്പിക്കാതെ
പിൻതിരിഞ്ഞു നോക്കാതെ നീ!
ഇമകൾ ഇറുകെ പൂട്ടിനോക്കി
നിന്നെ മറക്കുവാൻ, പക്ഷേ
എത്ര മുറുകെ തഴുതിട്ടും
നിശ്ബ്ദ പാദ പതനത്തോടെ
ഓടി കയറാൻ എനിക്കു
നിന്റെ മനസ്സ് മാത്രമാണ് ബാക്കി.
ഇനിയും എനിക്കന്യ മായ വഴിയിലെ
നിന്റെ ഓർമ്മ താഴ്‌വാരങ്ങളിൽ
എന്റെ പ്രണയവിത്തുകൾ
മാത്രം മുളക്കാൻ പാകത്തിൽ
നീ മൂടി വച്ചിരിക്കുന്നു,
ഇനിയും ചന്ദനമുകിലായ് അലയാതെ.
ഓർമ്മകൾ ഒടുങ്ങിയെന്നു -
കരുതുമ്പോഴും നിന്റെ നുറുങ്ങോർമ്മകൾ
പിന്നെയും, കിനാവിന്റെ വാതിൽ
തള്ളി തുറന്നെന്നിലേക്ക്
കിനിഞ്ഞിറങ്ങുന്ന തേൻ തുള്ളിയാവുന്നു
നിന്റെ ശൂന്യത ഒക്കെ എന്നിൽനിറച്ചതു
ഓർമ്മകളുടെ ഇട നാഴിയിൽ
നീ അവശേഷിപ്പിച്ചു പോയ
നിന്റെ ചിതലരിച്ച ഓർമ്മകളായിരുന്നു!!!!



0 comments:
Post a Comment